കൊളംബോ: രത്‌നങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ശ്രീലങ്കയിലെ രത്‌നപുരയില്‍ നിന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു കണ്ടെത്തല്‍. 3,563 കാരറ്റ് തൂക്കമുള്ള അത്യപൂര്‍വ്വമായ പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍ (Purple Star Sapphire) കണ്ടെത്തി. 'സ്റ്റാര്‍ ഓഫ് പ്യുവര്‍ ലാന്‍ഡ്' (Star of Pure Land) എന്ന് പേരിട്ടിരിക്കുന്ന ഈ രത്‌നം ഇത്തരത്തില്‍ നക്ഷത്ര തിളക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത രത്‌നമാണെന്നാണ് കരുതപ്പെടുന്നത്.

എന്താണ് ഇതിന്റെ പ്രത്യേകത?

രത്‌നത്തിന്റെ ഉപരിതലത്തില്‍ നക്ഷത്രത്തിന്റെ ആകൃതിയില്‍ പ്രകാശം പ്രതിഫലിക്കുന്ന 'ആസ്റ്ററിസം' (Asterism) എന്ന പ്രതിഭാസമാണ് ഇതിനെ സവിശേഷമാക്കുന്നത്. ഇതില്‍ ആറ് കിരണങ്ങളുള്ള നക്ഷത്ര പാറ്റേണ്‍ വളരെ വ്യക്തമായി കാണാം. മനോഹരമായ പര്‍പ്പിള്‍ നിറവും വലിപ്പവും ഇതിനെ ലോകത്തിലെ മറ്റ് രത്‌നങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു.

രത്‌നത്തിനുള്ളിലെ 'റുട്ടൈല്‍' എന്ന ധാതുവിന്റെ സൂചി പോലുള്ള പാളികളില്‍ പ്രകാശം തട്ടുമ്പോഴാണ് നക്ഷത്രാകൃതിയുടെ മാസ്മരിക ദൃശ്യം ഉണ്ടാകുന്നത്. നക്ഷത്ര പാറ്റേണ്‍ രത്‌നത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നുവെന്നും കണ്‍സള്‍ട്ടന്റ് ജെമോളജിസ്റ്റ് അഷാന്‍ അമരസിംഗെ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ രത്‌നം കണ്ടെത്തിയ ഉടമകളുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.




മൂല്യം കേട്ടാല്‍ ഞെട്ടും

ഈ രത്‌നത്തിന്റെ മൂല്യം ഏകദേശം 300 മില്യണ്‍ ഡോളര്‍ മുതല്‍ 400 മില്യണ്‍ ഡോളര്‍ വരെ (ഏകദേശം 2,500 കോടി മുതല്‍ 3,300 കോടി ഇന്ത്യന്‍ രൂപ വരെ) വരുമെന്നാണ് അന്താരാഷ്ട്ര രത്‌ന വിദഗ്ധര്‍ കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പല വജ്രങ്ങളെക്കാളും ഉയര്‍ന്ന മൂല്യമാണിത്. താരതമ്യത്തിന്, ലോകപ്രശസ്തമായ 'ഒപ്പന്‍ഹൈമര്‍ ബ്ലൂ' ഡയമണ്ട് 57.5 മില്യണ്‍ ഡോളറിനാണ് വിറ്റുപോയത്.

കണ്ടെത്തിയ കഥ

രത്‌നപുരയിലെ ഒരു ഖനിയില്‍ നിന്ന് 2023-ലാണ് ഇത് കണ്ടെത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ ഉടമസ്ഥരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് സാധാരണ കല്ലുകള്‍ക്കൊപ്പം വാങ്ങിയ ഈ രത്‌നം, ഏകദേശം രണ്ട് വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് അതീവ വിലപിടിപ്പുള്ള 'സ്റ്റാര്‍ സഫയര്‍' ആണെന്ന് ഉടമകള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ട് പ്രമുഖ ലബോറട്ടറികളില്‍ നിന്ന് ഇതിന്റെ ആധികാരികത സര്‍ട്ടിഫൈ ചെയ്തു.

മറ്റ് സാധാരണ രത്‌നക്കല്ലുകള്‍ക്കൊപ്പം കൂട്ടമായാണ് ഉടമകള്‍ ഈ കല്ലും വാങ്ങിയത്. എന്നാല്‍ ഏകദേശം രണ്ട് വര്‍ഷത്തോളം നീണ്ട മിനുക്കുപണികള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ്, തങ്ങളുടെ കൈവശമുള്ളത് ലോകത്തെ വിസ്മയിപ്പിക്കുന്ന വിലപിടിപ്പുള്ള അപൂര്‍വ്വ രത്‌നമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്.




ലോകപ്രശസ്തമായ ശ്രീലങ്കന്‍ നീലക്കല്ലുകളുടെ (Sapphires) തെളിച്ചവും തിളക്കവും ഈ പുതിയ കണ്ടെത്തലിലും പ്രകടമാണ്. ആഗോള രത്‌ന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ അപൂര്‍വ്വ കല്ലിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വലിപ്പമാണ്. സാധാരണയായി 'സ്റ്റാര്‍ സഫയറുകള്‍' ചെറിയ അളവിലാണ് ഖനികളില്‍ നിന്ന് ലഭിക്കാറുള്ളത്. എന്നാല്‍ 3,563 കാരറ്റ് വലിപ്പമുള്ള ഇത്രയും വലിയൊരു കല്ലില്‍ അതീവ വ്യക്തതയുള്ള നക്ഷത്രരൂപം ദൃശ്യമാകുന്നത് അത്ഭുതകരമായ ഒന്നായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ രത്‌നം വാങ്ങാന്‍ ആളെ തേടുകയാണ് ഉടമകള്‍.