മുംബൈ: കഴിഞ്ഞ ജൂണില്‍ അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക, വൈദ്യുത തകരാറുകള്‍ ഉണ്ടായതായി യുഎസിലെ വ്യോമയാന സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 ന് 242 പേരുമായി ലണ്ടനിലേക്ക് പോയ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുക ആയിരുന്നു. സമീപത്തുള്ള ഒരു മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചതിന് ശേഷം തീഗോളമായി മാറിയ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മരിച്ചു. ഉച്ചഭക്ഷണ സമയമായത് കാരണം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിമാനം ഇടിച്ചപ്പോള്‍ 19 പേര്‍ കൂടി മരിച്ചിരുന്നു.

2014 ലാണ് ഈ വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങിയത്. എന്നാല്‍ ആ കാലഘട്ടം മുതല്‍ തന്നെ വിമാനത്തിന് നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 2022 ല്‍ വിമാനത്തില്‍ വൈദ്യുതി പ്രശ്നത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായിട്ടുണ്ട്. വിമാനത്തിലെ പല സുപ്രധാന ഘടകങ്ങളും ഈ പശ്ചാത്തലത്തില്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നതായി ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റി ആരോപിച്ചു. 2014 ഫെബ്രുവരി 1 ന് ഇന്ത്യയില്‍ എത്തിയ ആദ്യ ദിവസം തന്നെ ബോയിംഗ് വിമാനത്തിന് പ്രശ്നങ്ങള്‍ നേരിട്ടതായി രേഖകള്‍ കാണിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 12 ന് യുഎസ് സെനറ്റ് പെര്‍മനന്റ് സബ്കമ്മിറ്റി ഓണ്‍ ഇന്‍വെസ്റ്റിഗേഷന് സംഘടന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനൊന്ന് വര്‍ഷം നീണ്ട് നിന്ന സര്‍വ്വീസ് കാലത്ത് വിമാനത്തിന് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായതായി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ നിര്‍മ്മാണം, ഗുണനിലവാരം, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ പ്രശ്‌നങ്ങളാണ് അപകടത്തിന് കാരണമെന്ന് ഗ്രൂപ്പ് ആരോപിച്ചു.

ഇലക്ട്രോണിക്‌സ്, സോഫ്‌റ്റ്വെയര്‍ തകരാറുകള്‍ മുതല്‍ സര്‍ക്യൂട്ട് ബ്രേക്കറുകളുടെ ആവര്‍ത്തിച്ചുള്ള ഡ്രിപ്പിംഗും ഷോര്‍ട്ട് സര്‍ക്യൂട്ടുകളും വരെ ഉണ്ടായി. ഇത് എല്ലാം തന്നെ വിമാനത്തിലെ നിര്‍ണ്ണായക ഘടകങ്ങള്‍ അമിതമായി ചൂടാകുന്നതിന് കാരണമായി. 2022 ജനുവരിയില്‍ വിമാനത്തിന്റെ പി-100 പവര്‍ ഡിസ്ട്രിബ്യൂഷന്‍ പാനലില്‍ ഉണ്ടായ തീപിടുത്തം വലിയ തോതിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേടുപാടുകള്‍ വളരെ ഗുരുതരമായതിനാല്‍ മുഴുവന്‍ പവര്‍ പാനലും മാറ്റിസ്ഥാപിക്കേണ്ടിവന്നു. ഇതേ വര്‍ഷം ഏപ്രിലില്‍ ലാന്‍ഡിംഗ്-ഗിയര്‍ ഇന്‍ഡിക്കേഷന്‍ സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറുകള്‍' കാരണം വിമാനം വീണ്ടും നിലത്തിറക്കേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ പ്രോക്സിമിറ്റി സെന്‍സിംഗ് ഡാറ്റ കോണ്‍സെന്‍ട്രേറ്റര്‍ മൊഡ്യൂള്‍, പിന്‍ ഇലക്ട്രോണിക്സ് ബേയിലെ ഇടത് കോമണ്‍ കോര്‍ സിസ്റ്റം റിമോട്ട് ഡാറ്റ കോണ്‍സെന്‍ട്രേറ്റര്‍, ഒരു റിമോട്ട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ യൂണിറ്റ് പവര്‍ മൊഡ്യൂള്‍ എന്നിവ മാറ്റിസ്ഥാപിച്ചതായും പറയപ്പെടുന്നു.

ബോയിംഗ് 787 വിമാനത്തിന്റെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ അതിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ബോയിംഗ് 787 ന്റെ ഇന്ത്യയിലെ അപകടം കൂടാതെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഈ ഇനത്തില്‍ പെട്ട വിമാനങ്ങളുമായി ബന്ധപ്പെട്ട്് രണ്ടായിരത്തോളം പരാതികള്‍ ഉയര്‍ന്നിരുന്നു. ജൂലൈയില്‍ ബ്യൂറോ ഒരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇത് പൈലറ്റിന്റെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ടേക്ക് ഓഫിന് ശേഷം രണ്ട് എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകളും 'റണ്‍' എന്നതില്‍ നിന്ന് 'കട്ട്ഓഫ്' എന്നതിലേക്ക് മാറിയെന്നും ഇത് ഉടനടി ത്രസ്റ്റ് നഷ്ടപ്പെട്ടതായും സൂചിപ്പിക്കുന്ന രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ പകര്‍ത്തിയിരുന്നു. ഒരു പൈലറ്റ് ഇന്ധന കട്ട്ഓഫിനെക്കുറിച്ച് ചോദിക്കുന്നതും മറ്റൊരാള്‍ സ്വിച്ചുകള്‍ ഓഫാക്കിയിട്ടില്ലെന്ന് മറുപടി നല്‍കുന്നതും കേള്‍ക്കാം.

ഒരു ബാക്കപ്പ് പവര്‍ സിസ്റ്റം യാന്ത്രികമായി വിന്യസിക്കുകയും രണ്ട് എഞ്ചിനുകളില്‍ ഒന്ന് വീണ്ടെടുക്കാന്‍ തുടങ്ങുകയും ചെയ്‌തെങ്കിലും, വിമാനത്തിന് ഉയരം വീണ്ടെടുക്കാന്‍ കഴിയാതെ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ബോയിംഗ് കമ്പനി വക്താക്കള്‍ തയ്യാറായിട്ടില്ല.