ന്യൂഡല്‍ഹി: പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന്റെ (I-PAC) ഓഫീസുകളിലെ ഇ ഡി റെയ്ഡുകളുമായി ബന്ധപ്പെട്ട കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ബംഗാള്‍ സര്‍ക്കാരിന്റെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തടസ്സപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ബംഗാള്‍ പോലീസ് ഫയല്‍ ചെയ്ത എഫ്‌ഐആറുകളിലെ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ജനുവരി-8 ലെ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.

കേന്ദ്ര ഏജന്‍സി അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയച്ചു. കുറ്റവാളികള്‍ക്ക് സംസ്ഥാന ഏജന്‍സികള്‍ സംരക്ഷണം നല്‍കാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിഷയം പരിഹരിച്ചില്ലെങ്കില്‍ അത് നിയമവ്യവസ്ഥ തകരാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മമതക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന പൊലീസ് എടുത്ത കേസും കോടതി സ്റ്റേ ചെയ്തു. റെയ്ഡിനിടെയുള്ള സി സി ടി വി ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു. അതേസമയം കേന്ദ്ര ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പുകളിലിടപെടരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്‍കി. എന്നാല്‍ ഇതാരോപിച്ച് അന്വേഷണം തടസ്സപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്രയും വിപുല്‍ പഞ്ചോളിയും ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. വിഷയത്തില്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നിയമവാഴ്ച ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും വിശദമായ ജുഡീഷ്യല്‍ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. മമത ബാനര്‍ജിക്കെതിരെയും പശ്ചിമ ബംഗാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതികരണവും കോടതി ആരാഞ്ഞു. കഴിഞ്ഞ ആഴ്ച കല്‍ക്കരി കള്ളക്കടത്ത് പണമിടപാട് കേസില്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ (ഐ-പാക്) ഓഫീസില്‍ ഇഡി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി മമത ബാനര്‍ജി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോടൊപ്പം ഇഡി ഉദ്യോഗസ്ഥരെ നേരിട്ടെന്നും, പരിശോധനയ്ക്കിടെ ചില രേഖകള്‍ മുഖ്യമന്ത്രി മാറ്റിയെന്നും ഇത് അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു.

ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയും ഏജന്‍സിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തതായി ഇഡി ആരോപിച്ചു. സംസ്ഥാന ഭരണകൂടം പലതവണ അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും സഹകരിച്ചില്ലെന്നും ഏജന്‍സി പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രഹസ്യ രാഷ്ട്രീയ വിവരങ്ങള്‍ ലഭിക്കാനുള്ള നിയമവിരുദ്ധമായ ശ്രമമാണ് ഇഡിയുടെ റെയ്ഡ് എന്നാണ് മമത ബാനര്‍ജിയുടെ ആരോപണം.

കല്‍ക്കരി കള്ളക്കടത്ത് കേസിന്റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ മേധാവിയും ഐ പാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്റെ വസതിയും ഓഫീസും ഇ ഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഡി ജി പിക്കും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കുമൊപ്പമെത്തി മമത ബാനര്‍ജി രേഖകള്‍ തട്ടിയെടുത്തെന്നും, ഒരു ഇ ഡി ഉദ്യോഗസ്ഥന്റെ ഫോണ്‍ മോഷ്ടിച്ചെന്നും ഏജന്‍സി സുപ്രീംകോടതിയില്‍ വാദിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഈ കേസ് ആദ്യം വന്നപ്പോള്‍ ടി എം സിയുടെ അഭിഭാഷക സെല്‍ സംഘടിച്ചെത്തി വാദം തടസപ്പെടുത്തിയെന്നും ഇ ഡിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

സി ബി ഐക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തട്ടിയെടുക്കാനാണ് ഇ ഡി നോക്കിയതെന്ന് മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും വേണ്ടി ഹാജരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ് വി എന്നിവര്‍ തിരിച്ചടിച്ചു. ഹൈക്കോടതി വിഷയം കേട്ടാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. വാദം കേട്ട ജസ്റ്റിസുമാരായ പി കെ മിശ്ര, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ബംഗാളിലെ സംഭവവികാസങ്ങള്‍ ഏറെ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചു.

സംസ്ഥാന ഏജന്‍സികള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്തിയ വിഷയമാണിത്. പരിഹരിച്ചില്ലെങ്കില്‍ അരാജകത്വത്തിലേക്ക് നയിക്കും. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. എന്നാല്‍ പാര്‍ട്ടി അവകാശം മറയാക്കി അന്വേഷണം തടസപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. മൂന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കോല്‍ക്കത്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും പുറമെ കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിന്റെ ഫലം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും.