- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭാരതത്തിന്റെ 'അംബാസഡര്‍ അറ്റ് ലാര്‍ജ്' പായ നിവര്‍ത്തി! ഐഎന്‍എസ് സുദര്‍ശിനി ലോകയാത്രയ്ക്ക്; 10 മാസം, 13 രാജ്യങ്ങള്‍, 22,000 നോട്ടിക്കല്‍ മൈലുകള്‍; 'ലോകയാന്‍-26' യാത്ര കൊച്ചിയില്‍ ഫ്ളാഗ് ഓഫ് ചെയ്ത് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി
ഐഎന്‍എസ് സുദര്‍ശിനി ലോകയാത്രയ്ക്ക്

കൊച്ചി: ഭാരതത്തിന്റെ സമുദ്ര പൈതൃകം വിളിച്ചോതി ഇന്ത്യന്‍ നാവികസേനയുടെ പായ്ക്കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനി ലോകയാത്രയ്ക്കായി പായ നിവര്‍ത്തി. 10 മാസം നീണ്ടുനില്‍ക്കുന്ന യാത്ര, 'ലോകയാന്‍-26' ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്സേന ഫ്ലാഗ് ഓഫ് ചെയ്തു. ലോകയാന്‍ യാത്രയുടെ ഫലകവും അദ്ദേഹം അനാവരണം ചെയ്തു. ലോകരാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമുദ്ര യാത്ര.
കടല്‍ തിരമാലകളെ കീറിമുറിച്ച്, കാറ്റിന്റെ ദിശയ്ക്കൊപ്പം ഐഎന്‍എസ് സുദര്‍ശിനി യാത്ര തിരിച്ചു. കൊച്ചി നേവല്‍ ബേസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ദക്ഷിണ നാവിക കമാന്‍ഡ് ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്സേന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ 'അംബാസഡര്‍ അറ്റ് ലാര്‍ജ്' എന്നാണ് കപ്പലിനെ വൈസ് അഡ്മിറല്‍ വിശേഷിപ്പിച്ചത്.
കമാന്‍ഡിങ് ഓഫിസര്‍ കമാന്‍ഡര്‍ രവികാന്ത് നന്ദൂരിയുടെ നേതൃത്വത്തിലുള്ള 80 അംഗ ക്രൂവാണ് പായ്ക്കപ്പലിലുള്ളത്.കേവലം ഒരു നാവിക യാത്ര എന്നതിലുപരി, ഇന്ത്യയുടെ വിദേശ നയതന്ത്രത്തിന്റെ കൂടി ഭാഗമാണ് ലോകായന്‍ 26. ലോകം ഒരു കുടുംബമാണെന്ന 'വസുധൈവ കുടുംബകം' എന്ന സന്ദേശമാണ് സുദര്‍ശിനി ഈ യാത്രയിലൂടെ നല്‍കുന്നത് എന്ന് കപ്പലിന്റെ കമാന്‍ഡിങ് ഓഫീസര്‍ രവികാന്ദ് നന്ദൂരി പറഞ്ഞു.
പത്ത് മാസത്തിനിടയില്‍ 22,000 നോട്ടിക്കല്‍ മൈലുകളാണ് ഈ പായ്ക്കപ്പല്‍ പിന്നിടുക. 13 രാജ്യങ്ങളിലെ 18 തുറമുഖങ്ങള്‍ സന്ദര്‍ശിക്കും. നാവികസേനയിലെയും കോസ്റ്റ് ഗാര്‍ഡിലെയും ഇരുന്നൂറോളം കേഡറ്റുകള്‍ക്ക് ഈ യാത്രയില്‍ പ്രായോഗിക പരിശീലനം ലഭിക്കും. കമ്പ്യൂട്ടറുകളുടെയും ആധുനിക യന്ത്രങ്ങളുടെയും സഹായമില്ലാതെ, കാറ്റിനെയും നക്ഷത്രങ്ങളെയും ആശ്രയിച്ച് കടല്‍ യാത്ര ചെയ്യുന്ന പഴയകാല രീതികളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടക്കുന്ന 'സെയില്‍ 250' ലും ഫ്രാന്‍സിലെ അന്താരാഷ്ട്ര പായ്ക്കപ്പല്‍ മേളയിലും സുദര്‍ശിനി ഭാരതത്തിന്റെ സാന്നിധ്യമറിയിക്കും.
നാവിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും സ്‌കൂള്‍ കുട്ടികളും ചേര്‍ന്നാണ് സുദര്‍ശിനിക്ക് യാത്രയയപ്പ് നല്‍കിയത്. സമുദ്ര സുരക്ഷയ്ക്കായുള്ള 'മഹാസാഗര്‍' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടും ഈ യാത്രയിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടും. അടുത്ത വര്‍ഷം ജനുവരിയോടെ ആഗോള പര്യടനം പൂര്‍ത്തിയാക്കി ഐഎന്‍എസ് സുദര്‍ശിനി ഇന്ത്യയില്‍ തിരിച്ചെത്തും.


