ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഒരുങ്ങി ബി.ഡി.ജെ.എസ്. മുന്നണിയില്‍ ഇത്തവണ 40 സീറ്റുകള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടി കോര്‍ കമ്മിറ്റിയുടെ തീരുമാനം. 2016-ല്‍ 30 സീറ്റുകളിലായിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്. എന്നാല്‍ 40 സീറ്റ് നല്‍കില്ല. വെള്ളാപ്പള്ളിക്ക് മികച്ച സീറ്റ് നല്‍കുകയും ചെയ്യും. ബിഡിജെഎസിന് നിലവില്‍ വോട്ടുയര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് ബിജെപി വിലയിരുത്തല്‍.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ കൈവരിച്ച വോട്ടുവിഹിതത്തില്‍ വലിയൊരു പങ്ക് ബി.ഡി.ജെ.എസിന്റേതാണെന്ന് അവര്‍ പറയുന്നു. ബി.ഡി.ജെ.എസിന്റെ ശക്തമായ സ്വാധീനം കാരണമാണ് പല മണ്ഡലങ്ങളും എന്‍.ഡി.എയുടെ 'എ ക്ലാസ്' പട്ടികയില്‍ ഇടംപിടിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എ ക്ലാസ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. വട്ടിയൂര്‍ക്കാവ്, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തറ, കരുനാഗപ്പള്ളി എന്നീ പ്രമുഖ മണ്ഡലങ്ങള്‍ ഇത്തവണ ബി.ഡി.ജെ.എസ് ആവശ്യപ്പെടും.

വട്ടിയൂര്‍ക്കാവ് സീറ്റിന് വേണ്ടി ബിജെപിയില്‍ പോര് കടുക്കുകയാണ്. ശ്രീലേഖ, ജി കൃഷ്ണകുമാര്‍ എന്നിവര്‍ സീറ്റിന് ആവശ്യം ഉന്നയിക്കുന്നുണ്ട്. കെ സുരേന്ദ്രനും വട്ടിയൂര്‍ക്കാവ് ആഗ്രഹിക്കുന്നുണ്ട്. ഇതിനിടെയാണ് ബിഡിജെഎസ് സീറ്റ് ചോദിക്കുന്നത്. ഇതെല്ലാം ബിഡിജെഎസ് ആവശ്യങ്ങള്‍ക്കൊപ്പം ചര്‍ച്ചയാകുന്നുണ്ട്. വെള്ളാപ്പള്ളിയുടെ പിന്തുണ ഉറപ്പിക്കാന്‍ ബിഡിജെഎസുമായി ചേര്‍ന്നു പോകും. തുഷാറിന്റെ ആവശ്യം ബിജെപി ഗൗരവത്തില്‍ എടുക്കും.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിവാദ പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കാത്തതില്‍ പാര്‍ട്ടി പ്രതിഷേധം അറിയിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു. ജനുവരി 21-ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ കരടുപട്ടിക ചര്‍ച്ച ചെയ്യും. ആദ്യഘട്ട പട്ടിക ഈ മാസം തന്നെ പുറത്തുവിടുമെന്നാണ് സൂചന.