തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാന നഗരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് എന്നിവരടക്കം ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മഹിഷീ നിഗ്രഹനായ ധര്‍മ്മശാസ്താവിന്റെ വിഗ്രഹം നല്‍കിക്കൊണ്ടാണ് പ്രധാനമന്ത്രിയെ വേദിയില്‍ സ്വീകരിച്ചത്. ചരിത്ര വിജയം നേടിയ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്ന കാഴ്ചകളായിരുന്നു തലസ്ഥാന നഗരിയില്‍ സാക്ഷ്യം വഹിച്ചത്.

പുത്തരിക്കണ്ടം മൈതാനത്തെ ഔദ്യോഗിക പരിപാടിയില്‍ വേദിയുടെ അരികിലായിരുന്നു മേയര്‍ വി വി രാജേഷിന്റെ ഇരിപ്പിടം. മുഖ്യമന്ത്രിയും ഗവര്‍ണറും അടക്കം നിറഞ്ഞ വേദിയില്‍ മേയറെ നേരിട്ട് വന്ന് കൈ കൊടുക്കാന്‍ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ല. എന്നാല്‍ തന്റെ പ്രസംഗത്തില്‍ മോദി തിരുവനന്തപുരം മേയറെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി. 'തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വി വി രാജേഷ്...' തിരുവനന്തപുരം മേയറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന വി വി രാജേഷ്, തിരുവനന്തപുരത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ചായിരുന്നു സുഹൃത്ത് പരാമര്‍ശം. വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. കൂടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും. മേയര്‍ വിവി രാജേഷിന്റെ തോളില്‍ തട്ടി സംസാരിച്ചാണ് മോദി വേദിയില്‍ നിന്നും പുറത്തേക്ക് പോയത്. രാജേഷുമായി ആശയ വിനിമയവും നടത്തി. 'ഇന്ന് മേയറുടെ ദിനം' എന്നായിരുന്നു വി വി രാജേഷിനെ പ്രധാനമന്ത്രി ആശ്ലേഷിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് കെ സുരേന്ദ്രന്‍ കുറിച്ചത്.

പിന്നീട് നേരെ പോയത് ബിജെപി പരിപാടിയിലേക്കായിരുന്നു. അവിടെ വച്ച് വാരിപ്പുണര്‍ന്നും തോളില്‍ തട്ടിയുമാണ് പ്രധാനമന്ത്രി വി വി രാജേഷിനെ അഭിനന്ദിച്ചത്. ഡെപ്യൂട്ടി മേയര്‍ ആശാനാഥാകട്ടെ നിറകണ്ണുകളോടെ പ്രധാനമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങുകയും ചെയ്തു. എന്നാല്‍ ചടങ്ങില്‍ എല്ലാവരെയും ഞെട്ടിച്ചത് ഡെപ്യൂട്ടി മേയര്‍ ആശാനാഥിനോട് പ്രധാനമന്ത്രി കാണിച്ച ആദരവാണ്.

കാല്‍തൊട്ട് വന്ദിക്കാന്‍ എത്തിയ ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പാദം വന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി കണ്ടുനിന്നവരെയെല്ലാം അമ്പരപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു അപ്രതീക്ഷിത നീക്കം ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാവുകയാണ്. ചടങ്ങില്‍ എല്ലാവരെയും ഞെട്ടിച്ചത് ഡെപ്യൂട്ടി മേയര്‍ ആശാനാഥിനോട് പ്രധാനമന്ത്രി കാണിച്ച ആദരവാണ്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ കാഴ്ചയെന്ന് ആശാനാഥ് പറയുന്നു. തനിക്ക് വലിയ ആരാധനയുള്ള വ്യക്തിയായ പ്രധാനമന്ത്രിയെ ഒന്ന് തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു കാണിച്ച ആദരവ് കണ്ട് കണ്ണ് നിറഞ്ഞു പോയെന്നും, ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണിതെന്നും അവര്‍ വ്യക്തമാക്കി.

വെറുമൊരു പ്രധാനമന്ത്രി എന്നതിലുപരി ഒരു സാധാരണ നേതാവിനെപ്പോലെ എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം സംസാരിച്ചത്. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിന് കൂടെയുണ്ടാകുമെന്ന വലിയ ഉറപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. മാലിന്യപ്രശ്‌നം, തെരുവുവിളക്കുകള്‍, സ്ത്രീ സുരക്ഷ തുടങ്ങി നഗരത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ ഇടപെടലുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നഗരസഭയുടെ വരാനിരിക്കുന്ന ബജറ്റില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ആത്മവിശ്വാസം ഈ കൂടിക്കാഴ്ച നല്‍കിയതായും ആശാനാഥ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നഗരപിതാവ് വി.വി. രാജേഷ് സംസാരിച്ചു. കഴിഞ്ഞ 11 വര്‍ഷമായി രാജ്യം കണ്ട വികസന കുതിപ്പ് തിരുവനന്തപുരത്തും നടപ്പിലാക്കുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്. നാല് പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരം പിടിച്ചെടുത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്