തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ ഭാഗങ്ങള്‍ ഇളക്കി സ്വര്‍ണംപൂശാന്‍ കൊണ്ടുപോയത് ദേവസ്വത്തിലെ മരാമത്ത് വിഭാഗത്തെ അറിയിക്കാതെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ശ്രീകോവിലിലെ പ്രധാന ഭാഗങ്ങള്‍ മാറ്റുമ്പോള്‍ മരാമത്ത് വിഭാഗത്തിന്റെ പങ്കാളിത്തം നിര്‍ബന്ധമാണെന്നിരിക്കെ, കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് നടന്ന ഈ നീക്കം വലിയ ചട്ടലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ പ്രശാന്തിന്റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡും കുരുക്കിലാകും. പ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ടിയും വരും.

1998-ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ സമയത്ത് ഇത്തരം പ്രവൃത്തികളുടെ മേല്‍നോട്ടം മരാമത്ത് എന്‍ജിനീയറെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ 2019-ലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടും, തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന പ്രവൃത്തികളിലും മരാമത്ത് വിഭാഗത്തെ കൃത്യമായി അറിയിക്കുകയോ അവരുടെ സാങ്കേതിക സഹായം തേടുകയോ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. പലപ്പോഴും എന്‍ജിനീയര്‍മാരെക്കൊണ്ട് രേഖകളില്‍ ഒപ്പിടീക്കുക മാത്രമാണ് ചെയ്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയെപ്പോലും അറിയിക്കാതെ നടത്തിയ ഈ പ്രവൃത്തിയില്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് നിലവിലെ അന്വേഷണത്തിന് വഴിയൊരുക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെതിരെ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് സൂചന. പുതിയൊരു എഫ് ഐ ആര്‍ ഇടും.

ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നീളും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ മരാമത്ത് വിഭാഗത്തെയോ ഹൈക്കോടതിയെയോ അറിയിക്കാതെ ഇളക്കിമാറ്റിയത് ഗുരുതരമായ ചട്ടലംഘനമായാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ പി.എസ്. പ്രശാന്തിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നുമാണ് സൂചന.

2019-ലും 2025-ലും നടന്ന സ്വര്‍ണ്ണ ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ദ്വാരപാലക ശില്പങ്ങളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി ഉടന്‍ അറസ്റ്റിലായേക്കും. ഇതില്‍ മൂന്ന് പേര്‍ പ്രശാന്തും ബോര്‍ഡ് അംഗങ്ങളുമാണെന്ന് വ്യക്തമാണ്. പഴയ വാതില്‍ പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടോ എന്ന് പരിശോധിക്കാന്‍ സന്നിധാനത്തെത്തിയ എസ്‌ഐടി സംഘം ഇന്ന് സ്ട്രോങ്ങ് റൂം തുറന്ന് സാമ്പിളുകള്‍ ശേഖരിക്കും. വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മൊഴിയെടുക്കാനും കോടതി അനുമതിയോടെ നീക്കങ്ങള്‍ നടക്കുന്നുണ്ട്.

അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഒന്നാം കേസില്‍ 90 ദിവസം പൂര്‍ത്തിയായതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നുണ്ടെങ്കിലും, കട്ടിളപ്പാളി കേസിലും പ്രതിയായതിനാല്‍ ഇയാള്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും. മരാമത്ത് വിഭാഗത്തെ ഇരുട്ടില്‍ നിര്‍ത്തി നടന്ന ഈ സ്വര്‍ണ്ണക്കൊള്ളയില്‍ കൂടുതല്‍ ഉന്നതര്‍ കുരുങ്ങാനാണ് സാധ്യത.