- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ സിപിഐക്കും കടുത്ത അതൃപ്തി; സമസ്ത ഇടഞ്ഞു; ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം തിരുത്താന്‍ സജി ചെറിയാന്‍; വെട്ടിലായി സിപിഎം; തദ്ദേശത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാമെന്നുള്ള പ്രസ്താവന തിരിച്ചടിച്ചു; മന്ത്രി സജി ചെറിയാന്‍ സിപിഎം ശാസന

തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന മന്ത്രി സജി ചെറിയാന്‍ തിരുത്തും. തെറ്റിധാരണയുണ്ടാക്കിയതില്‍ ഖേദവും പ്രകടിപ്പിച്ചേക്കും. സമസ്ത അടക്കം രംഗത്തു വന്ന സാഹചര്യത്തിലാണ് ഇത്. പ്രസ്താവന അതിരുവിട്ടുവെന്ന് മന്ത്രിയെ സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. ശാസനയുടെ രൂപത്തിലായിരുന്നു നിര്‍ദ്ദേശം നല്‍കല്‍. ഇതിന് പിന്നാലെ തിരുത്തല്‍ വരുത്താമെന്ന് പാര്‍ട്ടിയെ സജി ചെറിയാനും അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് എല്ലാ നേതാക്കള്‍ക്കും സിപിഎം നിര്‍ദ്ദേശവും നല്‍കി.
സജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ സിപിഐക്കും കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോള്‍ ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പരാമര്‍ശങ്ങളാണു സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പില്‍ ഇതു തിരിച്ചടിക്കു കാരണമാകുമെന്നാണ് സിപിഐ നേതാക്കളുടെ പക്ഷം. ഇതിലെ പ്രതിഷേധം സിപിഐ നേതാക്കള്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ഇരുപാര്‍ട്ടികളും ഗൃഹസന്ദര്‍ശന പരിപാടിയുമായി മുന്നോട്ടു പോകവേ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതു രാഷ്ട്രീയമായി പിന്നാക്കം പോകാനേ ഉപകരിക്കൂ എന്ന നിലപാടിലാണു സിപിഐ. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്‍ തിരുത്തലിന് എത്തുന്നത്.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാ അത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുക എന്നായിരുന്നു സിപിഎം നേതാവ് എ.കെ. ബാലന്‍ നടത്തിയ പ്രസ്താവന. ഇതു സിപിഎമ്മിനുള്ളില്‍ത്തന്നെ വലിയ ചര്‍ച്ചയായി. ബാലന്റെ പരാമര്‍ശത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് പരസ്യമായി ബാലനെ അനുകൂലിച്ചത്. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരേ സിപിഎമ്മിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും പാര്‍ട്ടി നേതൃയോഗങ്ങളില്‍പോലും ഒരു നേതാവും പ്രതികരിച്ചില്ല.
ഇതിനു പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാമെന്നുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശമുണ്ടായത്. ഇതു ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള നിലപാടായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരായി. സമസ്തയും പ്രതികരിച്ചു. സിപിഎമ്മിനോട് അടുത്തു നില്‍ക്കുന്ന സമസ്തയുടെ പ്രതികരണം മുഖ്യമന്ത്രിയേയും വെട്ടിലാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം നേതാക്കളില്‍നിന്ന്, പ്രത്യേകിച്ച് മന്ത്രിയില്‍നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതു ന്യൂനപക്ഷത്തെ ഇടതുമുന്നണിയില്‍നിന്നു കൂടുതല്‍ അകറ്റുമെന്ന ആശങ്കയിലാണു സിപിഐ. എം.വി. ഗോവിന്ദനും ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാടാണ്. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്‍ തിരുത്തലിന് തയ്യാറാകുന്നത്.
തെരഞ്ഞെടുപ്പില്‍ ദോഷമാകുന്ന ഒരു പരാമര്‍ശവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങളില്‍ ഗോവിന്ദന്‍ നേതാക്കള്‍ക്കു നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇതു മുതിര്‍ന്ന നേതാക്കള്‍തന്നെ ലംഘിച്ചത് അച്ചടക്കലംഘനമായാണ് പാര്‍ട്ടി കാണുന്നത്.


