- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എന്റെ കുടുംബത്തോട് ഗണേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'! ഗണേഷിനെ പൂട്ടാന്‍ പത്തനാപുരത്ത് 'ഒസി' വികാരം; ഉമ്മന്‍ ചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും അലഞ്ഞു; ആഞ്ഞടിച്ച് ചാണ്ടി ഉമ്മന്‍; ചാമക്കാലയ്ക്കായി കളം നിറച്ച് കോണ്‍ഗ്രസ്; പത്താനപുരത്ത് 'യുദ്ധം' തുടങ്ങി

പത്തനാപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, പത്തനാപുരത്തെ രാഷ്ട്രീയ ചിത്രം ചൂടുപിടിക്കുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ സ്വന്തം തട്ടകത്തില്‍ വീഴ്ത്താന്‍ 'ഉമ്മന്‍ ചാണ്ടി' വികാരം ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്കിടെ, ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ നേരിട്ട് രംഗത്തിറങ്ങിയത് പത്തനാപുരത്ത് പുതിയ രാഷ്ട്രീയ പോര്‍മുഖം തുറന്നിരിക്കുകയാണ്.
'എന്റെ കുടുംബത്തോട് ഗണേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല' പത്തനാപുരം മാങ്കോട് ജംഗ്ഷനില്‍ നടന്ന യുഡിഎഫ് പൊതുസമ്മേളനത്തിലാണ് ചാണ്ടി ഉമ്മന്‍ വികാരാധീനനായി സംസാരിച്ചത്. സോളാര്‍ കേസിന് പിന്നില്‍ ഗണേഷ് കുമാറും സിപിഎമ്മും നടത്തിയ ഗൂഢാലോചനയാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയെ പിതാവിനെപ്പോലെയാണ് ഉമ്മന്‍ ചാണ്ടി കണ്ടിരുന്നത്. ഗണേഷിന്റെ അമ്മയെ താന്‍ 'ആന്റി' എന്നാണ് വിളിച്ചിരുന്നത്. അപ്പന്‍ ഗണേഷിനെ അത്രമേല്‍ സ്‌നേഹിച്ചിട്ടും തിരിച്ച് നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്ന് ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും അലഞ്ഞു. എന്നിട്ടും ഒന്നും കിട്ടിയില്ല. സോളാര്‍ കേസില്‍ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് എങ്ങനെ അതില്‍ വന്നുവെന്നും കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര കേസും രാഷ്ട്രീയ പോരും സോളാര്‍ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ കൊട്ടാരക്കര കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പത്തനാപുരത്ത് കോണ്‍ഗ്രസ് പ്രധാന ആയുധമാക്കും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം തെളിയുമെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചു.
ഗണേഷ് കുമാറിനെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിലൂടെ പത്തനാപുരത്തെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടി അനുഭാവികള്‍ക്കിടയില്‍ വലിയ തരംഗം ഉണ്ടാക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ചാമക്കാലയ്ക്കായി ചാണ്ടി ഉമ്മന്‍ കളം നിറയുന്നു പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല സ്ഥാനാര്‍ത്ഥിയാകുന്നതോടെ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. ചാമക്കാലയുടെ പ്രചാരണത്തിന് കരുത്തുപകരാന്‍ ചാണ്ടി ഉമ്മന്‍ സജീവമായി പത്തനാപുരത്ത് ഉണ്ടാകുമെന്ന സൂചനയാണ് ഇന്നത്തെ പ്രസംഗത്തിലൂടെ പുറത്തുവരുന്നത്. പത്തനാപുരം പിടിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത്തവണ അഭിമാനപ്രശ്‌നമാണ്.
മറുഭാഗത്ത്, വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗണേഷ് കുമാറും ശക്തമായി തന്നെ പ്രതിരോധിക്കും. എന്തായാലും ചാണ്ടി ഉമ്മന്റെ വരവോടെ പത്തനാപുരത്ത് മത്സരം സോളാര്‍ കേസിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ഓര്‍മ്മകള്‍ക്ക് ചുറ്റുമായി മാറിക്കഴിഞ്ഞു.


