തിരുവനന്തപുരം: കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനിയും ബുഗാട്ടിയും ഗ്യാരേജിലുള്ള ശതകോടീശ്വരന്‍. എന്നാല്‍ സി.ജെ. റോയ് എന്ന മനുഷ്യന്റെ ഹൃദയം തൊട്ടറിഞ്ഞ ഒരു പഴയ ചുവന്ന മാരുതി 800 കാര്‍. 27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തിയപ്പോള്‍ അത് സ്വന്തമാക്കാനായി ചിലവിട്ടതും ലക്ഷങ്ങള്‍. ബിസിനസ് ലോകത്തെ ഞെട്ടിച്ച അദ്ദേഹത്തിന്റെ വിടവാങ്ങലിനിടയിലും, ആ പഴയ കാറിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പ്രണയം ഒരു വിങ്ങുന്ന ഓര്‍മ്മയായി മാറുന്നു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളുടെ ശേഖരമുള്ള മലയാളി ബിസിനസുകാരില്‍ ഒരാളായിരുന്നു സി.ജെ. റോയ്. റോള്‍സ് റോയിസും ബുഗാട്ടിയും നിരന്നുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ഗ്യാരേജില്‍, കഴിഞ്ഞ വര്‍ഷം ഒരു പുതിയ അതിഥി എത്തി-പഴയൊരു ചുവന്ന മാരുതി 800. വെറുമൊരു കാറല്ല, തന്റെ വിജയഗാഥയുടെ ആദ്യ സാക്ഷിയെ പത്തിരട്ടി വിലകൊടുത്ത് തിരികെ വാങ്ങുമ്പോള്‍ റോയ് എന്ന മനുഷ്യന്റെ വൈകാരികമായ വശം കൂടിയാണ് ലോകം കണ്ടത്.

1994-ല്‍, വെറും 25 വയസ്സുള്ളപ്പോഴാണ് റോയ് തന്റെ ആദ്യ കാറായ മാരുതി 800 സ്വന്തമാക്കുന്നത്. അന്ന് 1.10 ലക്ഷം രൂപയായിരുന്നു അതിന്റെ വില. ഇന്ത്യയിലെ കാര്‍ സംസ്‌കാരത്തെ തന്നെ മാറ്റിമറിച്ച കാറായിരുന്നു മാരുതി 800. 1980 - 2000 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ മിഡില്‍ ക്ലാസ് ഫാമിലികളുടെ ആദ്യ ചോയ്സ് ഈ മോഡലായിരുന്നു. ഐടി ജോലിയില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ ചുവന്ന കാര്‍ കൂടെയുണ്ടായിരുന്നു.

പിന്നീട് ആ കാര്‍ വില്‍ക്കേണ്ടി വന്നു. പൂര്‍ണ മനസോടെയല്ലായിരുന്നു ആ തീരുമാനം. അതിന്റെ ഓര്‍മ്മയ്ക്കായി ഒരു ചിത്രം അദ്ദേഹം തന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയതിനൊപ്പം പല കാറുകളും അദ്ദേഹം മാറ്റി. പക്ഷേ ആ കാറുകള്‍ക്കൊന്നും ഈ മാരുതി 800ന്റൈ സ്ഥാനം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ കാര്‍ നമ്പറും പഴയ രേഖകളും ഉപയോഗിച്ച് ഇതിനായുള്ള തെരച്ചില്‍ നടത്തി. അങ്ങനെ നീണ്ടനാളത്തെ തെരച്ചിലിനൊടുവിലാണ് കാര്‍ കണ്ടെത്തിയത്. അന്ന് വാങ്ങിയ വിലയുടെ പത്തിരട്ടി (10 ലക്ഷം രൂപ) നല്‍കിയാണ് അദ്ദേഹം ആ പഴയ മാരുതിയെ വീണ്ടും സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ ഈ കാറിന്റെ വീഡിയോ സഹിതം അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു.

'ഇത് എനിക്ക് വെറുമൊരു കാറല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്' - കാര്‍ തിരികെ കിട്ടിയപ്പോള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. ബുഗാട്ടിയും റോള്‍സ് റോയിസും വാഴുന്ന ഗ്യാരേജിലേക്ക് അങ്ങനെ ആ അതിഥിയെത്തി. ഏകദേശം പത്ത് മില്യണ്‍ ഡോളര്‍ (ഏകദേശം 80 കോടിയിലധികം രൂപ) വിലമതിക്കുന്ന കാര്‍ ശേഖരമാണ് ദുബായിലും ഇന്ത്യയിലുമായി അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ബുഗാട്ടി വെയ്റോണ്‍, ലംബോര്‍ഗിനി, ഫെരാരി തുടങ്ങി ലോകോത്തര ബ്രാന്‍ഡുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം തന്റെ 12-ാമത്തെ റോള്‍സ് റോയിസ് (ഫാന്റം VIII) സ്വന്തമാക്കിയത്. എന്നാല്‍ ഇത്രയും വലിയ ആഡംബര കാറുകള്‍ക്കിടയിലും അദ്ദേഹം ഏറ്റവും കൂടുതല്‍ ആദരവ് നല്‍കിയത് തന്റെ പഴയ മാരുതിക്കായിരുന്നു.

പണ്ട് ഉപയോഗിച്ചിരുന്ന കാറുകള്‍ പലരും സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും പ്രീമിയം വിലയില്‍ അത് സ്വന്തമാക്കിയെന്ന ക്രെഡിറ്റ് സി ജെ റോയിക്കായിരിക്കും. ഇന്ത്യന്‍ ബിസിനസുകാരനാണെങ്കിലും അദ്ദേഹം കുടുംബത്തോടൊപ്പം ദുബായില്‍ സെറ്റില്‍ഡായിരുന്നു. റോള്‍സ് റോയിസ്, ലംബോര്‍ഗിനി, ബുഗാട്ടി വെയ്റോണ്‍ എന്നിങ്ങനെ ആഡംബരക്കാറുകളുടെ കൂട്ടത്തിലേക്കാണ് ഈ കാറും കൂടി എത്തിയത്. അദ്ദേഹത്തിന്റെ ഗ്യാരേജിലെ കാറുകളുടെ മാത്രം വില പത്ത് മില്യണോളമാണ്. അദ്ദേഹത്തിന് സ്വത്തുകളും കാറുകളുമടക്കം ഇന്ത്യയിലുമുണ്ട്.

ഓര്‍മ്മയായി ആത്മവിശ്വാസത്തിന്റെ ആള്‍രൂപം

ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ബംഗളൂരുവിലെ ഓഫീസില്‍ വെച്ചുണ്ടായ അദ്ദേഹത്തിന്റെ വിയോഗം ബിസിനസ് ലോകത്തിന് വലിയൊരു നഷ്ടമാണ്. കോടികളുടെ സമ്പാദ്യവും ആഡംബര കാറുകളും ബാക്കിയാക്കി അദ്ദേഹം മടങ്ങുമ്പോള്‍, ആ പഴയ മാരുതി 800 ഒരു സംരംഭകന്റെ കഠിനാധ്വാനത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി ഇന്നും നിലകൊള്ളുന്നു.