ടെഹ്‌റാന്‍: ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ മതഭരണകൂടം അതിക്രൂരമായ ശിക്ഷാ നടപടികളാണ് നടപ്പിലാക്കുന്നത്. ഇറാനില്‍ ആളുകളെ തൂക്കുമരങ്ങള്‍ക്ക് പകരം ക്രെയിനുകളിലാണ് തൂക്കിലേറ്റുന്നത്. രക്തരൂക്ഷിതമായ ആക്രമണങ്ങളിലൂടെ ആയിരക്കണക്കിന് പ്രക്ഷോഭകരെയാണ് സൈനികര്‍ കൊന്നൊടുക്കിയത്. കൂടാതെ ഇവര്‍ വധിച്ചവരുടെ മൃതദേഹങ്ങളും ചിത്രങ്ങളും വ്യാപകമായി പുറത്തു വിട്ടിട്ടുണ്ട്.

വ്യാവസായിക തലത്തില്‍' വധശിക്ഷ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭ മുമ്പ് ആരോപിച്ച സുപ്രീം നേതാവ് അലി ഖമേനിയുടെ നേതൃത്വത്തിലുള്ള പുരോഹിതന്മാര്‍, ഇപ്പോള്‍ വന്‍തോതില്‍ ആക്ടിവിസ്റ്റുകളെ പിടികൂടിയ ശേഷം വധശിക്ഷകളുടെ ഒരു പരമ്പര തന്നെയാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റിലായ എര്‍ഫാന്‍ സോള്‍ട്ടാനി ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വ്യക്തിയാകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 36 വര്‍ഷമായി രാഷ്ട്രത്തിന്റെ പരമോന്നത നേതാവായ ഖമേനിയുടെ ഭരണത്തിന്‍ കീഴില്‍, ലോകത്തിലെ ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇറാന്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2024 നെ അപേക്ഷിച്ച് 2025 ല്‍ ഇരട്ടിയിലധികം വധശിക്ഷകള്‍ രാജ്യത്ത് നടപ്പിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ തുടക്കം വരെ കുറഞ്ഞത് 1,500 വധശിക്ഷകളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ മനുഷ്യാവകാശ സംഘടന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇവിടുത്തെ വധശിക്ഷാ രീതികള്‍ ക്രൂരവും വിചിത്രവുമാണ്. ഫയറിംഗ് സ്‌ക്വാഡുകള്‍ക്ക് മുന്നില്‍ നിര്‍ത്തുന്നത് മുതല്‍ വലിയ ഉയരങ്ങളില്‍ നിന്ന് എറിയുന്നത് വരെ ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ ഏറ്റവും സാധാരണമായ രീതി തൂക്കിക്കൊല്ലലാണ്. എന്നാല്‍ ഇതില്‍ ഏറ്റവും ക്രൂരമായ രീതികളാണ് ഇവര്‍ അവലംബിക്കുന്നത്. ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ വധശിക്ഷ നടപ്പിലാക്കുന്നത് തൂക്കിക്കൊലയിലൂടെയാണ്. ഈ രാജ്യങ്ങളില്‍ തൂക്കുമരങ്ങള്‍ നിര്‍മ്മിക്കുന്നത് ആളുകള്‍ സെക്കന്‍ഡുകള്‍ കൊണ്ട് മരിക്കുന്ന സംവിധാനമായിട്ടാണ്. എന്നാല്‍ ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മൊബൈല്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് തൂക്കിക്കൊല്ലുന്നത്. തൂക്കുമരത്തില്‍ ഒരാള്‍ പെട്ടെന്ന് മരിക്കുന്നതിന് പകരം ക്രെയിനില്‍ കെട്ടിത്തൂക്കി ഇഞ്ചിഞ്ചായിട്ടാണ് ഇറാനില്‍ ആളുകളെ കൊല്ലുന്നത്. ഒരു വ്യക്തി ഇരുപത് മിനിട്ടോളം കഠിനമായ പീഡനം അനുഭവിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ വധശിക്ഷക്ക് വിധേയരാകുന്നത്.

ഫലത്തില്‍ ഒരു തല്‍ക്ഷണ മരണത്തിന് പകരം, തടവുകാരെ കഴുത്തു ഞെരിച്ച് കൊല്ലുന്നതാണ് ഈ രീതി. ഇരകള്‍ അവസാന ശ്വാസം വരെ വേദന കൊണ്ട് പുളഞ്ഞാണ് മരിക്കുന്നത്. ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നത് കാണാന്‍ ചിലപ്പോള്‍ ജനക്കൂട്ടത്തെ ക്ഷണിക്കാറുണ്ട്. ഈ ഭയാനകമായ രംഗങ്ങള്‍ ടെലിവിഷനില്‍ പോലും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇറാനിയന്‍ പീനല്‍ കോഡ് അനുസരിച്ച്, തൂക്കിക്കൊല്ലല്‍, ചാട്ടവാറടി, അവയവം ഛേദിക്കല്‍, കുരിശിലേറ്റല്‍ തുടങ്ങിയ ശിക്ഷാരീതികളും ഉണ്ട്. കുറ്റവാളിയായ ഒരു കൊലയാളിയെ ഒരു ജനക്കൂട്ടത്തിന്റെ മുന്നില്‍ പരസ്യമായി ഒരു ക്രെയിനില്‍ നിന്ന് തൂക്കിലേറ്റിയ നിമിഷം ഭയാനകമായ വീഡിയോകളും ചിത്രങ്ങളും കാണിച്ചിരുന്നു.

വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ ചുറ്റും കൂടിയിരിക്കുന്നതായി വീഡിയോയില്‍ കാണാം. ആളെ തൂക്കിലേറ്റിയപ്പോള്‍, ജനക്കൂട്ടം കൈയടിക്കുകയും സന്തോഷത്തോടെ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നത് കാണാം. കൂടാതെ ആളുകളെ കല്ലെറിഞ്ഞ് കൊല്ലുന്നതും ഇറാനിലെ ശിക്ഷാരീതിയാണ്. 1980 മുതല്‍ 150 ഓളം പേരെ ഇത്തരത്തില്‍ ഇവിടെ കൊലപ്പെടുത്തിയിട്ടുണ്ട്.

ഇത് നിര്‍ത്തലാക്കി എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത് എങ്കിലും ഇപ്പോഴും തുടരുകയാണ് എന്നാണ് പറയപ്പെടുന്നത്. കൂടാതെ സ്ത്രീകളെ നിരന്തരമായി വധശിക്ഷക്ക് വിധിക്കുന്നതും ഇവിടെ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം 38 സ്ത്രീകള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.