തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളന വേദിയിലും അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ബിജെപി പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്. മേയര്‍ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ ഒറ്റയ്ക്കു മാറിനില്‍ക്കുകയായിരുന്നു. പരിപാടിയില്‍ ഉടനീളം പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്ന അവര്‍ അദ്ദേഹത്തെ യാത്രയാക്കുന്ന സമയത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം ചേരാതെ മാറിനില്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നും എന്നാല്‍ പിന്നീട് തന്നെ തഴഞ്ഞുവെന്നും അവര്‍ നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു.

മോദിയെ യാത്ര അയയ്ക്കാനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ. ബിജെപിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ, വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലാണ് ഇരുന്നതെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ തയ്യാറായില്ല. പ്രധാനമന്ത്രി മോദി മേയര്‍ വി.വി. രാജേഷിനെ ആലിംഗനം ചെയ്യുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്തപ്പോള്‍ സദസിലും വേദിയിലും ഉണ്ടായിരുന്നവര്‍ ആവേശത്തിലായെങ്കിലും ശ്രീലേഖയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ബിജെപി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഈ പൊതുസമ്മേളനത്തിലും പാര്‍ട്ടി നേതൃത്വത്തോടുള്ള തന്റെ കടുത്ത അതൃപ്തി ശ്രീലേഖയുടെ മുഖഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായിരുന്നു.

അവസാന നിമിഷം മേയര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുമ്പ് ശ്രീലേഖ വേദി വിട്ടതും നേരത്തേ തന്നെ ചര്‍ച്ചയായിരുന്നു. കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയതോടെ മേയര്‍സ്ഥാനം ആര്‍ക്കുനല്‍കണമെന്നതില്‍ നേതാക്കള്‍ രണ്ടുതട്ടിലായിരുന്നു. മേയര്‍സ്ഥാനം ശ്രീലേഖയ്ക്ക് നല്‍കണമെന്ന് ഒരു വിഭാഗം നിലപാടെടുത്തെങ്കിലും മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കളും ആര്‍എസ്എസും വി.വി. രാജേഷിനായി നിലകൊണ്ടതോടെ ശ്രീലേഖ പുറത്താകുകയായിരുന്നു.

2024 ഒക്ടോബറിലാണ് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നത്. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായശേഷം നടന്ന പുനഃസംഘടനയില്‍ അവരെ വൈസ് പ്രസിഡന്റാക്കി. രാഷ്ട്രീയരംഗത്ത് കൂടുതല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ളയാള്‍ മേയറായാല്‍ മതിയെന്ന് ആര്‍എസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് ശ്രീലേഖയ്ക്ക് വഴിയടഞ്ഞത്.