ചിക്കാഗോ: ലോകം എന്നെന്നേക്കുമായി അവസാനിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കിയെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ആഗോള വിനാശത്തിന്റെ സൂചകമായ 'ഡൂംസ്‌ഡേ ക്ലോക്കിന്റെ' സൂചി അര്‍ദ്ധരാത്രിക്ക് 85 സെക്കന്‍ഡ് മാത്രം ബാക്കിയുള്ള ദൂരത്തേക്ക് ശാസ്ത്രജ്ഞര്‍ മാറ്റി. 79 വര്‍ഷത്തെ ക്ലോക്കിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സൂചി അര്‍ദ്ധരാത്രിയോട് ഇത്രയും അടുത്തെത്തുന്നത്. 2026-ല്‍ മനുഷ്യരാശി നേരിടുന്ന ഭീഷണി ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അവസ്ഥയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആണവായുധങ്ങളുടെ വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, കൃത്രിമ ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ വിനാശകരമായ ഉപയോഗം എന്നിവയാണ് ലോകത്തെ ഈ അന്ത്യഘട്ടത്തിലേക്ക് നയിച്ചതെന്ന് 'ബുള്ളറ്റിന്‍ ഓഫ് ആറ്റോമിക് സയന്റിസ്റ്റ്സ്' വ്യക്തമാക്കി. 2025-ല്‍ ഇറാന്‍, ഇസ്രായേല്‍, റഷ്യ, യുഎസ് എന്നീ രാജ്യങ്ങള്‍ക്കിടയിലുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങളും ആണവായുധ നിയന്ത്രണ കരാറുകളുടെ കാലാവധി അവസാനിക്കുന്നതും ഈ തീരുമാനത്തെ സ്വാധീനിച്ചു. കൂടാതെ, 'മിറര്‍ ലൈഫ്' എന്നറിയപ്പെടുന്ന കൃത്രിമ ജൈവ വസ്തുക്കളുടെ നിര്‍മ്മാണവും പുതിയ മഹാമാരികള്‍ക്ക് കാരണമായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.

ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണെന്നും സമയം അതിവേഗം കൈവിട്ടുപോവുകയാണെന്നും ബുള്ളറ്റിന്‍ പ്രസിഡന്റ് അലക്‌സാന്ദ്ര ബെല്‍ പറഞ്ഞു. ആഗോള സഹകരണം ശക്തിപ്പെടുത്തിയില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947-ലാണ് ഡൂംസ്‌ഡേ ക്ലോക്ക് ആദ്യമായി സ്ഥാപിച്ചത്. 2011-ല്‍ അര്‍ദ്ധരാത്രിയിലേക്ക് ആറ് മിനിറ്റ് ബാക്കിയുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് വെറും 85 സെക്കന്‍ഡുകള്‍ മാത്രമായി അത് ചുരുങ്ങിയിരിക്കുന്നത്.

2026-ല്‍ നേരിട്ടതിനേക്കാള്‍ ഭീകരമായ ഒരു ലോകാവസാന ദുരന്ത ഭീഷണി മാനവരാശി ഒരിക്കലും നേരിട്ടിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്. ഇവര്‍ ആണവായുധങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, എ.ഐ പോലുള്ള വിനാശകരമായ സാങ്കേതികവിദ്യകള്‍, സിന്തറ്റിക് ബയോളജിക്കല്‍ വസ്തുക്കളുടെ സൃഷ്ടി എന്നിവയുള്‍പ്പെടെ ആഗോള സ്ഥിരതയ്ക്ക് ഒന്നിലധികം ഭീഷണികള്‍ ഉള്ളതായി ചൂണ്ടിക്കാട്ടി. ബുള്ളറ്റിന്‍ ഓഫ് ആറ്റോമിക് സയന്റിസ്റ്റുകളുടെ പ്രസിഡന്റും സിഇഒയുമായ അലക്‌സാണ്ട്ര ബെല്‍ പറയുന്നത് നമുക്ക് സമയം തീര്‍ന്നുപോകുന്നു എന്നാണ്.

ഇതൊരു കഠിനമായ യാഥാര്‍ത്ഥ്യമാണ് എന്നാണ് അവര്‍ പറയുന്നത്. 1947-ല്‍ ശീതയുദ്ധകാലത്ത്, അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു ആണവായുധ ഭീഷണിയെ കുറിച്ച്് നിരന്തരമായ ഭയം സൃഷ്ടിച്ചപ്പോള്‍, ഷിക്കാഗോ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംഘടന ഡൂംസ്ഡേ ക്ലോക്ക് സൃഷ്ടിച്ചു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഡൂംസ്ഡേ ക്ലോക്ക് അര്‍ദ്ധരാത്രിയോട് അടുത്തത് അതായത് ലോകം അവസാനിക്കുമെന്ന സാങ്കല്‍പ്പിക പോയിന്റ്. 2020 വരെ, ക്ലോക്ക് അര്‍ദ്ധരാത്രിയിലേക്ക് രണ്ട് മിനിറ്റിലധികം അടുത്തിരുന്നില്ല. ബുള്ളറ്റിന്‍സ് സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായ ഡാനിയേല്‍ ഹോള്‍സ് പറയുന്നത് 'കഴിഞ്ഞ വര്‍ഷം, ലോകം ദുരന്തത്തോട് അപകടകരമായി അടുത്തുവെന്നും രാജ്യങ്ങള്‍ അന്താരാഷ്ട്ര സഹകരണത്തിലേക്കും ഏറ്റവും നിര്‍ണായകവും അസ്തിത്വപരവുമായ അപകടസാധ്യതകളില്‍ നടപടികളിലേക്കും മാറേണ്ടതുണ്ടെന്നും തങ്ങള്‍ മുന്നറിയിപ്പ് നല്‍കി എ്ന്നാണ്. 2025 ല്‍ ആണവായുധ രാഷ്ട്രങ്ങള്‍ കൂടുതല്‍ ശത്രുതാപരമായി മാറിയെന്നും നാല് സെക്കന്‍ഡ് കുതിപ്പിനെ സ്വാധീനിച്ചുവെന്നും ഹോള്‍സ് കൂട്ടിച്ചേര്‍ത്തു.

2023-ല്‍ ശാസ്ത്രജ്ഞര്‍ 100 സെക്കന്‍ഡില്‍ നിന്ന് അര്‍ദ്ധരാത്രി വരെ 90 സെക്കന്‍ഡായി കുറച്ചതിനു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. 'യുഎസും റഷ്യയും തമ്മിലുള്ള ആണവായുധ ശേഖരം നിയന്ത്രിക്കുന്ന ഏറ്റവും പുതിയ ഉടമ്പടി അടുത്ത ആഴ്ച കാലഹരണപ്പെടും. എല്ലാ വര്‍ഷവും, മനുഷ്യരാശി സൈദ്ധാന്തികമായി സമ്പൂര്‍ണ്ണ ഉന്മൂലനത്തോട് എത്രത്തോളം അടുത്തിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഡൂംസ്ഡേ ക്ലോക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ക്ലോക്ക് മുന്നോട്ട് പോയി കുറച്ച് മിനിറ്റുകളോ സെക്കന്‍ഡുകളോ അര്‍ദ്ധരാത്രിയോട് അടുക്കുകയാണെങ്കില്‍ അത് മനുഷ്യവര്‍ഗം സ്വയം നാശത്തിലേക്ക് അടുത്തുവെന്ന് സൂചിപ്പിക്കുന്നു. അത് അര്‍ദ്ധരാത്രിയില്‍ നിന്ന് കൂടുതല്‍ അകന്നുപോയാല്‍, കഴിഞ്ഞ വര്‍ഷത്തെ ഇതേ പോയിന്റ് മുതല്‍ മാനവരാശി ആഗോള ദുരന്തത്തിന്റെ അപകടസാധ്യതകള്‍ കുറച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ചില വര്‍ഷങ്ങളില്‍, ക്ലോക്കിന്റെ സൂചികള്‍ ഒട്ടും ചലിക്കുന്നില്ല, ഇത് ലോകമെമ്പാടുമുള്ള ആഗോള പിരിമുറുക്കങ്ങളും ഭീഷണികളും നല്ലതിനോ മോശമായോ മാറിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം, നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, ആണവയുദ്ധ ഭീഷണി, കാലാവസ്ഥാ വ്യതിയാനം, പക്ഷിപ്പനി പകര്‍ച്ചവ്യാധി എന്നിവ ഉദ്ധരിച്ച് ബുള്ളറ്റിന്‍ ക്ലോക്ക് സമയം 89 സെക്കന്‍ഡിലേക്ക് മാറ്റി. പ്രതീകാത്മകമാണെങ്കിലും യഥാര്‍ത്ഥ ക്ലോക്കല്ലെങ്കിലും, 2026-ലേക്കുള്ള അവരുടെ വിലയിരുത്തലിന്റെ വാര്‍ത്ത ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയില്‍ ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്സ് പുറത്തു വിട്ടിരുന്നു. എല്ലാ ജനുവരിയിലും, ബുള്ളറ്റിന്‍ ഓഫ് ആറ്റോമിക് സയന്റിസ്റ്റ്സ്, ഡൂംസ്ഡേ ക്ലോക്കിനെക്കുറിച്ചുള്ള വാര്‍ഷിക അപ്‌ഡേറ്റ് വെളിപ്പെടുത്താറുണ്ട്. 1947 ജൂണില്‍, ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്സ് ജേണലിനായി ഒരു പുതിയ കവര്‍ രൂപകല്‍പ്പന ചെയ്യാന്‍ യുഎസ് കലാകാരനായ മാര്‍ട്ടില്‍ ലാങ്‌സ്‌ഡോര്‍ഫിനെ നിയമിച്ചപ്പോഴാണ് ഡൂംസ്‌ഡേ ക്ലോക്ക് ഔദ്യോഗികമായി നിലവില്‍ വന്നത്.