കൊല്ലം: ചാനല്‍ ചര്‍ച്ചകളിലെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്കൊടുവില്‍ സി.പി.എം വിട്ട അഭിഭാഷകന്‍ ബി.എന്‍. ഹസ്‌കര്‍ ആര്‍.എസ്.പിയിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചവറ ഇടപ്പള്ളിക്കോട്ടയില്‍ നടക്കുന്ന മുന്‍ മന്ത്രി ബേബി ജോണിന്റെ ചരമവാര്‍ഷിക സമ്മേളനത്തില്‍ ഹസ്‌കര്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും രാഷ്ട്രീയ മാറ്റം.

മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്നുണ്ടായ അച്ചടക്ക നടപടികളാണ് ഹസ്‌കറെ പാര്‍ട്ടിക്ക് പുറത്തെത്തിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ കയറ്റിയതിനെ ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി ശാസനയെ 'പേടിച്ചുപോയി' എന്ന് പരിഹസിച്ചും, ഗണ്‍മാനെ തിരികെ ഏല്‍പ്പിച്ചും ഹസ്‌കര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ ചുവടുമാറ്റം. ഇതോടെ പല വിധ ചര്‍ച്ചകളും സജീവമാണ്.

ഹസ്‌കറിന്റെ ആര്‍.എസ്.പി പ്രവേശം കൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ആര്‍.എസ്.പിയുടെ ശക്തികേന്ദ്രമായ ഇരവിപുരത്ത് ഹസ്‌കര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. എന്നാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്റെ പേരും ഇരവിപുരത്ത് സജീവമായി ഉയരുന്നുണ്ട്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഹസ്‌കറെ ഇറക്കണമെന്ന വികാരം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിനുണ്ട്. മുസ്ലീം ലീഗും ഹസ്‌കറിനെ പിന്തുണയ്ക്കും.

അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. 'ഇടത് നിരീക്ഷകന്‍' എന്ന ലേബലില്‍ നിന്ന് ആര്‍.എസ്.പി പോരാളിയായി മാറുന്ന ഹസ്‌കറിന് പാര്‍ട്ടി എന്ത് ദൗത്യം നല്‍കുമെന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. ഇരവിപുരത്ത് ഹസ്‌കറിന് വിജയ പ്രതീക്ഷ കൂടുതലാണ്. സിപിഎം അണികളെ പോലും ഹസ്‌കറിന് സ്വാധീനിക്കാന്‍ കഴിയും. ഈ സാഹചര്യത്തില്‍ ആര്‍ എസ് പി ചിഹ്നത്തില്‍ ഹസ്‌കര്‍ മത്സരിക്കാന്‍ സാധ്യത ഏറെയാണ്. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ മത്സരിക്കും. മകനെ മത്സരിപ്പിക്കുന്നതിനോട് പ്രേമചന്ദ്രന് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും വിമര്‍ശിച്ചതില്‍ പാര്‍ട്ടി ശാസിച്ചതിന് പിന്നാലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി അഡ്വ ബി എന്‍ ഹസ്‌കര്‍ രംഗത്തു വന്നിരുന്നു. താന്‍ പറഞ്ഞത് കേന്ദ്ര കമ്മിറ്റി നിലപാടാണെന്നും പാര്‍ട്ടി ലൈനില്‍ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ല എന്നും ഹസ്‌കര്‍ പറഞ്ഞു. വിമര്‍ശനത്തില്‍ ഉറച്ചനില്‍ക്കുന്നുവെന്നാണ് ഹസ്‌കര്‍ വ്യക്തമാക്കിയത്. ആത്മവഞ്ചന ചെയ്ത വര്‍ത്തമാനം തനിക്ക് പറയാന്‍ കഴിയില്ല. അത് ഛര്‍ദ്ദില്‍ ഉണ്ടാക്കുന്നത് പോലെയാണ്. തിരുത്തല്‍ ശക്തി എന്ന നിലയിലാണ് താന്‍ അത്തരം കാര്യങ്ങള്‍ പറഞ്ഞത് എന്നും പാര്‍ട്ടി അംഗം ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമാണ് ചെയ്തത് എന്നും ഹസ്‌കര്‍ വ്യക്തമാക്കി.

പിന്നാലെ ഇടത് നിരീക്ഷകന്‍ എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത് എന്ന് പറഞ്ഞ ഹസ്‌കര്‍ ഏത് നിരീക്ഷകനായാലും തന്റെ അഭിപ്രായം പറയുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.