ബീജിംഗ്: മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് വൻതോതിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തി ആയിരങ്ങളെ അടിമകളാക്കുകയും കോടികൾ തട്ടിയെടുക്കുകയും ചെയ്ത ക്രിമിനൽ സംഘത്തിലെ 11 പേരെ ചൈനയിൽ തൂക്കിലേറ്റി. ഇക്കഴിഞ്ഞ ദിവസം നടന്ന നടപടിയിൽ, രാജ്യത്തെ പ്രമുഖ വ്യവസായ കുടുംബങ്ങളിലൊന്നായ മിംഗ് കുടുംബത്തിലെ അംഗങ്ങളായ കോടീശ്വരൻമാർ അടക്കമുള്ളവരെയാണ് ഒരേസമയം തൂക്കിലേറ്റിയത്.

കോടീശ്വരൻമാരായ ഈ സംഘം, ചൈനീസ് അതിർത്തിയോട് ചേർന്ന മ്യാൻമറിലെ ലൗക്കൈംഗ് നഗരത്തിൽ ഫാക്ടറി മാതൃകയിലുള്ള കോൾ സെന്ററുകൾ നടത്തിവന്നിരുന്നു. ലോകത്തെ ഓൺലെെൻ തട്ടിപ്പുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഈ നഗരത്തിൽ, ആയിരക്കണക്കിന് ആളുകളെ അടിമപ്പണി ചെയ്യിപ്പിച്ച് കോടികളാണ് ഇവർ സമ്പാദിച്ചത്. ബോറടി മാറ്റാൻ ആളുകളെ വെടിവെച്ചുകൊല്ലാറുണ്ടായിരുന്നെന്ന് പ്രതികളിലൊരാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

മ്യാൻമറിലെ ലൗക്കൈംഗ് നഗരം മിംഗ്, ബാവു, വെയ്, ലിയു എന്നിങ്ങനെ നാല് കുടുംബങ്ങളുടെ കുത്തകയായിരുന്നു. 2001-നു ശേഷമാണ് ഈ കുടുംബങ്ങൾ നഗരത്തിന്റെ അധികാരം പിടിച്ചടക്കിയത്. 2000-ൽ ജനറൽ മിൻ ആംഗിന്റെ നേതൃത്വത്തിൽ മ്യാൻമറിൽ സൈനിക അട്ടിമറി നടന്നതിനെത്തുടർന്ന്, അന്നുവരെ നഗരം ഭരിച്ചിരുന്ന എം.എൻ.ഡി.എ.എ (MNDAA) എന്ന ഗോത്ര സൈന്യത്തെ തുരത്തിയോടിച്ച്, തന്റെ അടുത്ത ആളുകളായ ഈ നാല് കുടുംബങ്ങൾക്ക് നഗരത്തിന്റെ നിയന്ത്രണം കൈമാറുകയായിരുന്നു.

കാസിനോകൾ, ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങൾ, മയക്കുമരുന്ന് ശൃംഖലകൾ, പണം തട്ടിപ്പ് തുടങ്ങിയ നിരവധി നിയമവിരുദ്ധ വ്യാപാരങ്ങൾ ഈ കുടുംബങ്ങൾ നടത്തിവന്നു. ഈ കോൾ സെന്ററുകളിൽ ചൈനീസ് തൊഴിലാളികളെയാണ് വൻ ശമ്പളം വാഗ്ദാനം ചെയ്ത് എത്തിച്ചിരുന്നത്. എന്നാൽ, അവരെ പിന്നീട് അടിമപ്പണിക്ക് നിർബന്ധിക്കുകയും തോക്കേന്തിയ കാവൽക്കാർക്കിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ ക്രൂരമായി പീഡിപ്പിക്കുകയോ വധിക്കുകയോ ചെയ്യുമായിരുന്നു. കെണിയിലകപ്പെട്ട തൊഴിലാളികളുടെ ദുരനുഭവങ്ങൾ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തൂക്കിലേറ്റപ്പെട്ട മിംഗ് കുടുംബം നടത്തിയിരുന്ന 'ക്രൗച്ചിംഗ് ടൈഗർ വില്ല' ഇവിടത്തെ ഏറ്റവും കുപ്രസിദ്ധമായ തട്ടിപ്പുകേന്ദ്രമായിരുന്നു. 2023-ൽ ഈ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച നൂറോളം ചൈനീസ് തൊഴിലാളികളെ കാവൽക്കാർ വെടിവെച്ചുകൊന്നത് ചൈനയിൽ വലിയ പ്രക്ഷോഭത്തിന് കാരണമായി. ഈ സംഭവമാണ് ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ഇതിനെത്തുടർന്ന് ചൈന പഴയ എം.എൻ.ഡി.എ.എ (MNDAA) ഗോത്ര സൈന്യത്തെ വീണ്ടും രംഗത്തിറക്കുകയായിരുന്നു.

തട്ടിപ്പ് കേന്ദ്രങ്ങളിലെ തൊഴിലാളികളെ ആസൂത്രിതമായി കൊലപ്പെടുത്തുക, മർദ്ദിക്കുക, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്. ഇവരുടെ ക്രൂരതയിൽ 14 ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കോടികളുടെ തട്ടിപ്പ് സാമ്രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (USIP) നൽകുന്ന കണക്കുകൾ പ്രകാരം, തെക്കുകിഴക്കൻ ഏഷ്യയിലെ ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രതിവർഷം ഏകദേശം 43 ബില്യൺ ഡോളറിലധികം (ഏകദേശം 3.6 ലക്ഷം കോടി രൂപ) ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്നുണ്ട്.

മ്യാൻമർ അതിർത്തിയിലെ അഴിമതിയും നിയമവ്യവസ്ഥയുടെ അഭാവവുമാണ് ഇത്തരം ക്രിമിനൽ കേന്ദ്രങ്ങൾക്ക് സംരക്ഷണമാകുന്നത്. മ്യാൻമറിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കാൻ ഈ സംഘങ്ങൾ മുതലെടുത്തു. വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ചൂതാട്ടത്തിന്റെയും തട്ടിപ്പിന്റെയും വിപത്തിനെ വേരോടെ പിഴുതെറിയാൻ ചൈന ശക്തമായ നടപടികൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.