- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെഎല്‍എമ്മും എയര്‍ ഫ്രാന്‍സും ദുബായ് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി വച്ചു; വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ മുടങ്ങും; യുകെയില്‍ നിന്നുള്ള വിമാനങ്ങളും അനിശ്ചിതത്വത്തില്‍: പലരുടെയും യാത്ര അവതാളത്തില്‍; പശ്ചിമേഷ്യന്‍ ആകാശത്ത് അനിശ്ചിതത്വം

ദുബായ്: അമേരിക്കയുടെ ഏത് ആക്രമണത്തിനും ഉള്ള മറുപടി ഒരു പൂര്‍ണ്ണ യുദ്ധമായിരിക്കും എന്ന ഇറാന്റെ പ്രതികരണം വന്നതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ ശക്തമായതിനെ തുടര്‍ന്ന് കെ എല്‍ എം, എയര്‍ ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെ നിരവധി വിമാനക്കമ്പനികള്‍ മദ്ധ്യപൂര്‍വ്വ ഏഷ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അമേരിക്കയുടെ ഒരു വിമാനവാഹിനി കപ്പല്‍ ഉള്‍പ്പടെയുള്ള യുദ്ധ സന്നാഹങ്ങള്‍ മേഖലയിലേക്ക് നീങ്ങാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ് വരുന്നത്. ഇതോടെ ഒരു യുദ്ധ സമാനമായ സാഹചര്യമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്.
വര്‍ത്തമാനകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ കാരണം ദുബായിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കുകയാണ് എന്ന് എയര്‍ ഫ്രാന്‍സ് അറിയിച്ചപ്പോള്‍, ഇറാനും ഇറാഖും ഉള്‍പ്പടെ ആ മേഖലയിലെ നിരവധി രാജ്യങ്ങളുടെ വ്യോമപാതകളില്‍ കൂടിയുള്ള യാത്ര നിര്‍ത്തുന്നു എന്നാണ് ഡച്ച് വിമാനക്കമ്പനിയായ കെ എല്‍ എം, പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ സേന എത്തിച്ചേരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇറാന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏറ്റവും മോശപ്പെട്ട സാഹചര്യത്തിനായി പോലും ഇറാന്‍ തയ്യാറെടുക്കുകയാണെന്നും ഇറാന്‍ വക്താവ് അറിയിച്ചിരുന്നു.
ഇറാനിലെ പ്രക്ഷോഭകരോട്, പ്രതിഷേധവും പ്രക്ഷോഭങ്ങളും തുടരാന്‍ ആവശ്യപ്പെട്ട് ട്രംപ് പ്രസ്താവന ഇറക്കി ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അമേരിക്കന്‍ പട ഇവിടെ എത്തുന്നത്. സഹായം ഉടനെ എത്തുമെന്നും അന്ന് ട്രംപ് ഉറപ്പ് നല്‍കിയിരുന്നു. സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നത് ഒരു യഥാര്‍ത്ഥ ഏറ്റുമുട്ടലിന് വേണ്ടി ആയിരിക്കില്ല എന്ന് ആശിക്കുന്നതായി പറഞ്ഞ, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഇറാന്‍ ഉന്നതോദ്യോഗസ്ഥന്‍ എന്നാല്‍, ഏത് സാഹചര്യവും അഭിമുഖീകരിക്കാന്‍ ഇറാന്‍ തയ്യാറാണെന്നും അറിയിച്ചു.
സമീപകാലത്ത് ഇതിനു മുന്‍പ് അമേരിക്ക ഇതുപോലൊരു സൈനിക സന്നാഹമൊരുക്കിയത് കഴിഞ്ഞ ജൂണില്‍ ഇറാനെതിരെയുള്ള ആക്രമണത്തിനായിരുന്നു. പിന്നെ വെനിസുലന്‍ അധിനിവേശത്തിനു മുന്‍പായി കരീബിയന്‍ മേഖലയിലും അമേരിക്കന്‍ സന്നാഹമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ദുബായ് സര്‍വ്വീസുകള്‍ മരവിപ്പിക്കുകയാണെന്നും അറിയിച്ചത്.
അതേസമയം, ടെല്‍ അവീവ്, ദുബായ്, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കുകയാണെന്നാണ് കെ എല്‍ എം, നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റര്‍, എന്‍ ഒ എസ്സിനോട് പറഞ്ഞത്. എന്നാല്‍, സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിന് കാരണമൊന്നും അവര്‍ പറഞ്ഞില്ല. ഡച്ച് അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
ലുഫ്താന്‍സയും ഈ മേഖലയിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കുന്നതായി അറിയിച്ചിട്ടുണ്ട്. ദുബായ്, റിയാദ്, ടെല്‍അവീവ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് കൂടുതലായി റദ്ദാക്കപ്പെടുന്നത്. ഇന്‍ഡിഗോയും, എയര്‍ ഇന്ത്യയും മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം തങ്ങളുടെ ചില അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ഇതോടെ ബ്രിട്ടനില്‍ നിന്നും ദുബായ് വഴിയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടേക്കും എന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.


