- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ എന്ത് തെറ്റ്? ബലം പ്രയോഗിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും ഗൗരവതരമെന്നും ഹൈക്കോടതി; തെളിവായി പാലക്കാട്ടെ താമസം മുതല്‍ വാട്സാപ്പ് ചാറ്റുകള്‍ വരെ; ആദ്യ കേസില്‍ രാഹുലിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസില്‍ കേസില്‍ ഗൗരവകരമായ പരാമര്‍ശങ്ങളുമായി ഹൈക്കോടതി. അവിവാഹിതനായ രാഹുല്‍ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ നിയമപരമായി എന്താണു തെറ്റെന്നു കോടതി ചോദിച്ചു. അതേസമയം, ബലം പ്രയോഗിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള (എഫ്‌ഐഎസ്) കാര്യങ്ങള്‍ ഗൗരവകരമാണെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കേസില്‍ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് വ്യക്തമാക്കി.
ആദ്യ ബലാല്‍സംഗ കേസില്‍ നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. പരാതിയില്‍ പറയുന്ന സംഭവത്തിന് ശേഷവും യുവതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയ പാലക്കാട്ടേക്ക് പോയതായി കാണുന്നെന്നും വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച കോടതി യുവതിയുടെ എഫ്‌ഐആര്‍ സ്റ്റേറ്റ്‌മെന്റ് വായിച്ച ശേഷമാണ് പരാതിക്കാരിക്കെതിരെ പരാമര്‍ശം നടത്തിയത്. യുവതി മൊഴിയില്‍ പറയുന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി വിലയിരുത്തി. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായും ധാര്‍മികമായും തെറ്റല്ല എന്നതിനാല്‍ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു.
എന്നാല്‍ നഗ്‌ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞു. സ്റ്റോക്ക് ഹോം സിന്‍ഡ്രോം അവസ്ഥയിലെത്തിച്ച് യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണു നടക്കുന്നത്. ഇതുവരെ അക്കാര്യത്തില്‍ 36 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതിനു ശേഷം രണ്ട് ദിവസം പാലക്കാട് രാഹുലിനൊപ്പം പരാതിക്കാരി താമസിച്ചിരുന്നല്ലോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിക്കാരിക്കു വിശദീകരണമുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വേറെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇതിനു ശേഷമാണല്ലോ മറ്റു കേസുകള്‍ ഉണ്ടായത് എന്ന് ചോദിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഉണ്ടല്ലോ എന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 17ന് പാലക്കാട് എത്തിയപ്പോള്‍ രാഹുല്‍ ബലം പ്രയോഗിച്ചു എന്നും കുട്ടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണെന്നും എഫ്‌ഐഎസില്‍ ഉണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രത്തിന് അതിജീവിതയ്ക്ക് താല്‍പര്യമില്ലാഞ്ഞിട്ടും വിഡിയോ കോളില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഹര്‍ജി വിധി പറയാനായി മാറ്റി.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗിക പീഡന പരാതിയില്‍ സംശയങ്ങളുന്നയിച്ച് പത്തനംതിട്ട സെഷന്‍സ് കോടതി രംഗത്ത് എത്തിയിരുന്നു. കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ബലാത്സംഗ ആരോപണത്തില്‍ കോടതി സംശയങ്ങളുന്നയിച്ചത്. പരാതി നല്‍കിയതിലെ കാലതാമസം, ബലാത്സംഗം നടന്നുവെന്ന് അവകാശപ്പെടുന്ന സമയത്തിന് ശേഷം രാഹുലുമായുള്ള ബന്ധം, വിവാഹ വാഗ്ദാനത്തിലെ വൈരുദ്ധ്യം തുടങ്ങിയവയാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
പരാതിക്കാരി വിവാഹിതയാണെന്നും ആ ബന്ധം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അങ്ങനെയുള്ള സാഹചര്യത്തില്‍ പ്രതി എങ്ങനെ പരാതിക്കാരിയെ നിയമപരമായി വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു എന്നത് വിചാരണയില്‍ തെളിയേണ്ട കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം ആരോപിക്കപ്പെടുന്ന സമയത്തിന് ശേഷവും പരാതിക്കാരി രാഹുലുമായി വാട്സാപ്പ് വഴിയും മറ്റും സൗഹൃദബന്ധം തുടര്‍ന്നിരുന്നുവെന്നും, പലതവണ പണം കൈമാറിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ വിശദമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് കോടതി പറഞ്ഞു.
ബലാത്സംഗം നടന്ന ശേഷം ഏകദേശം ഒരു വര്‍ഷവും ഒന്‍പത് മാസവും കഴിഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ വലിയ കാലതാമസത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല എന്നതും കോടതി രാഹുലിന് ജാമ്യം അനുവദിക്കുന്നതിനായി പരിഗണിച്ചു. 'സംഭവത്തിനുശേഷവും ഹര്‍ജിക്കാരനുമായി ബന്ധം നിലനിര്‍ത്തിയിരുന്നതായും, പാലക്കാട് ഒരു ഫ്ളാറ്റ് സംയുക്തമായി വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ തുടര്‍ന്നുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നു. സാമ്പത്തിക തടസ്സങ്ങള്‍ കാരണം അതില്‍നിന്ന് പരാതിക്കാരി പിന്‍മാറി.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനുശേഷവും ഉള്‍പ്പെടെ നിരവധി തവണ അവര്‍ ഹര്‍ജിക്കാരന് പണം കൈമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. മറ്റു ചില സ്ത്രീകള്‍ ഹര്‍ജിക്കാരനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനു ശേഷമാണ് താന്‍ സംഭവം പരസ്യമാക്കിയതെന്ന് പരാതിക്കാരി തന്നെ പറയുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ഒരുമിച്ച് എടുക്കുമ്പോള്‍, വിശദമായ വിലയിരുത്തല്‍ ആവശ്യമുള്ള കാര്യങ്ങളാണ്' കോടതിയുടെ ഉത്തരവില്‍ പറയുന്നു.
രാഹുല്‍ 18 ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞുവെന്നും കോടതി വിലയിരുത്തി. അതിനാല്‍ തന്നെ തുടര്‍ന്നുള്ള കസ്റ്റഡി അന്വേഷണത്തിന് ആവശ്യമില്ലെന്ന് കോടതി കണ്ടെത്തി.


