- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇങ്ങനെ കടം ചോദിക്കേണ്ടിവരുന്നതില്‍ ലജ്ജ തോന്നുന്നു; സഹായം ചോദിക്കുമ്പോള്‍ സൈനിക മേധാവിയുടെയും എന്റെയും തല കുനിയുന്നു!' പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി പാക്ക് പ്രധാനമന്ത്രി; ഷെരീഫിന്റെ വാക്കുകളില്‍ ഞെട്ടി പ്രവാസികളും!

ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കൈനീട്ടേണ്ടിവരുന്ന അവസ്ഥയില്‍ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വായ്പകള്‍ തേടുന്നത് ആത്മാഭിമാനത്തിന് വലിയ ആഘാതമാണെന്നും സഹായം ചോദിക്കുമ്പോള്‍ തന്റെയും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെയും തലകള്‍ നാണക്കേടുകൊണ്ട് കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായം നല്‍കുന്ന രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാന്‍ സാധിക്കാത്ത വിധം തങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതരാകുന്നുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ശനിയാഴ്ച ഇസ്ലാമാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി വെളിപ്പെടുത്തല്‍ നടത്തിയത്.
ഓരോ തവണ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ സാമ്പത്തിക സഹായത്തിനായി കൈനീട്ടുമ്പോഴും താനും തന്റെ സൈനിക മേധാവിയും തലകുനിക്കേണ്ടി വരുന്നുവെന്ന ഷെഹ്ബാസ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. 2008 മുതല്‍ പാകിസ്ഥാന്റെ സാമ്പത്തിക നില അസ്ഥിരമായി തുടരുകയാണ്. 2021ല്‍ പണപ്പെരുപ്പം കൂടുകയും രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. വിദേശനാണ്യ ശേഖരം വര്‍ദ്ധിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, അതില്‍ ഭൂരിഭാഗവും സുഹൃദ് രാജ്യങ്ങളില്‍ നിന്നുള്ള കടമാണെന്ന സത്യം ഷെരീഫ് തുറന്നു സമ്മതിക്കുന്നു. നിലവില്‍ അന്താരാഷ്ട്ര നാണയ നിധി (IMF) പാകിസ്ഥാന്റെ ഏക പിടിവള്ളിയായി തുടരുകയാണ്.
2008- മുതല്‍ പാക്കിസ്ഥാന്റെ സാമ്പത്തികനില അസ്ഥിരമായി തുടരുകയാണ്. 2021-ല്‍ പണപ്പെരുപ്പം കൂടുകയും രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും അതില്‍ സുഹൃദ് രാജ്യങ്ങളില്‍നിന്നുള്ള കടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ കൊടുത്തുതീര്‍ക്കാനുള്ള കടം സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) പാക്കിസ്ഥാന്‍ ചര്‍ച്ച നടത്തിവരികയാണ്. വായ്പാ പദ്ധതിയുടെയും കാലാവസ്ഥാ ധനസഹായത്തിന്റെയും ഭാഗമായി പാക്കിസ്ഥാന് അടുത്തിടെ 1.2 ബില്യണ്‍ ഡോളര്‍ ഐഎംഎഫില്‍ നിന്ന് ലഭിച്ചിരുന്നു. പഴയ കടങ്ങള്‍ വീട്ടുന്നതിനും വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനും ഈ തുക സഹായകമായിട്ടുണ്ട്.
വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി മൂലധന ലഭ്യത ഉറപ്പാക്കാന്‍ ധനമന്ത്രാലയത്തിനും സെന്‍ട്രല്‍ ബാങ്കിനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിസിനസ് രംഗത്തെ പ്രമുഖരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും ധീരമായ തീരുമാനങ്ങള്‍ എടുക്കാനും സ്റ്റേറ്റ് ബാങ്ക് ഗവര്‍ണര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പലിശ നിരക്ക് 10.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പാക്കിസ്ഥാന്റെ ജിഡിപി 3.75 ശതമാനം മുതല്‍ 4.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2026- ഡിസംബറോടെ പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരം 20 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലേക്ക് എത്തുമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഐഎംഎഫ് പദ്ധതിയുടെ ഭാഗമായി കര്‍ശനമായ പണനയവും ചെലവ് നിയന്ത്രണങ്ങളും രാജ്യം പാലിക്കേണ്ടതുണ്ട്. ധനമന്ത്രി മുഹമ്മദ് ഔറംഗസീബിന്റെ നേതൃത്വത്തിലുള്ള സംഘം ഐഎംഎഫിന് മുന്നില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്ത് സാമ്പത്തിക സ്ഥിരത കൈവരിച്ച സാഹചര്യത്തില്‍ ഇനി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഷെരീഫ് വ്യക്തമാക്കി.


