രജൗരി: ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ പാക് ഡ്രോണുകളുടെ സാന്നിധ്യം വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ആഴ്ച്ചകള്‍ക്ക് മുന്‍പേ സാംബ, പൂഞ്ച്, രജൗരി സെക്ടറുകളിലെ നിയന്ത്രണരേഖയ്ക്ക് (LoC) സമീപമായിരുന്നു സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ നീക്കങ്ങള്‍ കണ്ടെത്തിയത്. നൗഷെര സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. രാത്രി ആകാശത്തേക്ക് പാഞ്ഞുകയറുന്ന ട്രേസര്‍ റൗണ്ടുകളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'നെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഡ്രോണുകള്‍ ആയുധങ്ങളോ മയക്കുമരുന്നോ വര്‍ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അത്ര ശാന്തമല്ല ഇന്ത്യ -പാക് ബോര്‍ഡര്‍. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ സാഹസങ്ങളാണ് പലപ്പോഴും നിയന്ത്രണരേഖയെ സംഘര്‍ഷഭരിതമാക്കുന്നത് . നിരന്തരമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ പറത്തുന്നു . കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിലെ പൂഞ്ച്, സാമ്പ സെക്ടറുകളില്‍ പാക് ഡ്രോണുകള്‍ ഇരമ്പുകയാണ്. ലൈറ്റുകള്‍ തെളിച്ച് താഴ്ന്ന് പറക്കുന്ന മിന്നാമിനുങ്ങുകളെ അുനുസ്മരിപ്പിക്കുന്ന ഇവ ചാവേര്‍ ഡ്രോണുകളല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. എന്തായാലും ഇന്ത്യന്‍ സൈന്യം അതീവജാഗ്രതയിലാണ്. അതിര്‍ത്തിയില്‍ ഇന്ത്യയുടെ വിള്ളലുകളും ദൗര്‍ബല്യങ്ങളും കണ്ടെത്തുകയാണ് ശത്രുരാജ്യത്തിന്റെ പ്രധാനലക്ഷ്യമെന്ന് പ്രതിരോധവിദഗ്ധര്‍ പറയുന്നു. എല്‍ഒസി മേഖലയിലെ സങ്കീര്‍ണമായ ഭൂപ്രകൃതി മറികടക്കാന്‍ ഡ്രോണുകളെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ല. കൂടാതെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏതുതരം റഡാറുകളാണ് വിന്യസിച്ചിരിക്കുന്നതെന്നും തിരിച്ചടിയ്ക്കുന്നത് ഏതു വിധത്തിലായിരിക്കുമെന്നു മുന്‍കൂട്ടി കാണുന്നതിനും ഈ ചെറു ഉപകരണത്തെ പാക്കിസ്ഥാന്‍ ആശ്രയിക്കുന്നു. നുഴഞ്ഞു കയറ്റത്തിന്റെ സാധ്യതകള്‍ തേടുകയാണ് മറ്റൊരു ലക്ഷ്യം. ഡ്രോണ്‍ വഴി തോക്കുകളും ഗ്രനേഡുകളും താഴേക്കിട്ടതായും ഇന്ത്യന്‍ സൈനീകവൃത്തങ്ങള്‍ പറയുന്നു. പ്രദേശത്തെ സാധാരണക്കാരെ കയ്യിലെടുക്കാന്‍ ആയുധങ്ങളും ലഹരിയും ഡ്രോണ്‍ വഴി എത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരിയിലെ മാത്രം കണക്കെടുത്താല്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 10-12 ഡ്രോണുകളെങ്കിലും പാക്കിസ്ഥാന്‍ പറത്തിയിട്ടുണ്ട്.

ആന്റി-യുഎഎസ് തന്ത്രമൊരുക്കി ഇന്ത്യ

ആന്റി-യുഎഎസ്, എന്നു വച്ചാല്‍ ആന്റി-അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം. പാക്കിസ്ഥാന്റെ കുതന്ത്രങ്ങള്‍ക്കു ഇന്ത്യന്‍ സൈന്യത്തിന്റെ മറുതന്ത്രം. ലളിതമായി പറഞ്ഞാല്‍ ഭീഷണി ഉയര്‍ത്തുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കുന്ന ആകാശ സുരക്ഷാ കവചം.

Anti-UAS നാല് ഘട്ടങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യം റഡാര്‍, ആര്‍എഫ് സെന്‍സര്‍, താപ ക്യാമറ എന്നിവ ഉപയോഗിച്ച് എതിരാളികളുടെ ഡ്രോണ്‍ കണ്ടെത്തും. പിന്നെ ഏതുതരത്തിലുള്ള ഡ്രോണ്‍ ആണെന്ന് തിരിച്ചറിയും. ദിശയും വേഗതയും മനസിലാക്കും. ഒടുക്കം ഡ്രോണിനെ നിഷ്‌ക്രിയമാക്കും. ആന്റി യുഎഎസില്‍ രണ്ടു തരത്തിലുള്ള പ്രതിരോധമുണ്ട്. ഒന്ന് സോഫ്റ്റ് കില്ലും മറ്റൊന്ന് ഹാര്‍ഡ് കില്ലും. സോഫ്റ്റ് കില്ലില്‍ ജിപിഎസ് ജാമിംഗ് വഴി ഡ്രോണിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. ഹാര്‍ഡ് കില്ലില്‍ ലേസര്‍, വെടിയുണ്ട, അല്ലെങ്കില്‍ നെറ്റ് ഗണ്‍ ഉപയോഗിച്ച് ഡ്രോണിനെ നശിപ്പിക്കും.

പാക്കിസ്ഥാന്റെ ലക്ഷ്യം എന്തുതന്നെയായാലും അവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നു കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു കഴിഞ്ഞു. അതിര്‍ത്തിയിലെ പാക് ഡ്രോണുകളെയെല്ലാം ആധുനിക ആന്റി-അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റത്തിലൂടെ വെടിവച്ചിട്ടതായി കരസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ചെറിയൊരു നീക്കത്തിനു പോലും അതിശക്തമായ തിരിച്ചടി ഉണ്ടാകും. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നു കൂടി ഇന്ത്യന്‍ കരസേനാ മേധാവി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നു