ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ തുടക്കത്തില്‍ തന്നെ കേരളത്തിനായി പ്രഖ്യാപനം. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴിയാണ് ആദ്യം പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം - ചവറ റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി കഴിഞ്ഞ ദിവസം കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാല്‍പതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. കേരളത്തിന്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഗ്ലോബല്‍ ബയോ ഫാര്‍മ മാനുഫക്ചറിംഗ് ഹബ് ആക്കാന്‍ പതിനായിരം കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ നിര്‍മ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാര്‍ക്കും,കരകൗശല വിദഗ്ധര്‍ക്കുമായി നാഷണല്‍ ഹാന്‍ഡ്ലൂം ഹാന്‍ഡിക്രാഫ്റ്റ്‌സ് പദ്ധതിയും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണല്‍ ഫൈബര്‍ പ്രോജക്ട് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികള്‍ക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.

അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കര്‍ത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയാണ് ആദ്യ കര്‍ത്തവ്യം. ജനങ്ങളുടെ അഭിലാഷം യാഥാര്‍ഥ്യമാക്കല്‍ രണ്ടാമത്തെ കര്‍ത്തവ്യമെന്നും എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം മൂന്നാമത്തെ കര്‍ത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തെഴിലവസരവും വര്‍ധിച്ചു. ലേബര്‍ കോഡടക്കം മുന്നൂറിലധികം പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.

തമിഴ്‌നാട്ടിലെ പരമ്പരാഗത കാഞ്ചീപുരം സാരി ധരിച്ചാണ് നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിനെത്തിയത്. ഇതോടെ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ ബിഹാറിലെ പരമ്പരാഗത സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. ബിഹാറിന് ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായിരുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്.

കേരളത്തിന് അതിവേഗ റെയില്‍ പാതയില്ല

ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. മുംബൈ - പൂണെ, പൂണെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെംഗളൂരു, ഡല്‍ഹി - വാരാണസി, വാരാണസി - സിലിഗുരി എന്നിവയാണ് അതിവേഗ റെയില്‍ ഇടനാഴികള്‍. കേരളത്തിനായി അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയില്‍ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു.

മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സമ്പദ്വ്യവസ്ഥയെ പിടിച്ച് നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബജറ്റ് ആരംഭിച്ചത്. രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്നും കര്‍ത്തവ്യപഥില്‍ തയ്യാറാക്കിയ ആദ്യ ബജറ്റാണിതെന്നും ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കര്‍ത്തവ്യം എന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. തുടര്‍ച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുകയാണ്. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയില്‍ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ആദായനികുതിയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

പുതിയ നികുതി സ്‌കീമിലേക്ക് കൂടുതല്‍ പേരെ അകര്‍ഷിക്കാന്‍ ചെറിയ ഇളവുകള്‍ ഉണ്ടായേക്കും. ശമ്പളക്കാര്‍ക്കുള്ള സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 1 ലക്ഷം ആക്കാന്‍ ധനമന്ത്രി തയ്യാറായേക്കും. ഭവന വായ്പ പലിശ ഇളവ് പുതിയ സ്‌കീമിലും നല്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒന്‍പതാമത്തെ ബജറ്റ് അവതരണത്തിന് മുന്‍കാലങ്ങളേക്കാള്‍ ധനമന്ത്രി കൂടുതല്‍ സമയമെടുത്തേക്കാം. പുതിയ സാമ്പത്തിക കാഴ്ചപ്പാടിനും , അടിസ്ഥാന സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

തമിഴ്‌നാട്ടിലെ പരമ്പരാഗത കാഞ്ചീവരം സാരി ധരിച്ചാണ് നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിനെത്തിയത്. ഇതോടെ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ ബിഹാറിലെ പരമ്പരാഗത സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. ബിഹാറിന് ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായിരുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്.