- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജനത്തിന്റെ പോക്കറ്റടിച്ചിട്ട് ബില്ലില്‍ ഇടതുസര്‍ക്കാരിന്റെ പരസ്യം! കെഎസ്ഇബി വെറുമൊരു പിആര്‍ ഏജന്‍സിയോ? ഒന്നരക്കോടി വീടുകളില്‍ 'പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത 10 വര്‍ഷം' എന്ന പ്രചാരണ വാചകം എത്തും; കറന്റ് ബില്ലിനെ വരെ വോട്ട് പിടിക്കാനുള്ള ലഘുലേഖയാക്കി മാറ്റി സര്‍ക്കാര്‍; പ്രതിഷേധവുമായി ജീവനക്കാര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളെ കയ്യിലെടുക്കാന്‍ പുതിയ അഭ്യാസവുമായി പിണറായി സര്‍ക്കാര്‍. ഇനി വീട്ടിലെത്തുന്ന കറന്റ് ബില്ല് വെറുമൊരു ബില്ലല്ല, മറിച്ച് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പരസ്യമാണ്! 'പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത 10 വര്‍ഷങ്ങള്‍' എന്ന വാചകം ഇന്നു മുതല്‍ വിതരണം ചെയ്യുന്ന ഓരോ വൈദ്യുതി ബില്ലിലും ഉണ്ടാകും. കെഎസ്ഇബിയുടെ ഒന്നരക്കോടിയോളം വരുന്ന ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഈ പ്രചാരണ വാചകം എത്തിക്കാനാണ് നീക്കം.
ഏകദേശം 1.42 കോടി ഉപയോക്താക്കളാണു കെഎസ്ഇബിക്കുള്ളത്. ഇതില്‍ 1.07 കോടിയോളം ഗാര്‍ഹിക ഉപയോക്താക്കളാണ്. ഇത്രയും വീടുകളിലേക്കു സര്‍ക്കാരിന്റെ പരസ്യവാചകം വൈദ്യുതി ബില്ലിലൂടെ എത്തിക്കാനാണ് നീക്കം. കൂടാതെ ഈമാസം വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതും നേട്ടമാകും. പ്രതിമാസ ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാകില്ല. 2 മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 4 പൈസയാണു സര്‍ചാര്‍ജ്. 2025 ഡിസംബറില്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ തുക കുറഞ്ഞതിനാലാണു സര്‍ചാര്‍ജ് കുറഞ്ഞത്. ഇതും സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തി കാട്ടാനാണ് ശ്രമം.
കെഎസ്ഇബിയെ വെറുമൊരു പിആര്‍ ഏജന്‍സിയാക്കി മാറ്റുന്ന പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധം ഉയരുകയാണ്. കെഎസ്ഇബിയെയും അതിലെ ജീവനക്കാരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണെന്ന് ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ നേട്ടം പറയാന്‍ കറന്റ് ബില്ല് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമാണ് സംഘടനകളുടെ നിലപാട്.
തിരഞ്ഞെടുപ്പ് കാലമായ മാര്‍ച്ച്, ഏപ്രീല്‍, മെയ് മാസങ്ങളില്‍ എങ്ങനെയെങ്കിലും പവര്‍കട്ട് ഒഴിവാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കെഎസ്ഇബിയുടെ ശ്രമം. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ നേരത്തെ തന്നെ കരാറുകള്‍ ഉറപ്പിച്ചു കഴിഞ്ഞു. ഭാഗ്യത്തിന് കഴിഞ്ഞ മാസം ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. ഡിസംബറില്‍ വൈദ്യുതി വാങ്ങിയ തുക കുറഞ്ഞതിനാല്‍ ഇത്തവണത്തെ ബില്ലില്‍ സര്‍ചാര്‍ജ് ഭാരം കുറയും. എന്നാല്‍ ഈ കുറവിനെപ്പോലും സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
മഴക്കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ വൈദ്യുതിക്ക് പകരമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ വൈദ്യുതി സൗജന്യമായി ലഭിക്കും. ഈ 'ബാര്‍ട്ടര്‍' സമ്പ്രദായം വഴി വരും മാസങ്ങളിലും സര്‍ചാര്‍ജ് കുറച്ച് ജനങ്ങളെ സുഖിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കടുത്ത വേനലില്‍ ലോഡ് ഷെഡിങ് വന്നാല്‍ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഈ മുന്‍കരുതല്‍.
സര്‍ക്കാരിന്റെ പുകഴ്ത്തലുകള്‍ ബില്ലില്‍ അച്ചടിക്കാന്‍ കാണിക്കുന്ന ആവേശം കെഎസ്ഇബിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഉപഭോക്താക്കളുടെ പണം കൊണ്ട് നടത്തുന്ന ഈ ബില്ല് പ്രചാരണം ജനങ്ങളോടുള്ള വെല്ലുവിളിയാണോ എന്ന് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.


