മലപ്പുറം: വണ്ടൂര്‍ വാണിയമ്പലം തൊടിയപുലത്ത് കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതേ വിദ്യാലയത്തിലെ 16കാരനായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി ആണ്‍സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആണ്‍ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ആണ്‍സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ന് 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയില്‍ റെയില്‍വേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇന്നുച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആണ്‍ സുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ഇവര്‍ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് ലഭിക്കുന്ന വിവരം.

ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. രാവിലെ 9.30ന് കരുവാരക്കുണ്ട് സ്‌കൂളിന്റെ മുന്‍വശത്ത് കുട്ടി ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായില്ല. ഇതിനിടെ വീട്ടിലേയ്ക്ക് വരുന്നതായി കുട്ടി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ യൂണിഫോം ആണ് പെണ്‍കുട്ടി ധരിച്ചിരുന്നത്.

കുട്ടിക്ക് അതേ സ്‌കൂളിലെ 16കാരനുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ മനസിലാക്കിയിരുന്നു. 16കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. പ്രതി തന്നെയാണ് മൃതദേഹം പൊലീസിന് കാട്ടിക്കൊടുത്തത്. നേരത്തെ പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ പ്രതിയെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും താക്കീത് നല്‍കി വിടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നല്‍കിയിരുന്നതായും തുടര്‍ന്ന് ആണ്‍ സുഹൃത്തിനെ പൊലീസ് താക്കീത് ചെയ്തിരുന്നതായും പറയുന്നുണ്ട്. ഇന്നലെ വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തില്‍ എത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം ഇറങ്ങി പുള്ളിപ്പാടത്ത് എത്തിയതാണോ എന്നും പരിശോധിക്കുന്നു. പ്രതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്നും മറ്റ് ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതി പെണ്‍കുട്ടിയെ നേരത്തെയും ശല്യപ്പെടുത്തിയിരുന്നതായി വിവരം. കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീടാണ് ഏറ്റവും ഒടുവില്‍ പെണ്‍കുട്ടിയുടെ ടവര്‍ ലൊക്കേഷന്‍ കണ്ട തൊടികപ്പുലം ഭാഗത്ത് പൊലീസിന്റെ അന്വേഷണം എത്തുന്നത്.

പെണ്‍കുട്ടിയെ നേരത്തെ ശല്യം ചെയ്തതിന്റെ പേരില്‍ 16 കാരനെതിരെ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇക്കാരണത്താല്‍ കുട്ടിയെ ഇന്നലെ മുതല്‍ സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ പ്ലസ് ടു വിദ്യാര്‍ഥി കുറ്റം സമ്മതിക്കുകയായിരുന്നു. ആണ്‍സുഹൃത്ത് തന്നെയാണ് പൊലീസിന് മൃതദേഹം കാണിച്ചു കൊടുത്തത്. ബലാല്‍സംഗം നടന്നുവെന്നും അതിനുശേഷം കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. മൃതദേഹം വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാത്ത കാടുമൂടിയ സ്ഥലത്താണ് ഉപേക്ഷിച്ചിട്ടുള്ളത്.