തൃശൂര്‍: 2028 ല്‍ കേരള കുംഭമേള അതിവിപുലമായി നടത്താന്‍ വിവിധ മഠങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നുമുള്ള സന്യാസിമാര്‍ തീരുമാനിച്ചു. നിളാ നദിയുടെ ഇരു കരകളിലുമായി നടത്താന്‍ നിശ്ചയിച്ച കുംഭമേളയ്ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും തവനൂര്‍ മാഘമക മഹോത്സവത്തോടനുബന്ധിച്ച് നടന്ന സന്യാസ സമ്മേളനം ആവശ്യപ്പെട്ടു.

മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദു ധര്‍മ്മം ശക്തമായി നിലയുറപ്പിച്ചതിന്റെ മാതൃകയാണ് ത്രിമൂര്‍ത്തി സംഗമ ഭൂമിയായ തവനൂരില്‍ പ്രകടമാവുന്നത്. ഇത് സമാജത്തിന്റെ ശക്തിയാണ് പ്രകടമാക്കുന്നത് എന്നും മാഘമക മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ഓരോരുത്തരും ധര്‍മ്മ സന്ദേശ വാഹകരാണെന്നും മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

മാവേലിക്കര ഉമ്പര്‍നാട് സിദ്ധാശ്രമത്തിലെ സത്സ്വരൂപനന്ദ, രാമാനന്ദ ആശ്രമത്തിലെ സ്വാമി ധര്‍മ്മാനന്ദ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ ശിവഗിരി മഠത്തിലെ ബ്രഹ്‌മസ്വരുപാനന്ദ പന്മന ആശ്രമത്തിലെ കൃഷ്ണമയാനന്ദതീര്‍ത്ഥര്‍ ചിന്മയാമിഷനിലെ സ്വാമി അശേഷാനന്ദ ബോധാനന്ദ ആശ്രമത്തിലെ സ്വാമി അധ്യാത്മാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയി മഠം താനൂര്‍ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ, സഭാപതി സ്വാമി സംവിദാനന്ദ ഗിരി തുടങ്ങിവര്‍ സമ്മേളത്തില്‍ പങ്കെടുത്തു.

സന്യാസിമാര്‍ക്ക് സമഷ്ഠി ഭണ്ഡാര

തവനൂര്‍: തവനൂര്‍ മാഘമക മഹോത്സവത്തി ന്റെ ഭാഗമായി വിവിധ മഠങ്ങളില്‍ നിന്നും വന്ന സന്യാസിമാര്‍ക്ക് മഹാ ഭിക്ഷ നല്‍കി. ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ ചേര്‍ന്ന സമഷ്ടി ഭണ്ഡാര മഹോത്സവത്തിന്റെ ശ്രദ്ധേയമായ ചടങ്ങുകളില്‍ ഒന്നായിരുന്നു. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായിട്ടാണ് മാഘമേളയില്‍ ആദ്യമായി നടന്ന സമഷ്ടി ഭണ്ഡാര വഴിപാട് നിര്‍വ്വഹിച്ചത്.