- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധമാവാമോ? ഒരാളുമായി പ്രണയത്തിലായി എന്ന കാരണത്താല്‍ മറ്റൊരാളെ പ്രണയിക്കുന്നത് നിര്ത്തേണ്ടതുണ്ടോ? സദാചാര മലയാളിയെ ഞെട്ടിച്ച് കെല്എഫില് ബഹു ലൈംഗികത ചര്‍ച്ചയായപ്പോള്‍!
കെല്എഫില് ബഹു ലൈംഗികത ചര്‍ച്ചയായപ്പോള്‍!

ഒരു പുരോഗമന സമൂഹമാണ് എന്ന് പറയുമ്പോഴും, അടിസ്ഥാനപരമായി സദാചാരബോധങ്ങളിലും ബന്ധങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഒരു പാട്രിയാര്‍ക്കല്‍ സമൂഹം തന്നെയാണ് നാം. ബഹുഭാര്യാത്വം നമുക്ക് പരിചതമാണെങ്കിലും ബഹുഭര്‍തൃത്വം എന്നത് ഇപ്പോഴും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. നമ്മുടെ പ്രണയങ്ങളും ബന്ധങ്ങളുമെല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നുവെന്ന് നടിക്കയാണ്. അതിന് വിരുദ്ധമായ ചര്‍ച്ചകളെയൊക്കെ സാദാചാരക്കുരുപൊട്ടിച്ച് തള്ളുകയാണ് സമൂഹം ചെയ്യാറുള്ളത്.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ഒരു ചര്‍ച്ച ഇത്തരം സദാചാര മലയാളികള്‍ക്ക് താങ്ങാന്‍ കഴിയാവുന്നതില്‍ അപ്പുറത്തായിരുന്നു. മറ്റൊരാളുമായി പ്രണയത്തിലായി എന്ന കാരണത്താല്‍ ഒരാളെ പ്രണയിക്കുന്നത് നിര്‍ത്തേണ്ടതില്ലെന്ന് എഴുത്തുകാരിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അരുന്ധതി ഘോഷ് പറയുന്നു. പോളിയാമറി (ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തല്‍) ചര്‍ച്ചയായ കെ എല്‍ എഫ് വേദിയില്‍ ' മെനി ഹാര്‍ട്ടസ് ക്രോസ് ടൈം, പോളിയാമറി ഇന്‍ ഇന്ത്യ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. സഞ്ജന രാമചന്ദ്രന്‍ മോഡറേറ്ററായ സെഷനില്‍ എഴുത്തുകാരന്‍ എതിരന്‍ കതിരവനും സന്നിഹിതനായിരുന്നു.
ഏകഭാര്യാത്വം കാലാതീതമല്ല
സമൂഹം പതിവായി അംഗീകരിച്ചു വരുന്ന ഏകപത്നിപ്രണയധാരണകളെ ചോദ്യം ചെയ്യുന്ന ചര്‍ച്ചയായിരുന്നു വേദിയില്‍ നടന്നത്. പ്രണയം എങ്ങനെയാകണം എന്ന ഉറച്ച ധാരണകളെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ചര്‍ച്ചകള്‍. സഞ്ജന തന്റെ സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് സംവാദത്തിന് തുടക്കം കുറിച്ചപ്പോള്‍ അരുന്ധതി, പോളിയാമറിയെ ഒരേസമയം ഒന്നിലധികം ആളുകളെ സ്നേഹിക്കാന്‍ കഴിയുന്ന, സത്യസന്ധതയും പരസ്പര സമ്മതവും അടിസ്ഥാനമാക്കിയ ബന്ധരീതിയായി വിശദീകരിച്ചു.
സമ്മതത്തോടെയും സുതാര്യതയോടെയും ഒന്നിലധികം വ്യക്തികളുമായി വൈകാരികവും പ്രണയപരവുമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനെയാണ് പോളിയാമറി എന്ന് വിശേഷിപ്പിക്കുന്നതെന്ന് അരുന്ധതി ഘോഷ് വ്യക്തമാക്കി. ഒരാളുമായി പ്രണയത്തിലായതു കൊണ്ട് മറ്റൊരാളെ പ്രണയിക്കുന്നത് നിര്‍ത്തേണ്ടതില്ല. പോളിയാമറി എന്നത് ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ച് അല്ലെന്നും വൈകാരിക സത്യസന്ധതയെക്കുറിച്ചാണെന്നും അവര്‍ പറഞ്ഞു.
ഏകഭാര്യത്വം കാലാതീതമായ മാനദണ്ഡമാണെന്ന ആശയത്തെ പ്രഭാഷകര്‍ ചോദ്യം ചെയ്തു. വൈവിധ്യമാര്‍ന്ന ബന്ധങ്ങള്‍ വളരെക്കാലമായി നിലവിലുണ്ടെന്ന് വ്യക്തമാക്കാന്‍ കേരളത്തിലെ ചരിത്രപരവും സാംസ്‌കാരികവുമായ സന്ദര്‍ഭങ്ങള്‍ കതിരവന്‍ പരാമര്‍ശിച്ചു. അതേസമയം, കൊളോണിയല്‍ - പാട്രിയാക്കല്‍ സംവിധാനങ്ങളാണ് ഏകഭാര്യത്വമെന്ന മാനദണ്ഡത്തെ പ്രബലമായ ഒരു ആശയമാക്കി മാറ്റിയതെന്ന് ഘോഷ് അഭിപ്രായപ്പെട്ടു.
അതേസമയം, പോളിയാമറിയില്‍ സത്യസന്ധത ഒരു കേന്ദ്രവിഷയമായി ഉയര്‍ന്നു വരികയും ചെയ്തു. പരസ്യമായി ചര്‍ച്ച ചെയ്യുന്ന ബന്ധങ്ങളേക്കാള്‍ രഹസ്യബന്ധം ദോഷം ചെയ്യുമെന്നും ഘോഷ് ചൂണ്ടിക്കാട്ടി. സ്നേഹം ഒരാളിലേക്കു മാത്രം ചുരുങ്ങേണ്ടതില്ലെന്നും, പുതുതായി ഉണ്ടാകുന്ന സ്നേഹങ്ങള്‍ പഴയ ബന്ധങ്ങളെ ഇല്ലാതാക്കുന്നില്ലെന്നുമായിരുന്നു സെഷനിലെ പ്രധാനചര്‍ച്ച.
ഞെട്ടിച്ച് അരുന്ധതി ഘോഷ്
മലയാളി സമൂഹത്തിലേക്ക് ഞെട്ടിക്കുന്ന ഒരു ചിന്തയാണ്, ആരുദ്ധതി ഘോഷ് കടത്തിവിട്ടിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തയായ എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയും സോഷ്യല്‍ ആക്ടിവിസ്റ്റുമാണ് അരുന്ധതി ഘോഷ്. കല, സംസ്‌കാരം, മനുഷ്യാവകാശം എന്നീ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയം ഇവര്‍ക്കുണ്ട്. ഇന്ത്യയിലെ കലാരംഗത്തെ പ്രമുഖ സംഘടനയായ ഇന്ത്യ ഫൗണ്ടേഷന്‍ ഫോര്‍ ദ ആര്‍ട്‌സിന്റെ (IFA) എക്സിക്യൂട്ടീവ് ഡയറക്ടറായി 2013 മുതല്‍ 2023 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001-ലാണ് ഇവര്‍ ഈ സംഘടനയില്‍ ചേര്‍ന്നത്. 'ഓള്‍ അവര്‍ ലൗസ്, ജേണി വിത്ത് പോളിയാമറി ഇന്‍ ഇന്ത്യ' എന്ന ബഹുഭാര്യത്വ/ബഹുഭര്‍തൃത്വ ബന്ധങ്ങളെക്കുറിച്ച് 2025-ല്‍ പുറത്തിറങ്ങിയ ഇവരുടെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പുസ്തകത്തിന് 2025-ലെ റെയിന്‍ബോ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'നോണ്‍ ഫിക്ഷന്‍ ബുക്ക് ഓഫ് ദ ഇയര്‍' പുരസ്‌കാരം ലഭിച്ചു.ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തില്‍ ഇവര്‍ പ്രതിമാസ കോളം എഴുതുന്നുണ്ട്.
സാമൂഹിക പ്രവര്‍ത്തനം: സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന വിവിധ പൗര സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കോവിഡ് കാലത്ത് ലൈംഗിക തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും വേണ്ടി ധനസമാഹരണം നടത്തുന്നതില്‍ ഇവര്‍ നേതൃപരമായ പങ്ക് വഹിച്ചു.
യുകെയിലെ പ്രശസ്തമായ ഷെവനിംഗ് ക്ലോര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് (20152016) ലഭിച്ചിട്ടുണ്ട്.2008-ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ 'ലീഡ് ഇന്ത്യ' ക്യാമ്പയിനില്‍ ബെംഗളൂരു നഗരത്തിലെ മികച്ച മൂന്ന് നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി,, സോളിഡാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉപദേശക സമിതികളില്‍ അംഗമാണ്. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2020-ലെ രാജ്യാന്തര നാടകോത്സവത്തിന്റെ (ക്യുറേറ്റര്‍മാരില്‍ ഒരാളായിരുന്നു.


