ലക്‌നൗ: വിവാഹ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ നവവധു കുഞ്ഞിനു ജന്മം നല്‍കി. പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ റാംപുര്‍ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് ഈ അസാധാരണ സംഭവം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞശേഷം ഭര്‍തൃവീട്ടിലെ അതിഥികള്‍ പിരിഞ്ഞുപോകും മുന്‍പാണ് നവവധുവിനു പ്രസവവേദന തുടങ്ങിയത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ച യുവതി അന്ന് തന്നെ പ്രസവിച്ചു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുംഹാരിയ ഗ്രാമത്തില്‍ താമസിക്കുന്ന റിസ്വാന്‍ അയല്‍ഗ്രാമത്തിലെ യുവതിയെ വിവാഹം ചെയ്തത്. വിവാഹത്തിനു മുന്‍പേ ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് ആചാര പ്രകാരം ഇവരുടെ വിവാഹം നടത്തുകയായിരുന്നു. അതേസമയം, വിവാഹ ആവശ്യവുമായി യുവതിയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് പൊലീസ് ഗ്രാമമുഖ്യനൊപ്പം ഇരുവീട്ടുകാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് വിവാഹത്തിലേക്ക് എത്തിയത്. ശേഷം വിവാഹ തീയതി നിശ്ചയിക്കുകയും ചെയ്തു.

വിവാഹ ആഘോഷങ്ങള്‍ക്കായി ശനിയാഴ്ച വൈകുന്നേരത്തോടെ റിസ്വാനും ബന്ധുക്കളും ആഘോഷപൂര്‍വം വധുവിന്റെ ഗ്രാമമായ ബഹാദൂര്‍ഗഞ്ചിലെത്തി. ആചാര പ്രകാരമുള്ള വിവാഹ കര്‍മങ്ങള്‍ കഴിഞ്ഞ ശേഷം വധുവിനെയും കൂട്ടി റിസ്വാന്‍ വീട്ടിലേക്കു തിരിച്ചു. വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. വിവാഹ ദിവസം യുവതി പ്രസവിച്ച സംഭവം ഗ്രാമത്തില്‍ ചര്‍ച്ചയായിരിക്കുയാണ്.