മിയാമി: അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വിചിത്രമായി പെരുമാറിയതിനെ തുടർന്ന് രണ്ട് 'ഒൺലിഫാൻസ്' മോഡലുകളെ യാത്രയിൽ നിന്ന് പുറത്താക്കുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാനിയ ബ്ലാഞ്ചാർഡ് (34), ജോർദാൻ ലാൻട്രി (31) എന്നിവർ മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് ജനുവരി ഒമ്പതിനാണ് സംഭവം. കസ്റ്റഡിയിലെടുത്തതിന് ശേഷമുള്ള ഇവരുടെ വിചിത്രമായ പെരുമാറ്റം ഉൾപ്പെടുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം സീറ്റുകളല്ലാതിരുന്നിട്ടും മോഡലുകൾ ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ ഇരിക്കുകയായിരുന്നു. സീറ്റിൽ നിന്ന് മാറി സ്വന്തം സീറ്റുകളിലേക്ക് മാറാൻ വിമാനജീവനക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അനുസരിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ഇവർ മദ്യപിച്ചിരുന്നതായും അമേരിക്കൻ എയർലൈൻസ് ഉദ്യോഗസ്ഥർ ആരോപിച്ചു. തുടർന്ന് ഇവരെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പോലീസ് കൊണ്ടുപോകുമ്പോഴും ഇവർ വിചിത്രമായ രീതിയിലാണ് പെരുമാറിയത്. ലാൻട്രി പങ്കുവെച്ച ഒരു വീഡിയോയിൽ, ശരിയായ സീറ്റിലല്ലാത്തതിനാൽ തന്നെ പുറത്താക്കുകയാണെന്ന് സാനിയ ബ്ലാഞ്ചാർഡ് ഉറക്കെ പറയുന്നത് കേൾക്കാം.

നെഞ്ചിലും പാന്റിന്റെ പിൻഭാഗത്തും 'സൈക്കോ' എന്ന് എഴുതിയ ചുവന്ന ട്രാക്ക് സ്യൂട്ടായിരുന്നു സാനിയ ധരിച്ചിരുന്നത്. ഉദ്യോഗസ്ഥർ കൊണ്ടുപോകുമ്പോൾ വഴിയിൽ വെച്ച് സാനിയ 'സ്പ്ലിറ്റ്സ്' ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇത് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. തനിക്ക് കുറച്ച് യോഗ ചെയ്യേണ്ടി വന്നുവെന്ന് സാനിയ ഈ സമയം ഉദ്യോഗസ്ഥരോട് പറയുന്നുമുണ്ട്. എയർപോർട്ടിൽ ഇത് കണ്ടുനിന്നവർക്ക് ഈ പെരുമാറ്റം അത്ഭുതകരമായിരുന്നു.

മോഡലുകൾ ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ നിന്ന് മാറാൻ വിസമ്മതിച്ചെന്നും മദ്യപിച്ചിരുന്നെന്നും അറസ്റ്റ് സത്യവാങ്മൂലത്തിൽ പറയുന്നു. മിയാമിയിലെ ടർണർ ഗിൽഫോർഡ് നൈറ്റ് കറക്ഷണൽ സെന്ററാണ് ഇവർക്കെതിരെ കേസെടുത്തത്. ഈ സംഭവത്തിന്റെ വീഡിയോകൾ, പ്രത്യേകിച്ച് മോഡലുകൾ തന്നെ പങ്കുവെച്ചവ, വ്യാപകമായി പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തു.