കണ്ണൂര്‍: സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ രചിച്ച 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മാത്രമല്ല, എം.എല്‍.എ ടി.ഐ. മധുസൂദനനെതിരെ ഗുരുതരമായ മറ്റ് സാമ്പത്തിക ആരോപണങ്ങളും പുസ്തകത്തിലുണ്ടെന്നാണ് സൂചന. വിപ്ലവ നായകന്‍ വി.എസ്. അച്യുതാനന്ദന് സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകം പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പുസ്തകത്തിലെ സ്‌ഫോടനാത്മക വെളിപ്പെടുത്തലുകള്‍ രക്തസാക്ഷി ധനരാജ് ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മാറ്റിയതും, തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലെ സുതാര്യതക്കുറവുമാണ് പുസ്തകത്തിലെ പ്രധാന വിഷയങ്ങള്‍. പയ്യന്നൂരിലെ ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരി വഴി വിദേശത്തുനിന്നടക്കം എം.എല്‍.എയ്ക്ക് വേണ്ടി വന്‍തോതില്‍ ഫണ്ട് സമാഹരിച്ചതായും പുസ്തകം ആരോപിക്കുന്നു. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ദീര്‍ഘകാല പ്രവൃത്തിപരിചയമുള്ള കുഞ്ഞികൃഷ്ണന്‍, കണക്കുകളിലെ കൃത്യതയോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ക്കെതിരെയും പുസ്തകത്തില്‍ വിമര്‍ശനമുണ്ടെന്നാണ് വിവരം.

പയ്യന്നൂരില്‍ നിശ്ചയിച്ചിരുന്ന പുസ്തക പ്രകാശനം താല്‍ക്കാലികമായി മാറ്റിവെച്ചു. പുസ്തകങ്ങള്‍ എത്തിച്ചാല്‍ അത് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രസന്നന്‍ എന്ന പ്രവര്‍ത്തകന്റെ ബൈക്ക് കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ഇത്തരത്തില്‍ അക്രമം ഭയന്ന് പല പ്രവര്‍ത്തകരും പരസ്യമായി രംഗത്തിറങ്ങാന്‍ മടിക്കുകയാണ്.

പയ്യന്നൂരിലെ കോട്ട കാക്കാന്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ നേരിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്. അണികള്‍ക്കിടയിലുള്ള സ്വീകാര്യത കണക്കിലെടുത്ത് പി. ജയരാജനെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രതിരോധം തീര്‍ക്കുന്നത്. അക്രമം വഴിവിട്ടാല്‍ അത് തിരിച്ചടിയാകുമെന്ന് കണ്ട നേതൃത്വം, കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രസന്നന്റെയും കുഞ്ഞികൃഷ്ണന്റെ സഹോദരന്റെയും വീടുകളില്‍ പി. ജയരാജനെ എത്തിച്ച് അനുനയ നീക്കങ്ങള്‍ നടത്തി. വി. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ലോക്കല്‍-ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ എം.വി. ഗോവിന്ദന്‍, കെ.കെ. ശൈലജ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പയ്യന്നൂരിലെത്തി പ്രവര്‍ത്തകരുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ സംസാരിക്കും. സി.പി.എമ്മിലെ ആഭ്യന്തര കലഹം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.