- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'വോട്ട് ചുരത്താന്‍ കിറ്റിന്റെ സാധ്യതകള്‍ ഇല്ലാതായി; ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റ്! വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ'; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ പരിഹസിച്ച് ജോയ് മാത്യൂ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ. വോട്ട് ചുരത്താന്‍ കിറ്റിന്റെ സാധ്യതകള്‍ ഇല്ലാതായപ്പോള്‍, ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റ് മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ എന്ന പരിഹാസത്തോടെയാണ് ജോയ് മാത്യൂ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വോട്ട് ചുരത്താന്‍
കിറ്റിന്റെ സാധ്യതകള്‍ ഇല്ലാതായി.
ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റ് !
വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ
വോട്ടുപെട്ടിയിലാക്കാനുള്ള പ്രഖ്യാപനങ്ങളുമായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചത്. പന്ത്രണ്ടാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസം കൊണ്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണമായും നല്‍കാന്‍ തീരുമാനിച്ചുവെന്നും ഒരു ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും ശേഷിക്കുന്ന ഗഡുക്കള്‍ മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. അതേസമയം ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. ക്ഷേമ പെന്‍ഷന്‍ 2500 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. റബറിനും താങ്ങുവില കൂട്ടിയില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷനും പ്രഖ്യാപിച്ചു. അവസാനത്തെ അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ഡിഎ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് നിലവിലുള്ള എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ സാധിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യകം മാനേജ് ചെയ്യുന്നതിന് സംവിധാനവും ഉണ്ടാക്കും. ഏപ്രില്‍ ഒന്ന് മുതലാകും പുതിയ പെന്‍ഷന്‍ നടപ്പില്‍ വരുത്തുക.
ആശവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പ്രീപ്രൈമറി അധ്യാപകര്‍ക്കും സാക്ഷരതാ പ്രമോട്ടര്‍മാര്‍ക്കും 1000 രൂപ വീതം ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും പാചകത്തൊഴിലാളികള്‍ക്ക് ദിവസവേതനത്തില്‍ 25 രൂപയും വര്‍ധിപ്പിച്ചു.
കാരുണ്യ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സും പ്രഖ്യാപിച്ചു. പൊതുമേഖല ജീവനക്കാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ്, സഹകരണ ജീവനക്കാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ്,ഓട്ടോറിക്ഷ, ടാക്്‌സി തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്,ഓട്ടോറിക്ഷ, ഹരിതസേന, ലോട്ടറി തൊഴിലാളികള്‍,വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകം ആരോഗ്യ ഇന്‍ഷൂറന്‍സുകളും പ്രഖ്യാപിച്ചു.
ഒന്നുമുതല്‍ 12വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷൂറന്‍സും ബജറ്റില്‍ പ്രഖ്യാപിച്ചു. അപകടം സംഭവിച്ചാല്‍ ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികില്‍സ ഉറപ്പാക്കാനും പദ്ധതി പ്രഖ്യാപിച്ചു. മെഡിസെപ് 2.0യ്ക്ക് അടുത്തമാസം ഒന്ന് മുതല്‍ തുടക്കമാകും. ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പുതിയ റെയില്‍ പദ്ധതിയായ റാപിഡ് റെയിലിന് 100 കോടിയും വകയിരുത്തി.
പൂച്ചപെറ്റുകിടക്കുന്ന ഖജനാവ് കൊണ്ട് വിശ്വാസ്യത തകര്‍ന്ന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു. പോകുന്ന പോക്കില്‍ ശമ്പള കമ്മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്തതായി വരുന്ന സര്‍ക്കാര്‍ വേണം അത് നടപ്പിലാക്കാന്‍. അടുത്ത ബജറ്റ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും നടപ്പാക്കുന്ന ബജറ്റ് അതാകുമെന്നും സതീശന്‍ അവകാശപ്പെട്ടു. അടുത്ത സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്ന ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


