ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടി രൂപ പിഴ ചുമത്തി വ്യോമയാന ഡയറക്ട്രേറ്റ് ജനറൽ (ഡിജിസിഎ). 2025 ഡിസംബർ മൂന്നു മുതൽ അഞ്ചു വരെ 2,507 വിമാന സർവീസുകളാണ് കമ്പനി റദ്ദാക്കിയത്. തയാറെടുപ്പുകളിലെയും സോഫ്റ്റ്‌വെയറിലെയും വീഴ്ചകളും മാനേജ്‌മെന്റ് ഘടനയിലെ പാളിച്ചകളുമാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് ഡിജിസിഎ നിയോഗിച്ച നാലംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ കണ്ടെത്തി.

ചുമത്തിയ 22.2 കോടി രൂപ പിഴയിൽ, 68 ദിവസത്തെ നിയമലംഘനത്തിന് പ്രതിദിനം 30 ലക്ഷം രൂപ വീതം കണക്കാക്കിയുള്ള തുകയും വ്യവസ്ഥാപരമായ വീഴ്ചകൾക്ക് ഒറ്റത്തവണയായി ചുമത്തിയ 1.8 കോടി രൂപയും ഉൾപ്പെടുന്നു. ഇതിനുപുറമെ, 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡിജിസിഎ ഇൻഡിഗോയോട് നിർദേശിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും പരാജയപ്പെട്ടതിന് ഇൻഡിഗോ സിഇഒയ്ക്കും ചീഫ് ഓപ്പറേറ്റിങ് ഓഫിസർക്കും ഡിജിസിഎ താക്കീത് നൽകി.

സീനിയർ വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ് കൺട്രോൾ സെന്റർ) നിലവിലെ ചുമതലകളിൽ നിന്ന് നീക്കാനും മറ്റ് ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നതിൽ നിന്ന് വിലക്കാനും നിർദേശമുണ്ട്. ആഭ്യന്തര അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനും ഡിജിസിഎ ഇൻഡിഗോയോട് ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങൾ, ഷെഡ്യൂൾ മാറ്റം, മോശം കാലാവസ്ഥ, പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം എന്നിവയാണ് സർവീസുകൾ റദ്ദാകാൻ കാരണമായതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.

പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം 2025 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നതാണ് ഏറ്റവും വലിയ തിരിച്ചടിയായതെന്നും കമ്പനി വ്യക്തമാക്കി. ഈ ചട്ടം നടപ്പാക്കിയതോടെ ഷെഡ്യൂളുകൾ തടസ്സമില്ലാതെ നടത്തുന്നതിന് ആവശ്യമായ പൈലറ്റുമാർ ഇല്ലാതായി. രോഗാവധിയിൽ പോയ പൈലറ്റുമാരോട് പോലും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടേണ്ടി വന്നിട്ടും സർവീസുകൾ റദ്ദാക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നും ഇൻഡിഗോ അറിയിച്ചു. ഡിജിസിഎയുടെ ഉത്തരവ് പൂർണമായി ഉൾക്കൊള്ളുന്നുവെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോ പ്രതികരിച്ചു.