മുംബൈ: ബാരാമതിയില്‍ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അപകടം മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന അവകാശവാദവുമായി ജ്യോതിഷിയായ പ്രശാന്ത് കിനി. 2025 നവംബര്‍ 8 ല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയില്‍ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ കൊല്ലപ്പെട്ടേക്കാം എന്നാണ് ജ്യോതിഷി പ്രശാന്ത് കിനി പ്രവചിച്ചത്.

ഇന്ന് വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് തന്റെ പ്രവചനം പോലെ സംഭവിച്ചെന്ന് ജ്യോതിഷി അവകാശപ്പെട്ടത്. ഒപ്പം അടുത്ത മാസങ്ങളിലേക്കുള്ള മൂന്ന് പ്രവചനങ്ങളും പ്രശാന്ത് കിനി എക്‌സില്‍ കുറിച്ചു. അതേ സമയം, പ്രശാന്ത് കിനിയുടെ അവകാശവാദം പൂര്‍ണമായും ശരിയല്ലെന്ന് ഒട്ടേറെപ്പേര്‍ കമന്റുചെയ്തു.

പ്രവചനം പോലെ അജിത് പവാര്‍ ഒരിക്കലും മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയിട്ടില്ലെന്നും പ്രവചനം പാളിയെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. പ്രവചിക്കാന്‍ എളുപ്പമാണെന്നും, മരിക്കുന്നയാള്‍ ഏതു സംസ്ഥാനത്തുള്ളയാളാണ് എന്ന് പറഞ്ഞിരുന്നില്ലെന്നും പ്രവചനത്തെ വിമര്‍ശിക്കുന്ന ചിലര്‍ ചൂണ്ടിക്കാട്ടി.

അപകട സൂചനകള്‍ നിറഞ്ഞതാണ് പ്രശാന്ത് കിനിയുടെ പുതിയ പ്രവചനങ്ങള്‍. 2026 ഏപ്രിലില്‍ ബംഗാളിലോ ബംഗ്ലദേശിലോ യാത്രക്കാരുമായി പോകുന്ന ഫെറി മുങ്ങുമെന്നും, അടുത്ത രണ്ടുമാസത്തിനുള്ളില്‍ വിമാന അപകടം ഉണ്ടാകുമെന്നും, വരുന്ന മാര്‍ച്ച്, ഓഗസ്റ്റ്, നവംബര്‍ എന്നീ മാസങ്ങളിലൊന്നില്‍ വലിയ ട്രെയിന്‍ അപകടമുണ്ടാകും എന്നെല്ലാമാണ് പ്രവചനങ്ങള്‍.

ബംഗ്ലാദേശ് കലാപം:

ബംഗ്ലാദേശിലെ കലാപവും ഷെയ്ഖ് ഹസീന ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയതും മാസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നുവെന്നും പ്രശാന്ത് കിനി അവകാശപ്പെട്ടിരുന്നു. 2023 ഡിസംബര്‍ 14-നാണ് പ്രശാന്ത് കിനി പ്രവചനം നടത്തിയത്. 2024 മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ ഷെയ്ഖ് ഹസീന ജാഗ്രതയോടെ ഇരിക്കണമെന്നും ഒരു പക്ഷേ അവരെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്നുമായിരുന്നു പ്രശാന്ത് കിനിയുടെ പ്രവചനം. ഒരു ഉപയോക്താവ് ബംഗ്ലാദേശിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രശാന്തിനോട് ചോദിച്ചു. അത് പൂര്‍ണമായും ഇന്ത്യാ വിരുദ്ധമായിരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. 'കിഴക്കന്‍ പാകിസ്ഥാന്‍' എന്ന പൂര്‍വാവസ്ഥയിലേക്ക് ബംഗ്ലാദേശ് പോകുകയാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇതെന്തൊരു പ്രവചനം എന്നാണ് മറ്റൊരാള്‍ അമ്പരപ്പോടെ ചോദിച്ചത്.

നേപ്പാളിലെ പ്രക്ഷോഭം:

നേപ്പാളിലെ യുവജനപ്രക്ഷോഭം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ചിരുന്നു എന്ന് അവകാശപ്പെട്ടും പ്രശാന്ത് കിനി നേരത്തെ രംഗത്ത് വന്നിരുന്നു. ജ്യോതിഷിയാണെന്നും ടൈം ട്രാവലറാണെന്നും സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ സമൂഹ മാധ്യമമായ എക്സിലൂടെയാണ് അന്ന് അവകാശവാദം ഉയര്‍ത്തിയത്. നേപ്പാളില്‍ ജനാധിപത്യം അവസാനിക്കുമെന്നും 2025ല്‍ രാജവാഴ്ച നിലവില്‍ വരുമെന്നും 2023 ഡിസംബറില്‍ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇയാള്‍ പ്രവചിക്കുന്നു.

നേപ്പാളിനെ കുറിച്ചുള്ള എന്റെ പ്രവചനം എന്നുപറഞ്ഞ് ഇയാള്‍ വീണ്ടും ഈ ട്വീറ്റ് എക്സില്‍ പങ്കുവച്ചിരുന്നു.' നേപ്പാളിനെ കുറിച്ചുള്ള എന്റെ പ്രവചനം. നേപ്പാളിലെ ജനാധിപത്യം അവസാനിക്കാറായിരിക്കുകയാണ്. 2025ഓടെ നേപ്പാളില്‍ രാജവാഴ്ച നിലവില്‍ വരും'. നേപ്പാളിനെ കുറിച്ച് മാത്രമല്ല മറ്റ് രാജ്യങ്ങളെ കുറിച്ചും ഇയാള്‍ പ്രവചനം നടത്തിയിട്ടുണ്ട്. 2023ഒക്ടോബറില്‍ ഇയാള്‍ ഖത്തറിനെ കുറിച്ച് ഒരു പ്രവചനം നടത്തിയിരുന്നു. 'ഖത്തറിനെ കുറിച്ചുള്ള എന്റെ പ്രവചനം, ജൂണ്‍ 2025നും ജൂലായ് 2026നും ഇടയില്‍ ഖത്തറിലെ റൂളിങ് ക്ലാസ് വലിയ പ്രശ്നം അഭിമുഖീകരിക്കും. 2028-29 ല്‍ വലിയ തകര്‍ച്ചയാണ് ഖത്തര്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം, വലിയ തീപിടിത്തം, ഭീകരാക്രമണം എന്നിവയെല്ലാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം.'എന്നായിരുന്നു അയാള്‍ നടത്തിയ പ്രവചനം. സെപ്റ്റംബര്‍ 9 ന് ഈ പോസ്റ്റും ഇസ്രയേല്‍ ഖത്തറിനെ ഇന്ന് ആക്രമിച്ചു എന്നെഴുതി ഇയാള്‍ റിഷെയര്‍ ചെയ്തിട്ടുണ്ട്.

2024 ഓഗസ്റ്റില്‍ തന്നെ ഷെയ്ഖ് ഹസീന പ്രശ്‌നത്തിലകപ്പെടും എന്ന് താന്‍ പ്രവചിച്ചിട്ടുള്ളതായും ഇയാള്‍ പോസ്റ്റ് ഷെയര്‍ ചെയ്ത് അവകാശപ്പെടുന്നുണ്ട്. ലോകത്തുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച് പ്രവചിക്കുന്ന വ്യക്തി, കൈ നോട്ടക്കാരന്‍, ടാരറ്റ് റീഡര്‍ എന്നിങ്ങനെയാണ് എക്സില്‍ ഇയാള്‍ നല്‍കിയിരിക്കുന്ന ബയോ. 2023ലാണ് ഇയാള്‍എക്സില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.