കണ്ണൂര്‍: അശാന്തിയുടെ കനലുകള്‍ കെട്ടടങ്ങാത്ത കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ് സി.പി.എം. ക്ഷേത്ര ഉത്സവങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്ന ഗണഗീതാലാപനത്തെ പരസ്യമായി വെല്ലുവിളിച്ചും, വോട്ടര്‍ പട്ടികയിലെ 'അസ്വാഭാവിക' വര്‍ധനവില്‍ ദുരൂഹത ആരോപിച്ചും സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തിയതോടെ ജില്ല വീണ്ടും രാഷ്ട്രീയ വാഗ്വാദങ്ങളുടെ പ്രഭവകേന്ദ്രമാകുന്നു.

ഗണഗീതം ആര്‍.എസ്.എസ് ഓഫീസില്‍ പാടിയാല്‍ മതിയെന്നും ക്ഷേത്രങ്ങളില്‍ അത് അനുവദിക്കില്ലെന്നുമുള്ള സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രസ്താവന കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്ന സംഘപരിവാര്‍ തന്ത്രത്തിന് ക്ഷേത്രങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന കര്‍ക്കശമായ നിലപാടാണ് സി.പി.എം ഇവിടെ സ്വീകരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ഗണഗീതം പാടിയാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ കണ്ണൂരിലെ ക്ഷേത്രപരിസരങ്ങളെ രാഷ്ട്രീയ സംഘര്‍ഷഭരിതമാക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

വെറും വോട്ടര്‍ പട്ടിക പുതുക്കലല്ല, മറിച്ച് ആസൂത്രിതമായ അട്ടിമറി നടക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ മറ്റൊരു പ്രധാന ആരോപണം. തളിപ്പറമ്പ് മണ്ഡലത്തിലെ ചില ബൂത്തുകളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വന്തം നമ്പറില്‍ ഒ.ടി.പി നല്‍കി വോട്ട് ചേര്‍ത്തപ്പോള്‍, അവര്‍ അറിയാതെ തന്നെ മൂന്ന് ഇതരസംസ്ഥാനക്കാരുടെ പേരുകള്‍ കൂടി കടന്നുകൂടിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ആത്മീയതയുടെ പേരില്‍ ഗണഗീതവും അണിയറയില്‍ വോട്ടര്‍ പട്ടികയിലെ 'മാജിക്കും' ചേരുമ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയ ഗ്രാമങ്ങള്‍ വരും മാസങ്ങളില്‍ കൂടുതല്‍ ചടുലമായ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടുന്നത് തടയാന്‍ സ്റ്റേജിലേക്ക് ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ നാട്ടുകാരും ഭക്തരും ചേര്‍ന്ന് കൈകാര്യം ചെയ്തിരുന്നു. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. ഗണഗീതം ആലപിക്കുന്നത് തടയാന്‍ ശ്രമിച്ച സിപിഎം-ഡിവൈഎഫ്ഐ സംഘത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടയുകയും സ്റ്റേജില്‍ നിന്ന് പിടിച്ചിറക്കി 'പഞ്ഞിക്കിടുകയുമായിരുന്നു'. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ളതാണ് ഈ ക്ഷേത്രം.

തൃശൂരില്‍ നിന്നുള്ള ഗായകസംഘമാണ് ഉത്സവപ്പറമ്പില്‍ പാടാനെത്തിയത്. സദസ്സില്‍ നിന്നുള്ള ആവശ്യപ്രകാരം ഗായകന്‍ ഗണഗീതം ആലപിച്ചു തുടങ്ങിയതോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഹിഷ്ണുതയുമായി സ്റ്റേജിലേക്ക് കയറിയത്. പാട്ട് പാടിക്കൊണ്ടിരുന്ന ഗായകനെ ഭീഷണിപ്പെടുത്തി പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ ഡിവൈഎഫ്ഐക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഗണഗീതം തടയാന്‍ ശ്രമിച്ചവരെ ജനം സ്റ്റേജില്‍ നിന്ന് തള്ളിയിറക്കി. തുടര്‍ന്നുണ്ടായ ഉന്തും തള്ളിലും മര്‍ദ്ദനത്തിലും സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ക്ഷേത്ര കമ്മിറ്റിയില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ളതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ക്ഷേത്ര ചടങ്ങുകള്‍ക്കിടയില്‍ രാഷ്ട്രീയ അജണ്ടയുമായി എത്തിയവര്‍ക്ക് ഭക്തരില്‍ നിന്ന് തന്നെ കനത്ത പ്രഹരമാണ് ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും, ക്ഷേത്രവിശ്വാസികളുടെ വികാരത്തെ മാനിക്കാതെ അതിക്രമം കാണിച്ചവര്‍ക്ക് ലഭിച്ച തക്കതായ മറുപടിയാണിതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇരുവിഭാഗവും പോലീസില്‍ പരാതി നല്‍കി.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഗണഗീതത്തെ പോലും ഭയക്കുന്ന സിപിഎം നിലപാടാണ് ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു. കണ്ണൂരില്‍ കോണ്‍ഗ്രിസനും സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള ക്ഷേത്രങ്ങളുണ്ട്. ദേവസ്വം ബോര്‍ഡിന് അവിടെ കാര്യമില്ല. അവിടെ നടക്കുന്നതെല്ലാം നിശ്ചയിക്കുനനത് അതാത് ഭരണസമിതിയാണ്. ഇതിനെയാണ് കണ്ണാടിപ്പറമ്പില്‍ സിപിഎം അണികള്‍ ചോദ്യം ചെയ്തത്.