കോട്ടയം: കൂവപ്പള്ളിയിലെ കുളപ്പുറം ഹൗസിങ് കോളനിയിലെ വീടിനുള്ളില്‍ 48കാരിയും 38 കാരനും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ദുരുഹത ഒഴിയുന്നില്ല. നെടുങ്കണ്ടം കല്ലാര്‍ തുരുത്തിയില്‍ ഷേര്‍ലി മാത്യു, കോട്ടയം കുമ്മനം ആലുംമൂട് കുരുട്ടുപറമ്പില്‍ ജോബ് സക്കറിയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷേര്‍ളി മാത്യു കഴിഞ്ഞ മേയിലാണ് ഇവിടെ താമസത്തിനായി എത്തിയത്. വീട് നിര്‍മാണസമയംമുതല്‍ എന്നും എത്താറുള്ള ഷേര്‍ളി പ്രദേശവാസികളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍, പലരോടും പറഞ്ഞിരുന്നത് പല കഥകള്‍. കൊലപാതകത്തിന് ശേഷം ഷേര്‍ളിയുടെ യഥാര്‍ഥ കഥകള്‍ പോലീസ് പറഞ്ഞ് അറിയുമ്പോഴാണ് നാട്ടുകാര്‍പോലും സത്യം അറിയുന്നത്. ഇടുക്കിക്കാരി ഷേര്‍ളിയുടെ ജീവിതം പോലെ തന്നെ മരണവും നാട്ടുകാര്‍ക്ക് ഏറെ ദുരൂഹത നിറഞ്ഞതാണ്.

എട്ട് മാസം മാത്രം സൗഹൃദമുണ്ടായിരുന്നയാള്‍ ഷേര്‍ളിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയെന്നത്് പെട്ടെന്ന് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഷേര്‍ളിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തില്ലായെന്നതും ഇരുവരുടെയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ജോബ് സക്കറിയായെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കത്തിന്റെയും സംശയത്തിന്റെയും പേരില്‍ ജോബ് ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതായാണ് പോലീസ് നിഗമനം.

ഇവര്‍ തമ്മില്‍ എട്ടു മാസത്തെ ബന്ധത്തിനിടയില്‍ ഷേര്‍ളിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. വീടിന്റെ ഒരു താക്കോല്‍ പോലും ജോബിന്റെ കൈവശമുണ്ടായിരുന്നു. ഇയാളില്‍ നിന്നും ഇക്കാലയളവിനുള്ളില്‍ എങ്ങനെ ഇത്രയും തുക വാങ്ങിയെടുത്തു അതിന് പിന്നില്‍ മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്. ഈ പണം ജോബ് തിരികെ ചോദിച്ചതായും ഇയാളെ ഒഴിവാക്കാന്‍ പോലീസില്‍ ഷേര്‍ളി പരാതിയും നല്‍കിയിരുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ ജോബ് സക്കറിയ ഷേര്‍ളിയെ വിശ്വസിച്ച് ഒപ്പം കൂടി. ഷേര്‍ളി ഇയാളെ അകറ്റി നിര്‍ത്തുന്നതില്‍ കടുത്ത മാനസിക വിഷമത്തിലായി ജോബ്.

ഇയാളുമായി വഴക്കും പതിവായിരുന്നു. മാനസിക നില തെറ്റിയ രീതിയില്‍ പെരുമാറിയ ഷേര്‍ളിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ജോബ് തീരുമാനിച്ചു. കൊലപാതകം നടക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസം മകനും ജോബ് സക്കറിയായും ചേര്‍ന്ന് ഷേര്‍ളിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ബലമായി കൊണ്ടു പോയിരുന്നു. ഇത് എന്തിനെന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. ആശുപത്രിയില്‍ നിന്നും ഷേര്‍ളി വരുന്നതിന് മുന്‍പെ ജോബ് വീട്ടിലെത്തി കാത്തിരുന്നിരുന്നു. കൊലപാതകത്തിന് മുന്‍പ് ഇവിടെ ആരെല്ലാം വന്ന് പോയിട്ടുണ്ടെന്ന് വീടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി. വി. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

ഇടുക്കി വെള്ളിയാംകുടിയില്‍ സാമാന്യം ഭേദപ്പെട്ട കര്‍ഷക കുടുംബത്തിലേയ്ക്കാണ് ഷേര്‍ളിയെ വിവാഹം കഴിച്ചയച്ചത്. ഭര്‍ത്താവ് സാജുവിന്റെ മദ്യപാനത്തെ തുടര്‍ന്ന് ഇവരുടെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. മക്കളെ വളര്‍ത്തുന്നതിനും മറ്റുമായി ഒരുപാട് കഷ്ടപ്പെട്ടിരുന്ന കുടുംബം. ഷേര്‍ളിയുടെ അധ്വാനശീലവും മിടുക്കും കുടുംബത്തെ കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞു. ഇളയമകള്‍ സൗദിയില്‍ നേഴ്സായി ജോലി ചെയ്യുന്നു. ഇതിനിടയില്‍ പലതരത്തില്‍ കടബാധ്യതയുണ്ടായി. ഇവരുടെ പേരില്‍ ഇരട്ടയാറില്‍ ഉണ്ടായിരുന്ന് രണ്ട് ഏക്കര്‍ വസ്തുവും വീടും രണ്ട് ബാങ്കുകളിലായി പണയം വച്ചിരുന്നു. എട്ട് വര്‍ഷം മുന്‍പ് ജപ്തി വന്നതോടെ മറ്റൊരാള്‍ നല്‍കിയ വസ്തുവുമായി കൈമാറ്റം ചെയ്തെങ്കിലും ഇതുവരെയും ലോണിന്റെ ബാധ്യത തീര്‍ക്കാന്‍ കഴിഞ്ഞില്ല. പുഷ്പഗിരിയിലുണ്ടായിരുന്ന 38 സെന്റ് സ്ഥലം ഷേര്‍ളിയ്ക്കും ഭര്‍ത്താവിനുമായി വീതിച്ചു നല്‍കി. കടബാധ്യത കൂടിയതോടെ ഇരുവരും പല ബിസിനസുകള്‍ ചെയ്തു. അവിടെ കോഴിഫാം, വേയ്സ്റ്റ് മാനേജ്മെന്റ് എന്നിവയുടെ ബിസിനസും നടത്തിയിരുന്നു.

ഇടുക്കി കല്ലാര്‍ സ്വദേശിയമായി ബന്ധം സ്ഥാപിച്ച ഷേര്‍ളി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഇയാളുമായി പല ബിസിനസ് ഇടപാടുകള്‍ നടത്തിയിരുന്നു. ഇയാളുടെ സഹായത്തോടെയാണ് കൂവപ്പള്ളി കുളപ്പുറത്തുള്ള സ്ഥലം വാങ്ങുന്നതും വീട് നിര്‍മ്മിക്കുന്നതും. ഇവിടെ വരാറുള്ള കല്ലാര്‍ സ്വദേശി ഭര്‍ത്താവാണെന്നാണ് ഷേര്‍ളി അയല്‍വാസികളോട് പറഞ്ഞിരുന്നത്. പാറത്തോട് മുക്കാലിയില്‍ വാടകയ്ക്ക് താമസിച്ചാണ് വീട് നിര്‍്മ്മാണം നടത്തിയത്. വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സമയത്ത് ജോബുമായി സൗഹൃദത്തിലായി. ഈ വിവരം കല്ലാര്‍ സ്വദേശി അറിഞ്ഞെങ്കിലും പിന്നീട് ജോബുമായി കല്ലാര്‍ സ്വദേശി സൗഹൃദത്തിലുമായി. ഇതിനിടയില്‍ കോട്ടയം സ്വദേശികളായ രണ്ട് പേരുമായി ഷേര്‍ളി സൗഹൃദ ബന്ധം തുടര്‍ന്നു. ജോബുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിക്കുന്ന മൂന്ന് ദിവസം മുന്‍പ് ഷേര്‍ളിയെ മകനും ജോബും ചേര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടു പോകുന്നത്.

കഴിഞ്ഞ ദുഃഖവെള്ളി ദിനത്തില്‍ ഭര്‍ത്താവ് സാജു രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടിട്ടും ഷേര്‍ളി കാണാന്‍ പോയിരുന്നില്ല. ബന്ധുക്കളുമായും മക്കളുമായും അടുപ്പം ഇല്ലാതെയാണ് ഷേര്‍ളി കഴിഞ്ഞിരുന്നത്്. ഇടയ്ക്ക് ഇവിടെ വരുമായിരുന്ന 27 കാരനായ മകന്‍ ഷേര്‍ളിയുമായി വഴക്ക് പതിവാണ്. മകന്‍ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം. ഇടുക്കി നരിയംപാറയില്‍ നിന്നും ഇയാള്‍ സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയിരുന്നു. ഭാര്യ ഒളിച്ചോടി പോയ വിഷമത്തില്‍ സുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവും നടന്നു. കൃത്യമായ വരുമാനം ഒന്നുമില്ലാത്ത മകന്‍ ഷേര്‍ളിയോട് പണം ചോദിക്കുന്നത് പതിവായിരുന്നു. മകനെ ഭയന്നാണ് നാട്ടുകാരോട് കൃത്യമായ വിവരങ്ങള്‍ ഒന്നും ഷേര്‍ളി പറയാതിരുന്നത്.

ഷേര്‍ളി നടത്തിയ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് മരണത്തിലേയ്ക്ക് തള്ളിവിട്ടതെങ്കില്‍ ആരുടെയൊക്കെ പങ്ക് ഉണ്ടെന്ന് വ്യക്തമാക്കണം. നിലവില്‍ പണവും ഷേര്‍ളിയെയും നഷ്ടമാകുന്നതിന്റെ മനോവിഷമത്തിലാണ് ജോബ് കൊലപാതകം നടത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തതെന്നാണ് പോലീസ് നിഗമനം. ഷേര്‍ളിയുടെ മൃതദേഹം ജന്മനാട്ടിലേയ്ക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

കാറില്‍ ചിരിച്ച മുഖവുമായി പോകുകയും വരുകയും ചെയ്യുന്ന നല്ല അയല്‍ക്കാരി ഷേര്‍ളിയെ മാത്രമാണ് നാട്ടുകാര്‍ക്ക് പരിചയം. പൂച്ചെടി പരിപാലനവും മൃഗസ്നേഹവുമുള്ള ഷേര്‍ളിയെ പ്രദേശവാസികളും സംശയിച്ചില്ല. ജോബും ഷേര്‍ളിയും ചേര്‍ന്നാണ് ചെടികളും ഫലവൃക്ഷങ്ങളും വീട്ടുമുറ്റത്തും വീടിന്റെ മുകളിലുമായി നട്ടുവളര്‍ത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ഭര്‍ത്താവ് വിദേശത്താണെന്നും മരിച്ചുപോയെന്നുമുള്ള കഥകള്‍ പറഞ്ഞ് അയല്‍വാസികളെ വിശ്വസിപ്പിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ജോബ് സഹോദരനാണെന്നാണ് പറഞ്ഞിരുന്നത്. ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വരുകയും മടങ്ങിപ്പോകുകയും ചെയ്യുന്നത് കാണുന്നതിനാല്‍ നാട്ടുകാരും അത് വിശ്വസിച്ചു. ഞായറാഴ്ച രാത്രി പോലീസ് ഷേര്‍ളിയുടെ വീട്ടിലെത്തുമ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. ഒരു മതിലിനപ്പുറത്തെ വീട്ടില്‍ യാതൊരു സംശങ്ങള്‍ക്കും ഇടവരുത്താതെ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും.ഷേര്‍ളി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്നയാള്‍ മരണപ്പെടുകയും ചെയ്തതോടെ ബൊഗയ്ന്‍വില്ല പൂക്കളാല്‍ നിറഞ്ഞ പുതിയ വീട് ഇനി അനാഥമാണ്.