- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എത്ര പേര്‍ യുകെയില്‍ കഴിഞ്ഞ വര്‍ഷം വര്‍ക്ക് പെര്‍മിറ്റില്‍ എത്തി? എത്ര പേര്‍ അനധികൃതമായി എത്തി? എത്ര പേരെ നാട് കടത്തി? എത്ര പേര്‍ അഭയാര്‍ത്ഥി വിസക്ക് അപേക്ഷ നല്കി: യുകെയിലെ കുടിയേറ്റക്കാരുടെ ഏറ്റവും പുതിയ വിശദമായ കണക്ക് പുറത്ത്

ദീര്‍ഘകാല താമസത്തിനായി യു കെയിലേക്ക് എത്തുന്നവരുടെ എണ്ണവും, ബ്രിട്ടനില്‍ നിന്നും തിരികെ പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍ കോവിഡ് പൂര്‍വ്വകാലത്തിലേതിനോട് അടുത്തായി കുറഞ്ഞു എന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഇത് മൊത്തത്തിലുള്ള 'കുടിയേറ്റം' എന്ന പ്രതിഭാസത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയണമെങ്കില്‍ ഇക്കാര്യത്തില്‍ വിശദമായ ഒരു പരിശോധന തന്നെ ആവശ്യമാണ്. നിയമപരമായി നടത്തിയ കുടിയേറ്റവും അനധികൃത കുടിയേറ്റവും തികച്ചും വ്യത്യസ്തമായി കാണേണ്ട കാര്യങ്ങളാണ് എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ അനുസരിച്ച്, 2024 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ മൊത്തം 8,98,000 പേര്‍ യു കെയില്‍ എത്തിയപ്പോള്‍, 6,93,000 പേര്‍ ഇവിടെ നിന്നും മടങ്ങി. 2024 ഒക്ടോബറിനും 2025 സെപ്റ്റംബറിനും ഇടയിലായി 1,10,051 പേരാണ് അഭയത്തിനായി അപേക്ഷിച്ചത്. ഇതേ കാലയളവില്‍ 36,457 പേര്‍ നാട് വിടുകയോ നാട് കടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. അതുപോലെ ഈ വര്‍ഷം ജനുവരി 1 മുതല്‍ 21 വരെ 933 പേര്‍ അനധികൃതമായി ചാനല്‍ കടന്നെത്തിയതായും ഒ എന്‍ എസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അനധികൃത കുടിയേറ്റം
ഈ വര്‍ഷം ജനുവരി 1 നും ജനുവരി 21 ഇടയില്‍ മാത്രം 933 പേര്‍ അനധികൃതമായി യു കെയില്‍ എത്തിയതായാണ് ഒന്‍ എന്‍ എസിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്നവരുടെ കണക്കാണിത്. യു കെയിലേക്ക് 2020 മുതല്‍ തന്നെ ഏറ്റവുമധികം ആളുകള്‍ അനധികൃതമായി എത്തുന്നത് ഈ വഴിയിലൂടെയാണ്. ഇത്തരത്തില്‍ എത്തുന്നവരില്‍ ഒട്ടുമിക്കവരും അഭയത്തിന് അപേക്ഷിക്കാറുണ്ട്.
അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച്, അഭയത്തിനായി അപേക്ഷിച്ചാല്‍, അതില്‍ ഒരു തീരുമാനമാകുന്നത് വരെ ആ രാജ്യത്ത് തുടരാന്‍ ആകും എന്നതിനാലാണിത്. 2024 ഒക്ടോബറിനും 2025 സെപ്റ്റംബറിനും ഇടയില്‍ ലഭിച്ച അഭയാപേക്ഷകളില്‍ 41 ശതമാനം ഇത്തരത്തില്‍ ചെറു യാനങ്ങളില്‍ എത്തിയവരുടേതാണ്. ഇത് ഏറെ അപകടം പിടിച്ച ഒരു മാര്‍ഗ്ഗം കൂടിയാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 2024 ല്‍ ഇംഗ്ലീഷ് ചാനല്‍ മറികടക്കുന്നതിനിടെ ഉണ്ടായ വിവിധ അപകടങ്ങളിലായി ചുരുങ്ങിയത് 84 പേരെങ്കിലും മരണമടഞ്ഞിട്ടുണ്ട്.
മാത്രമല്ല, മൊത്തം കുടിയേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത്തരത്തില്‍ വരുന്നവര്‍ വളരെ കുറവുമാണ്. 2024 -25 ല്‍ ബ്രിട്ടനില്‍ എത്തിയ മൊത്തം കുടിയേറ്റക്കാരില്‍ 5 ശതമാനം പേര്‍ മാത്രമാണ് ചാനല്‍ കടന്നെത്തിയത്. കരമാര്‍ഗ്ഗം, ലോറികള്‍ പോലുള്ള വാഹനങ്ങളില്‍ ഒളിച്ചിരുന്നും, ഫെറി വഴിയ്ക്കും എന്തിനധികം, വിമാനങ്ങള്‍ വഴിയും ഇവിടെ അനധികൃത കുടിയേറ്റക്കാര്‍ എത്തുന്നുണ്ട്. എന്നിരുന്നാലും ഇവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 17 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമപരമായി ബ്രിട്ടനിലെത്തി വിസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോകാത്ത അനധികൃത കുടിയേറ്റക്കാരും ഉണ്ട്.
അഭയാര്‍ത്ഥികള്‍
2025 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 1,08,085 പേരാണ് അഭയത്തിനായി അപേക്ഷിച്ച് തീരുമാനത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലായാണ് താമസിക്കുന്നത്. അതില്‍, 34 ശതമാനത്തോളം പേര്‍ താമസിക്കുന്നത് വിവിധ ഹോട്ടലുകളിലായാണ്. 2029 ആകുന്നതോടെ അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നത് പൂര്‍ണ്ണമായി നിര്‍ത്തലാക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അഭയാപേക്ഷയിന്മേലുള്ള ആദ്യ തീരുമാനം അറിയുന്നതിനായി കാത്തിര്‍ക്കുന്നവര്‍ തന്നെ 80,000 ന് മുകളിലുണ്ട്. അഭയാപേക്ഷ നിരസിക്കപ്പെട്ടാലും, നിയമനടപടികള്‍ക്ക് സാധ്യതയുണ്ടെന്നതിനാല്‍, ഇവിടെ അനധികൃതമായി എത്തിയവരൊക്കെ തന്നെ ഇനിയും വര്‍ഷങ്ങളോളം ബ്രിട്ടനില്‍ തുടരാന്‍ തന്നെയാണ് സാധ്യത.
തിരികെ പോകുന്നവര്‍
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച 36,00 ല്‍ അധികം പേര്‍ ബ്രിട്ടനില്‍ നിന്നും തിരികെ പോവുകയോ നാട് കടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. പല കാരണങ്ങളാല്‍ ബ്രിട്ടനില്‍ തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് സ്വമേധയാ തിരികെ പോകുന്നതിനുള്ള സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പാക്കേജ് ഉപയോഗിച്ച് തിരികെ പോയവരുണ്ട്. അതിന് തയ്യാറാകാത്ത അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുകയായിരുന്നു. ഒപ്പം അയ്യായിരത്തില്‍ അധികം ക്രിമിനലുകളും നാട് കടത്തപ്പെട്ടവരില്‍ ഉണ്ട്.
നിയമാനുസൃത കുടിയേറ്റക്കാര്‍
നിരവധി തരം വിസകള്‍ വഴി ബ്രിട്ടനില്‍ എത്തുന്നവരാണ് ഇക്കൂട്ടര്‍. പഠനത്തിനായും, ജോലിക്കായും, വ്യാപാരാവശ്യങ്ങള്‍ക്കായുമൊക്കെ ഇവിടെ എത്തുന്നവരാണ് ഇക്കൂട്ടര്‍. 2024 ഒക്ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 8,38,908 വിസകളാണ് നല്‍കിയത്. ഇതില്‍ സന്ദര്‍ശക വിസയും, ബ്രിട്ടന്‍ വഴി യാത്രചെയ്യുന്നവര്‍ക്കുള്ള ട്രാന്‍സിറ്റി വിസയും ഉള്‍പ്പെട്ടിട്ടില്ല. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ ഇക്കാര്യത്തില്‍ 22 ശതമാനത്തിന്റെ കുറവാണ് ദൃശ്യമായത്.


