തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പാരഡി പാട്ടിലൂടെയും മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെയും പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രകോപിപ്പിച്ചുകൊണ്ടാണ് മന്ത്രി സഭയില്‍ പാട്ടുപാടിയത്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പാരഡി ഗാനങ്ങള്‍ക്ക് അതേ നാണയത്തില്‍ മന്ത്രി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് സഭയെ ആവേശത്തിലാഴ്ത്തിയ മന്ത്രിയുടെ പ്രസംഗം ഉണ്ടായത്. 'സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണേ അയ്യപ്പാ' എന്ന് മന്ത്രി പാടിയപ്പോള്‍ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് വലിയ കൈയ്യടിയാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ നേരിട്ട് ലക്ഷ്യമിട്ട മന്ത്രി, സോണിയ ഗാന്ധിയുടെ വസതിയില്‍ റെയ്ഡ് നടത്തണമെന്നും അവിടെ സ്വര്‍ണ്ണമുണ്ടെന്നും ആഞ്ഞടിച്ചു. ശബരിമലയിലെ സ്വര്‍ണ്ണം കട്ട പ്രതികളുമായി കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ബന്ധം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസംഗം പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളം വെച്ചെങ്കിലും ശിവന്‍കുട്ടിയുടെ പാരഡി പാട്ടും ആവേശകരമായ പ്രസംഗവും ഭരണപക്ഷത്തിന് സഭയില്‍ മേല്‍ക്കൈ നല്‍കി. ശബരിമല സ്വര്‍ണ്ണ മോഷണക്കേസിലെ പ്രതികള്‍ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഭരണപക്ഷം ആയുധമാക്കിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി.

മന്ത്രി വി. ശിവന്‍കുട്ടിക്ക് പിന്തുണയുമായി തദ്ദേശ മന്ത്രി എം.ബി. രാജേഷും സഭയില്‍ സജീവമായി. യു.ഡി.എഫ് ഭരണകാലം മുതലുള്ള സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വര്‍ണ്ണം കട്ടത് ആരെന്ന ചോദ്യത്തിന് അടൂര്‍ പ്രകാശിനോടാണ് ഉത്തരം തേടേണ്ടതെന്ന് പരിഹസിച്ചു. അവിടെ നിന്ന് ഉത്തരം കിട്ടിയില്ലെങ്കില്‍ സോണിയയുടെ വീട്ടില്‍ പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ഈ പാട്ടും വാക്‌പോരും വലിയ ചര്‍ച്ചയാണ്. മന്ത്രി വി. ശിവന്‍കുട്ടിയുടെ വീഡിയോ ഇടത് സൈബര്‍ ലോകം വലിയ രീതിയില്‍ ആഘോഷമാക്കുന്നുണ്ട്.