വാഷിംഗ്ടണ്‍: ലോകത്തെ അതിസമ്പന്നരെയും ഭരണാധികാരികളെയും ലൈംഗിക കെണിയില്‍ വീഴ്ത്തി ബ്ലാക്ക്മെയില്‍ ചെയ്ത ജെഫ്രി എപ്സ്റ്റീന്‍ എന്ന സെക്‌സ് റാക്കറ്റ് തലവനെക്കുറിച്ച് പുറത്തുവരുന്നത് അന്താരാഷ്ട്ര തലത്തെ പിടിച്ചുകുലുക്കുന്ന വിവരങ്ങള്‍. എപ്സ്റ്റീന്‍ വെറുമൊരു ബിസിനസുകാരനായിരുന്നില്ലെന്നും, മറിച്ച് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിക്കുവേണ്ടി (KGB) ലോകത്തെ ഏറ്റവും വലിയ 'ഹണി ട്രാപ്പ്' ഓപ്പറേഷന്‍ നടത്തിയ ചാരനായിരുന്നു എന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. പുറത്തുവന്ന മൂന്ന് ദശലക്ഷത്തിലധികം രേഖകളിലാണ് എപ്സ്റ്റീനും ക്രെംലിനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂചനകളുള്ളത്. വ്‌ലാഡിമിര്‍ പുടിന്റെ പേര് ആയിരത്തിലധികം തവണയാണ് ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നത്.

2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ശേഷവും എപ്സ്റ്റീന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചു എന്നത് സുരക്ഷാ ഏജന്‍സികളെ അമ്പരപ്പിക്കുന്നു. ഒരു സാധാരണ ഫിനാന്‍ഷ്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ആഡംബര ജീവിതം എപ്സ്റ്റീന്‍ നയിച്ചിരുന്നത് റഷ്യയുടെയും ഇസ്രായേലിന്റെയും ചാരസംഘടനകളുടെ ഒത്താശയോടെയാണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്നത്.

കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുപ്രസിദ്ധ മാധ്യമ ഭീമന്‍ റോബര്‍ട്ട് മാക്‌സ്വെല്ലിന്റെ ബിസിനസ് ഇടപാടുകളിലൂടെയാണ് എപ്സ്റ്റീന്‍ ചാരലോകത്തേക്ക് എത്തിയതെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. മാക്‌സ്വെല്ലിന്റെ മരണം പോലെ തന്നെ എപ്സ്റ്റീന്റെ ജയിലിലെ 'ആത്മഹത്യ'യും ഇന്നും ദുരൂഹമായി തുടരുന്നു. ലോകത്തെ വമ്പന്‍ സ്രാവുകളെ വലയിലാക്കി റഷ്യക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ എപ്സ്റ്റീന്‍ തന്റെ പെണ്‍കുട്ടികളുടെ ശൃംഖലയെ ഉപയോഗിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുമെന്ന് ഉറപ്പായി.

ജെഫ്രി എപ്സ്റ്റീന്‍ എന്ന സെക്‌സ് റാക്കറ്റ് തലവന്‍ 2019-ല്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടപ്പോള്‍ തന്നെ ലോകം സംശയിച്ചിരുന്നു-അതൊരു ആത്മഹത്യയല്ല, മറിച്ച് ഉന്നതര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്ന്. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ആ സംശയങ്ങള്‍ക്ക് അടിവരയിടുന്നു. ലോകത്തിലെ വമ്പന്‍ സ്രാവുകളെ കുടുക്കിയ എപ്സ്റ്റീന്‍ ജീവിച്ചിരിക്കുന്നത് പലര്‍ക്കും ഭീഷണിയായിരുന്നു. എപ്സ്റ്റീന്റെ ഗുരുവും മാധ്യമ ഭീമനുമായിരുന്ന റോബര്‍ട്ട് മാക്‌സ്വെല്ലിന് 1970 മുതല്‍ തന്നെ റഷ്യന്‍ ഏജന്‍സിയായ കെജിബിയുമായി (KGB) ബന്ധമുണ്ടായിരുന്നു. റഷ്യന്‍ പണം പാശ്ചാത്യ രാജ്യങ്ങളിലേക്ക് വെളുപ്പിച്ചെടുക്കാന്‍ മാക്‌സ്വെല്ലിനെ സഹായിച്ചിരുന്നത് എപ്സ്റ്റീനായിരുന്നു എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇതിനായി ഇസ്രായേല്‍ ചാരസംഘടനയായ മോസാദിന്റെയും (Mossad) സഹായം ഇവര്‍ക്ക് ലഭിച്ചു. ബ്രിട്ടീഷ് ചാരസംഘടനയായ MI6 പോലും ഈ കളിയില്‍ പങ്കാളികളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ വമ്പന്‍ സ്രാവുകളെ വെറും പാവകളെപ്പോലെ എപ്സ്റ്റീന്‍ കളിപ്പിച്ചിരുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെറുമൊരു ലൈംഗിക കുറ്റവാളിയല്ല, മറിച്ച് റഷ്യന്‍-ഇസ്രായേല്‍ ചാരസംഘടനകളുടെ വിശ്വസ്തനായ 'ഡബിള്‍ ഏജന്റ്' ആയിരുന്നു ഇയാളെന്ന് വ്യക്തമാക്കുന്ന ഇമെയിലുകള്‍ പുറത്തുവന്നു. 2018-ല്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ഹെല്‍സിങ്കി ഉച്ചകോടി ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് മുന്‍പ്, ട്രംപിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പുടിന്റെ വിശ്വസ്തര്‍ക്ക് ക്ലാസ് എടുത്തത് എപ്സ്റ്റീനായിരുന്നു! ട്രംപിന് 'എന്തെങ്കിലും കിട്ടിയെന്ന് തോന്നിപ്പിക്കണം' എന്ന ഉപദേശം പോലും എപ്സ്റ്റീന്‍ റഷ്യന്‍ ചാരന്മാര്‍ക്ക് കൈമാറി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനെ നേരിട്ട് ബന്ധപ്പെടാന്‍ പോലും ഇയാള്‍ക്ക് വഴികളുണ്ടായിരുന്നു.

അമേരിക്കയുടെ അഭിമാനമായ സിലിക്കണ്‍ വാലിയിലെ സാങ്കേതിക വിദ്യകള്‍ മോഷ്ടിക്കാന്‍ എപ്സ്റ്റീന്‍ റഷ്യന്‍ സുന്ദരികളെ ഉപയോഗിച്ചു എന്ന വിവരവും എഫ്.ബി.ഐ (FBI) പുറത്തുവിട്ടു. പുടിനെ ചുംബിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ മാഷ ദ്രോക്കോവ എന്ന യുവതി എപ്സ്റ്റീന്റെ അടുത്ത സുഹൃത്തായിരുന്നു. ഇവരുടെ കമ്പനി വഴി അമേരിക്കന്‍ സാങ്കേതിക വിദ്യകള്‍ റഷ്യയിലേക്ക് കടത്താനായിരുന്നു നീക്കം. എപ്സ്റ്റീന്‍ അറസ്റ്റിലായപ്പോള്‍ അതൊരു 'വലിയ കഷ്ടമായിപ്പോയി' എന്ന് പറഞ്ഞാണ് മാഷ ദ്രോക്കോവ ഇതിനോട് പ്രതികരിച്ചത്.

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹുദ് ബരാക്കിന് കീഴില്‍ ചാരനായി എപ്സ്റ്റീന്‍ പരിശീലനം നേടിയിരുന്നു എന്ന വിവരവും പുറത്തുവന്നു. ഇസ്രായേലിനും റഷ്യക്കും വേണ്ടി ഒരേസമയം ചാരപ്പണി നടത്തിക്കൊണ്ടാണ് ഇയാള്‍ ശതകോടീശ്വരന്മാരെ ലൈംഗിക കെണിയില്‍ വീഴ്ത്തിയത്. 15 വര്‍ഷത്തോളം ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപ്സ്റ്റീന്‍, റഷ്യന്‍ പിമ്പുകളെ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.

ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ രാജകുമാരനും ഈ ചതിക്കുഴിയില്‍ വീണതായാണ് സൂചന. എപ്സ്റ്റീന്റെ റഷ്യന്‍ ബന്ധങ്ങള്‍ അമേരിക്കന്‍ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നെങ്കിലും, ആന്‍ഡ്രൂ രാജകുമാരന്‍ ഉള്‍പ്പെട്ടതുകൊണ്ട് ബ്രിട്ടീഷ് ഏജന്‍സികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 2010-ല്‍ ആന്‍ഡ്രൂ രാജകുമാരന് എപ്സ്റ്റീന്‍ അയച്ച ഒരു ഇമെയില്‍ ഇപ്പോള്‍ പുറത്തായിട്ടുണ്ട്. 'ബുദ്ധിമതിയും സുന്ദരിയുമായ ഒരു 26-കാരി റഷ്യന്‍ സുന്ദരിയുണ്ട്, നിങ്ങള്‍ക്ക് അവളെ ഇഷ്ടപ്പെടും' എന്നായിരുന്നു സന്ദേശം. ഈ പെണ്‍കുട്ടിയെ പിന്നീട് എപ്സ്റ്റീന്‍ വര്‍ഷങ്ങളോളം ചൂഷണം ചെയ്യുകയും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്തു. ലോകത്തെ അതിസമ്പന്നനായ ബില്‍ ഗേറ്റ്സ് റഷ്യന്‍ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും, അതിനെത്തുടര്‍ന്ന് പിടിപെട്ട ലൈംഗിക രോഗത്തിന് ചികിത്സ തേടി എപ്സ്റ്റീന്റെ ഉപദേശകന് ഇമെയില്‍ അയച്ചെന്നും ഈ രേഖകള്‍ വെളിപ്പെടുത്തുന്നു. ഗേറ്റ്സ് ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഇമെയില്‍ രേഖകള്‍ പുറത്തുവന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ്, ബില്‍ ഗേറ്റ്സ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ലോകത്തെ നിയന്ത്രിക്കുന്ന വ്യക്തികളെല്ലാം എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. അത് വെറുമൊരു വിനോദയാത്രയായിരുന്നില്ല. ആ ദ്വീപ് മുഴുവന്‍ അത്യാധുനിക ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ 'ഹണി ട്രാപ്പ്' ആയിരുന്നു അവിടെ നടന്നത്. പ്രമുഖരുടെ വഴിവിട്ട ജീവിതം ക്യാമറയില്‍ പകര്‍ത്തി അവരെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു എപ്സ്റ്റീന്റെയും പിന്നിലെ ഏജന്‍സികളുടെയും ലക്ഷ്യം.

2011-ലും 2014-ലും എപ്സ്റ്റീന്‍ വ്‌ലാഡിമിര്‍ പുടിനെ കാണാന്‍ ശ്രമിച്ചിരുന്നു. ലിങ്ക്ഡ്ഇന്‍ (LinkedIn) സ്ഥാപകന്‍ റീഡ് ഹോഫ്മാനെ ഈ കൂടിക്കാഴ്ചയിലേക്ക് എപ്സ്റ്റീന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറി. ഒടുവില്‍ 2014-ല്‍ റഷ്യന്‍ അനുകൂലികള്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതിനെത്തുടര്‍ന്നാണ് ആ കൂടിക്കാഴ്ച റദ്ദാക്കിയത്. റഷ്യന്‍ മാഫിയയുമായി എപ്സ്റ്റീനുള്ള ബന്ധം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. അമേരിക്കന്‍ ഏജന്‍സികള്‍ വര്‍ഷങ്ങളായി ഇത് നിരീക്ഷിച്ചിരുന്നെങ്കിലും, ബ്രിട്ടീഷ് രാജകുടുംബം ഉള്‍പ്പെട്ടതുകൊണ്ട് പലതും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ലോകം അമ്പരന്നു നില്‍ക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റുമാരെയും രാജകുമാരന്മാരെയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉപയോഗിച്ച ലൈംഗിക വീഡിയോകള്‍ (Kompromat) റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.എസ്.ബിയുടെ (FSB) കൈവശം ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. എപ്സ്റ്റീന്‍ മരിച്ചെങ്കിലും ആ വീഡിയോകള്‍ പലരുടെയും ഉറക്കം കെടുത്തുന്നു. ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിലെ നായകനായിരുന്നു ജെഫ്രി എപ്സ്റ്റീന്‍ എന്ന് ഈ രേഖകള്‍ ഓരോന്നായി തെളിയിക്കുന്നു.