കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവും സാമ്പത്തിക ക്രമക്കേടുകളും പ്രമേയമാക്കി സി.പി.എം. മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ രചിച്ച പുസ്തകം ഫെബ്രുവരി നാലിന് പുറത്തിറങ്ങും. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വൈകീട്ട് 4.30-ന് നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐ.ടി. ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന ആഹ്വാനവുമായാണ് പുസ്തകം പുറത്തിറങ്ങുന്നത്. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് വെട്ടിപ്പ് തുടങ്ങിയ വിഷയങ്ങളാണ് കണക്കുകള്‍ സഹിതം നൂറു പേജുള്ള പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വി.എസ്. അച്യുതാനന്ദന് സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം 'ജാഗ്രത പയ്യന്നൂര്‍' എന്ന കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്. പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഇടയില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചതടക്കമുള്ള അക്രമസംഭവങ്ങള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ബി.ജെ.പിയിലേക്ക് ക്ഷണിച്ച ബി. ഗോപാലകൃഷ്ണന്റെ നിലപാടിനെയും അദ്ദേഹം തള്ളി. താന്‍ കമ്മ്യൂണിസ്റ്റായി ജീവിച്ച് കമ്മ്യൂണിസ്റ്റായി മരിക്കുമെന്നും വര്‍ഗീയ പാര്‍ട്ടികളുമായി സന്ധിചെയ്യേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിനാണ് അപചയമുണ്ടായതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.