തിരുവനന്തപുരം: മകരവിളക്ക് ദിവസം ശബരിമലയില്‍ സിനിമാ ചിത്രീകരണം നടത്തിയെന്ന വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. ജയകുമാറിന് മറുപടിയുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. സന്നിധാനത്തല്ല, മറിച്ച് പമ്പയിലാണ് ചിത്രീകരണം നടന്നതെന്നും ഇതിന് അനുമതി നല്‍കിയത് എ.ഡി.ജി.പി എസ്. ശ്രീജിത്താണെന്നും അനുരാജ് വെളിപ്പെടുത്തി. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ അധികാരാതിര്‍ത്തിയില്‍ പോലീസ് കടന്നുകയറിയോ എന്ന ചോദ്യം ഉയരുകയാണ്.

ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ച കാര്യം സംവിധായകന്‍ സമ്മതിക്കുന്നുണ്ട്. സന്നിധാനത്ത് വെച്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ കണ്ടപ്പോള്‍ പമ്പയില്‍ വെച്ച് ചിത്രീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. സന്നിധാനത്തല്ല, പമ്പ പശ്ചാത്തലമാക്കിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്ത് ഷൂട്ട് ചെയ്യാന്‍ എ.ഡി.ജി.പി അനുമതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച അന്വേഷണം നടക്കട്ടെ എന്നും അനുരാജ് മനോഹര്‍ പ്രതികരിച്ചു.

മകരവിളക്ക് ദിവസം തിരക്ക് കണക്കിലെടുത്തും, ഹൈക്കോടതിയുടെ കര്‍ശന വിലക്ക് നിലനില്‍ക്കുന്നതിനാലും ഷൂട്ടിംഗിന് അനുമതി നല്‍കാനാവില്ലെന്ന് ജയകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ചിത്രീകരണം നടന്നതായി പരാതി ലഭിച്ചതോടെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. 'അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ തുടര്‍നടപടികളുണ്ടാകും' മെന്ന് കെ. ജയകുമാര്‍ അറിയിച്ചു.

ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍, ദേവസ്വം ബോര്‍ഡ് വിലക്കിയ ഒരു കാര്യത്തിന് അനുമതി നല്‍കി എന്നതാണ് വിവാദത്തിന്റെ കാതല്‍. ഹൈക്കോടതിയുടെ ഉത്തരവുകള്‍ നിലനില്‍ക്കെ പോലീസ് ഇത്തരമൊരു നിലപാടെടുത്തത് ദേവസ്വം ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിലപാട് നിര്‍ണ്ണായകമാകും. പമ്പയായാലും ദേവസ്വം ബോര്‍ഡിന്റെ പരിധിയിലാണ്. ചാലക്കയം കഴിഞ്ഞാല്‍ ദേവസ്വത്തിനാണ് അധികാരം. വനംവകുപ്പും നിര്‍ണ്ണായക ഘടകമാണ്. ഇവിടെയാണ് നരിവേട്ട സിനിമയുടെ സംവിധായകന്റെ ഷൂട്ടിംഗ് വിവാദമാകുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ട് വരുന്നതോടെ പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഈ 'അധികാര തര്‍ക്കം' കൂടുതല്‍ പരസ്യമായേക്കും. ശബരിമലയുടെ പവിത്രതയും സുരക്ഷയും മുന്‍നിര്‍ത്തി കോടതിയുടെ നിരീക്ഷണങ്ങള്‍ കൂടി ഉണ്ടാകാന്‍ സാധ്യതയുള്ള വിഷയമായി ഇത് മാറുകയാണ്. ഇത് ശബരിമലയില്‍ ഇനിയുള്ള കാലത്ത് നിര്‍ണ്ണായകമായി മാറും. ശബരിമല കൊള്ളയ്ക്ക് ശേഷം ഓരോ ഓരോ വിവാദങ്ങളായി ഉണ്ടാവുകയാണെന്നതാണ് വസ്തുത.

നരിവേട്ട ചിത്രത്തിന്റെ സംവിധായകനാണ് അനുരാജ് മനോഹര്‍. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സംവിധായകന്‍ തന്നെ എന്ന് ജയകുമാര്‍ പറഞ്ഞു. പമ്പ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നുണ്ടെന്നും അതിന് മകരവിളക്ക് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്ത് ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍ തന്നെ അനുമതി നിഷേധിച്ചിരുന്നതായും ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് സിനിമ ഷൂട്ട് ചെയ്യാന്‍ ഹൈക്കോടതി വിലക്ക് ഉണ്ടെന്നും മാത്രമല്ല മകരവിളക്ക് ദിവസം ഷൂട്ടിങ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഇതിന് ശേഷം സിനിമയുടെ ഷൂട്ടിങ നടത്തിയെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിന് പരാതി ലഭിച്ചത്.

ദേവസ്വം പ്രസിഡന്റ് അനുമതി നിഷേധിച്ചിട്ടും ഷൂട്ടിങ് നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് കെ ജയകുമാര്‍ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷൂട്ട് ചെയ്തത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പമ്പയില്‍ ഷൂട്ടിങ് നടത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. പിന്നീട് തിരക്കുമൂലം ഇക്കാര്യം ജയകുമാറിനെ അറിയിക്കാനായില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അനുരാജ് മനോഹര്‍ പറഞ്ഞു.