- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡിസംബറില്‍ ബാംഗളൂരിലെ ഓഫീസില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടന്നപ്പോള്‍ രാജ്യത്ത് ഇല്ലാത്തതിനാല്‍ കണ്ടെത്തിയ രേഖകള്‍ അവിടെ തന്നെ സീല്‍ ചെയ്തു വച്ചു; ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്ക് പ്രയോജനമുണ്ടായില്ല; റോയിയെ മരണത്തിലേക്ക് നയിച്ചത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു എന്ന ആരോപണത്തില്‍ നടന്ന റെയ്ഡും ചോദ്യം ചെയ്യലും

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ 'കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ' സ്ഥാപകനും ചെയര്‍മാനുമായ ഡോ. സി.ജെ. റോയിയുടെ (57) മരണം ബിസിനസ് ലോകത്തെ നടുക്കിയിരിക്കുകയാണ്. ബെംഗളൂരുവിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ ആദായനികുതി വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ ബെംഗളൂരു അശോക് നഗറിലെ 'കോണ്‍ഫിഡന്റ് പെന്റഗണ്‍' ഓഫീസിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ഓഫീസിലെത്തിയ റോയിയെ ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിനിടെ ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍, അവ എടുക്കാമെന്ന് പറഞ്ഞ് അദ്ദേഹം സ്വന്തം ക്യാബിനിലേക്ക് പോയി. തുടര്‍ന്ന് അതേ കെട്ടിടത്തില്‍ തന്നെയുള്ള സ്ലോവാക്യന്‍ കോണ്‍സല്‍ ഓഫീസില്‍ വെച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ലോവാക്യയുടെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റോയിയുടെ മേല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ചെലുത്തിയെന്നും അറസ്റ്റ് ഭീഷണി മുഴക്കിയെന്നും കമ്പനി ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിക്കുന്നു. റോയ് അറസ്റ്റിനെ ഭയന്നിരുന്നതായി ജീവനക്കാരും പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. പരിശോധന തികച്ചും സൗഹാര്‍ദ്ദപരമായിരുന്നുവെന്നും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് അവരുടെ വാദം. 'പ്രൊഹിബിറ്ററി ഓര്‍ഡര്‍ ലിഫ്റ്റ്' ചെയ്യുന്നതിനുള്ള സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും, കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് അദ്ദേഹം മറ്റൊരു ഓഫീസിലേക്ക് പോകാന്‍ അനുവദിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു.
നിയമപോരാട്ടവും റെയ്ഡും
കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രീയക്കാരുടെ കള്ളപ്പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കപ്പെടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോയിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അന്ന് അദ്ദേഹം രാജ്യത്തില്ലാത്തതിനാല്‍ ചില മുറികള്‍ സീല്‍ ചെയ്തിരുന്നു. ഈ സീല്‍ നീക്കി പരിശോധന പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബെംഗളൂരുവില്‍ പരിശോധന നടത്തുന്നതിനെതിരെ റോയ് കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി ഈ സ്റ്റേ നീക്കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയത്.
നേരത്തേ നടത്തിയ പ്രധാന സേര്‍ച്ചിന്റെ ബാക്കി നടപടിക്കായാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് വകുപ്പു വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പരിശോധനകളില്‍ അറസ്റ്റിനുള്ള സാഹചര്യമില്ല. പരിശോധനയ്ക്കിടെ വാക്കുതര്‍ക്കമോ ശബ്ദമുയര്‍ത്തിയുള്ള സംസാരം പോലുമോ സംഭവിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പു വൃത്തങ്ങള്‍ പറയുന്നു. പരിശോധന നടക്കുന്ന സ്ഥലത്തുനിന്ന് കോണ്‍സല്‍ ഓഫിസിലേക്കു പോകാന്‍ റോയിയെ ഉദ്യോഗസ്ഥര്‍ അനുവദിച്ചു എന്നതില്‍നിന്ന് അവിടെ കടുത്ത നിയന്ത്രണമില്ലായിരുന്നു എന്നതു വ്യക്തമാണെന്നും അവര്‍ പറയുന്നു. അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് ഓഫിസ്. സ്ലോവാക്യയുടെ ഓണററി കോണ്‍സല്‍ ആയിരുന്ന റോയിക്ക് കമ്പനി ഓഫിസ് കെട്ടിടത്തില്‍ത്തന്നെ കോണ്‍സല്‍ ഓഫിസും ഉണ്ടായിരുന്നു.
ആദായനികുതി നിയമഭാഷയില്‍ 'പ്രൊഹിബിറ്ററി ഓഡര്‍ ലിഫ്റ്റ്' ചെയ്യുക, സേര്‍ച്ച് പൂര്‍ത്തിയാക്കുക എന്ന നടപടിക്കായാണ് ഉദ്യോഗസ്ഥര്‍ റോയിയുടെ ഓഫിസില്‍ എത്തിയത്. ആദായ നികുതി നിയമമനുസരിച്ച്, നേരത്തേ പരിശോധനയ്ക്ക് എടുക്കാനാവാതിരുന്ന രേഖകളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുന്ന സ്ഥലം സീല്‍ ചെയ്യും. അതിന് 'പ്രൊഹിബിറ്ററി ഓര്‍ഡര്‍' ബാധകമാകും. ഈ ഓര്‍ഡര്‍ നീക്കി, സീല്‍ മാറ്റി, രേഖകളെടുത്ത് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയായിരുന്നു. ഇങ്ങനെ സേര്‍ച്ച് പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ എത്തുന്നത് മുന്‍കൂട്ടി അറിയിച്ചിട്ടാണ്. പരിശോധിക്കുന്ന രേഖകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുകയാണെങ്കില്‍ അതിന്റെ പട്ടികയുണ്ടാക്കാനും അതു സംബന്ധിച്ച വിവരം കക്ഷിയെ അറിയിക്കാനുമടക്കം കൃത്യമായ വ്യവസ്ഥകളുണ്ട്.
വിലക്കുനീങ്ങി, വീണ്ടും പരിശോധന
സി.ജെ റോയിക്കെതിരെ ഒന്നരമാസം മുന്‍പാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലുള്ള പ്രമുഖ ബില്‍ഡര്‍മാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ മേഖലകള്‍ നിന്നുള്ളവരുടെ കള്ളപ്പണം ബില്‍ഡര്‍മാര്‍ വഴി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്ന് ഈ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലും റെയ്ഡുണ്ടായിരുന്നു. ഈ സമയത്ത് സി.ജെ റോയ് രാജ്യത്തുണ്ടായിരുന്നില്ല. അന്നു നടന്ന പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുക്കുകയും രേഖകള്‍ ഇവിടെ തന്നെയുള്ള ഒരു മുറിയില്‍ വച്ച് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് വേണ്ടിയാണ് മൂന്ന് ദിവസം മുന്‍പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് എത്തുന്നത്. ഈ രേഖകളാണ് ഇന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്.
റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച റോയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ചലച്ചിത്രനിര്‍മാണരംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയ് വളര്‍ന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന് ശേഷം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം എച്ച്പിയിലെ (ഒജ) മികച്ച ജോലി ഉപേക്ഷിച്ചാണ് ബിസിനസ്സിലേക്ക് ഇറങ്ങിയത്. 2006-ല്‍ തുടങ്ങിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഇന്ന് റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം', 'കാസനോവ' തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ സഹനിര്‍മ്മാതാവായിരുന്നു അദ്ദേഹം.
വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും.


