തിരുവനന്തപുരം: ആര്യാ രാജേന്ദ്രന്‍ മേയറായിരുന്നപ്പോള്‍ എല്‍ഡിഎഫ് ഭരണസമിതി കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഒഴിവാക്കിയ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി ഭരണ സമിതി. ഇതോടെ കോര്‍പറേഷനില്‍ എല്‍ഡിഎഫ് ബിജെപി തര്‍ക്കം വീണ്ടും മുറുകുകയാണ്. 1940ല്‍ കോര്‍പറേഷന്‍ രൂപികരിച്ച നാള്‍ മുതല്‍ മേയറുടെ ഡയസിനു പിറകില്‍ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ചിത്രം മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ അവസാനനാളുകളിലാണ് നീക്കം ചെയ്തത്. ആ സ്ഥാനത്ത് മഹാത്മാഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയായിരുന്നു. ഇതില്‍ ബിജെപി പ്രതിഷേധം ഉന്നയിച്ചെങ്കിലും ചിത്രം തിരികെ സ്ഥാപിക്കാന്‍ എല്‍ഡിഎഫ് ഭരണസമിതി തയ്യാറായിരുന്നില്ല.

ഇപ്പോള്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തതിനുപിന്നാലെ ചിത്രം തിരികെ സ്ഥാപിച്ചിരിക്കുകയാണ് ബിജെപി. മഹാത്മാഗാന്ധിയുടെയും ചിത്തിരതിരുനാളിന്റെയും ചിത്രം അടുത്തടുത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ എതിര്‍പ്പുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെ വിവാദങ്ങള്‍ വീണ്ടും കൊഴുത്തു. ചിത്രം മുന്‍പ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മേയര്‍ വിവി രാജേഷ് പറഞ്ഞു.കോര്‍പ്പറേഷന്‍ ഇലക്ഷനില്‍ ഭരണം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും വികെ പ്രശാന്ത് എംഎല്‍എയും തമ്മിലുണ്ടായ തര്‍ക്കം വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. തുടര്‍ന്ന് ഇലക്ട്രിക് ബസുകളുടെ സര്‍വീസിനെ ചൊല്ലി കെഎസ്ആര്‍ടിസിയും കോര്‍പ്പറേഷനും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവാദം.

മുന്‍പ് ചിത്രം മാറ്റിയപ്പോള്‍ ബിജെപി ഉയര്‍ത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാന്‍ എല്‍ഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. 1940 ല്‍ കോര്‍പറേഷന്‍ രൂപീകരിച്ചതു മുതല്‍ മേയറുടെ ഡയസിനു പുറകില്‍ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ അവസാന നാളിലാണ് നീക്കം ചെയ്തത്. ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോട്ടോ മാറ്റണമെന്ന് എല്‍ഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ അന്തരീക്ഷം കലുഷിതമായി. ചിത്രം മുന്‍പ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു.