തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിയാണ് എസ് ഐ ടി അറസ്റ്റ് രേഖപ്പെടുത്തിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിലവില്‍ ജയിലില്‍ കഴിയുന്ന തന്ത്രിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെയെത്തിയാണ് പുതിയ കേസില്‍ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ വിഗ്രഹങ്ങളില്‍ സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കൂടുതല്‍ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിളപ്പാള്ളി കേസിലെ അറസ്റ്റ് രേഖപ്പെടുത്തിയ അതേ കുറ്റങ്ങള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

തന്ത്രിക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്നാണ് എസ് ഐ ടി, കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. സ്വര്‍ണം ചെമ്പാക്കിയ വ്യാജ മഹസറില്‍ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. ദ്വാരപാലക പാളിയും കട്ടിളപ്പാളിയും പോറ്റിയുടെ പക്കല്‍ കൊടുത്തിവിടാനുള്ള തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നല്‍കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളികള്‍ മാറ്റുന്നതിനായി 'അനുജ്ഞാ കലശം' നടത്തിയത് തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങളിലെ സ്വര്‍ണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഈ സ്വര്‍ണം കൈമാറാന്‍ തന്ത്രി അനുവാദം നല്‍കിയത്. സ്വര്‍ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നും ഇത് ഗുരുതരമായ ആചാര ലംഘനമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ശബരിമലയില്‍ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി എസ്‌ഐടി സംശയിക്കുന്നു. തന്ത്രിയുടെ വീട്ടില്‍ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. ഇത് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

ശബരിമലയില്‍ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിധിയിലാക്കിയിരുന്നു. തന്ത്രിയുടെ വീട്ടില്‍ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയില്‍ നല്‍കിയതോടെയാണ് അന്വേഷണം നീളുന്നത്. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ് ഐ ടി ചോദ്യം ചെയ്തു. 1998 മുതല്‍ 2025വരെയുള്ള കാലഘട്ടങ്ങളില്‍ നടന്ന കാര്യങ്ങള്‍ നാല് ഘട്ടമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്.

കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തില്‍ നിന്നും മാറ്റിയ വാചിവാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്കാണ് ബോര്‍ഡ് കൈമാറിയത്. സ്വര്‍ണകൊള്ള വിവാദം ഉയര്‍ന്നപ്പോള്‍ വാജിവാഹനം തിരികെ നല്‍കാമെന്ന് തന്ത്രി മുന്‍ ബോര്‍ഡിനെ അറിയിച്ചുവെങ്കിലും തിരികെവാങ്ങാന്‍ ബോര്‍ഡ് തയ്യാറായില്ല. പ്രയാറിന്റെ ഭരണ സമിതികൂടി അന്വേഷണ പരിധിയില്‍ വരുമ്പോള്‍ അന്വേഷണ സംഘം തേടുന്ന കാര്യങ്ങള്‍ നിരവധിയാണ്.