ബംഗളൂരു: റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള വ്യവസായ രംഗങ്ങളിലെ പ്രമുഖ സ്ഥാപനമായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സി.ജെ.റോയ് ജീവനൊടുക്കിയ വിവരം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ബംഗളൂരുവില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ബെംഗളൂരു അശോക് നഗറിലെ ഓഫിസില്‍വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച സി.ജെ.റോയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ചലച്ചിത്രനിര്‍മാണരംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയി സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു.

സംരംഭകന്‍ എന്നതിലുപരി സിനിമ നിര്‍മ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിനിമ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത 'ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍' എന്ന ചിത്രവും സി.ജെ റോയ് നിര്‍മ്മിച്ചു. 2013 ലായിരുന്നു ചിത്രം പുറത്തറിങ്ങിയത്. ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന 'അനോമി' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയായിരുന്നു സി.ജെ റോയ്.

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം 'മേം ഹൂം മൂസ' എന്ന ചിത്രവും, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിത്തവും സി.ജെ റോയ് നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി, ടൊവിനോ തോമസ് നായകനായെത്തിയ 'ഐഡന്റിറ്റി' എന്ന ചിത്രവും സി.ജെ റോയിയുടെ കോണ്‍ഫിഡന്റ് ഗ്രൂപ്പായിരുന്നു നിര്‍മ്മിച്ചത്.

സിനിമ നിര്‍മ്മാണം കൂടാതെ ടെലിവിഷന്‍ രംഗത്തും സി.ജെ റോയ് സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസണ്‍ 11 സ്‌പോണ്‍സര്‍ ചെയ്തത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു, കൂടാതെ സ്റ്റാര്‍ സുവര്‍ണ്ണയുടെ സ്റ്റാര്‍ സിംഗര്‍ മ്യൂസിക് റിയാലിറ്റി ഷോയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. മലയാളം ബിഗ് ബോസ് സീസണ്‍ 7 റണ്ണര്‍അപ് അനീഷ് ടി.എയ്ക്ക് ഷോ കഴിഞ്ഞതിന് ശേഷം പത്ത് ലക്ഷം രൂപ സമ്മാനമായി നല്‍കിയതും ചര്‍ച്ചയായിരുന്നു.

സംഭവത്തിന് പിന്നാലെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

കൊച്ചിയില്‍ ജനിച്ച റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സിനിമാനിര്‍മാണത്തിലും സജീവമായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്‍പരനായിരുന്നു. ഭാര്യ: ലിനി റോയ്, മക്കള്‍: രോഹിത്, റിയ.