- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമല കേസിലെ പോറ്റിയുമായി അടൂര്‍ പ്രകാശിന് എന്ത് ഇടപാട്? കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ കോണ്‍ഗ്രസ് പ്രതിരോധത്തില്‍; കവറും സമ്മാനപ്പൊതിയും വാങ്ങുന്ന ചിത്രം പുറത്ത്; സോണിയ ഗാന്ധിയുടെ വസതിയിലെ സന്ദര്‍ശനവും വിവാദത്തിലേക്ക്; പോറ്റിയെ കാണാന്‍ അടൂര്‍ പ്രകാശ് ബംഗ്ലൂരുവിലേക്കും പോയി; വിവാദം പുതിയ തലത്തില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കി കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഇരുവരും തമ്മില്‍ കേരളത്തിന് പുറത്തടക്കം വെച്ച് കൂടിക്കാഴ്ച നടത്തി. ശബരിമല തട്ടിപ്പില്‍ പോറ്റിയുടെ സഹായി രമേഷ് റാവുവും അടൂര്‍ പ്രകാശിനൊപ്പമുണ്ടായിരുന്നു. ബംഗളൂരുവില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍നിന്ന് ഒരു കവറും രമേഷ് റാവുവില്‍നിന്ന് ഒരു സമ്മാനപ്പൊതിയും ഏറ്റുവാങ്ങുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഉണ്ണികൃഷ്ണന്‍ പോറ്റിയും രമേഷ് റാവുവുമായി യുഡിഎഫ് കണ്‍വീനര്‍ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. ഇതോടെ അടൂര്‍ പ്രകാശിനെതിരേയും എസ് ഐ ടി അന്വേഷണം വന്നേക്കും.
അടൂര്‍ പ്രകാശിന് പോറ്റിയും സഹായികളുമായുമുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ യാദൃശ്ചികമായ ബന്ധം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്നായിരുന്നു അടൂര്‍ പ്രകാശ് മുന്‍പ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആ ന്യായങ്ങളെല്ലാം പൊളിക്കുന്നതാണ് പുതിയ ചിത്രങ്ങള്‍. പോറ്റിയും പങ്കാളികളുമായും എന്ത് തരം ബന്ധമാണ് തനിക്കുള്ളതെന്ന് യുഡിഎഫ് കണ്‍വീനര്‍ മറുപടി പറയേണ്ടിവരും. പോറ്റിയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടൂര്‍ പ്രകാശ് 2024 ജനുവരി 27ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവില്‍നിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരും നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതാണ് ചിത്രങ്ങളില്‍.
ന്യൂഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍വച്ചുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചിത്രത്തില്‍ രാഘവേന്ദ്രയും രമേശുമുണ്ട്. 2017ലാണ് പോറ്റി ഡല്‍ഹിയില്‍ സോണിയയുടെ വീട്ടിലെത്തിയതെന്നാണ് അടൂര്‍ പ്രകാശ് മുമ്പ് പറഞ്ഞിരുന്നത്. അത് ശരിയാണെങ്കില്‍ ഇൗ സംഘവുമായി അടൂര്‍ പ്രകാശിന് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് സിപിഎം ആരോപിക്കുന്നു. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത് എംപിമാരായ ആന്റോ ആന്റണിയുടെയും അടൂര്‍ പ്രകാശിന്റെയും സഹായത്തോടെയാണെന്നാണ് ആരോപണം. നേരത്തെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടതില്‍ അസ്വാഭാവികതയില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നു. പിണറായി വിജയന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെ നില്‍ക്കുന്ന ചിത്രമുണ്ട്. അതുവച്ച് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല.
കൂടെ ഫോട്ടോ എടുത്തവരെ പ്രതിയാക്കണമെന്നല്ല പ്രതികളെ സംരക്ഷിക്കുന്നവരെ പ്രതിയാക്കണമെന്നാണ് പറഞ്ഞത്, സതീശന്‍ പറഞ്ഞു. കടകംപള്ളി അന്ന് ദേവസ്വം മന്ത്രിയാണ്. ദേവസ്വം മന്ത്രിയോട് ചോദിക്കാതെ ദേവസ്വം ബോര്‍ഡ് ഒരു തീരുമാനവും എടുക്കില്ല. അദ്ദേഹമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. അതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ബന്ധമുള്ളതിന് തെളിവുണ്ട് കോടതി ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കാമെന്നും സതീശന്‍ പറഞ്ഞിരുന്നു.
ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. 2025 ഒക്ടോബര്‍ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിച്ചില്ലെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന്, കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചു. കുടുതല്‍പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റുപത്രം സമര്‍പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. മൂന്നാഴ്ച്ചയ്ക്കകം കുറ്റപത്രം സമര്‍പിച്ചില്ലെങ്കില്‍ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കും. മറ്റ് പ്രതികള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും.
ശബരിമലയിലെ യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ മാറ്റി വേറെ വച്ചതിന്റെ സൂചനകളാണ് വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം നല്‍കുന്നതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിലപിടിച്ച ക്ഷേത്ര സ്വത്തിന്റെ ആസൂത്രിതവും ഘട്ടംഘട്ടവുമായുള്ള കവര്‍ച്ച നടന്നതായാണ് സൂചനകള്‍. 2 ദശാബ്ദമായുള്ള ക്ഷേത്രഭരണം, ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തേണ്ട ആവശ്യമാണു വന്നിരിക്കുന്നത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സമഗ്രവും ആഴത്തിലുള്ളതുമായ അന്വേഷണം വേണമെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് പറഞ്ഞിരുന്നു.


