തിരുവനന്തപുരം: കേരളത്തിന്റെ തീരക്കടലില്‍ ഒളിഞ്ഞിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ ധാതുസമ്പത്ത് ഇനി സ്വകാര്യ കമ്പനികള്‍ കൊണ്ടുപോകുമോ? അതീവ തന്ത്രപ്രധാനമായ തീരമണല്‍ ഖനന മേഖല സ്വകാര്യ പങ്കാളിത്തത്തിന് കേന്ദ്രസര്‍ക്കാര്‍ തുറന്നുകൊടുക്കുമ്പോള്‍ കേരളത്തിന് നെഞ്ചിടിപ്പേറുന്നു. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എല്ലും ഐ.ആര്‍.ഇ.എല്ലും മാത്രം കൈകാര്യം ചെയ്യുന്ന ഈ മേഖലയിലേക്ക് സ്വകാര്യ ലോബികള്‍ എത്തുന്നതോടെ വന്‍ മാറ്റങ്ങള്‍ക്കാകും രാജ്യം സാക്ഷ്യം വഹിക്കുക.

കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ധാതുനയത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെങ്കിലും, പ്രഖ്യാപിച്ച 'റെയര്‍ എര്‍ത്ത് ഇടനാഴി' സ്വകാര്യവല്‍ക്കരണത്തിനുള്ള തന്ത്രമാണോ എന്നാണ് കേരളത്തിന്റെ സംശയം. സംസ്ഥാനത്തെ തീരമേഖലയില്‍ 32.435 ദശലക്ഷം ടണ്‍ ധാതുക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹിരാകാശ ഗവേഷണത്തിനും പ്രതിരോധത്തിനും ഉപയോഗിക്കുന്ന തോറിയവും സ്‌കാന്‍ഡിയവും മുതല്‍ 1.9 മില്യണ്‍ ടണ്‍ മോണോസൈറ്റ് വരെ ഉള്‍പ്പെടുന്നു.

ചൈനീസ് കുത്തക തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കം സ്വാഗതാര്‍ഹമാണെങ്കിലും, കേരളത്തിന്റെ മണല്‍ ഖനനം ചെയ്ത് കൊണ്ടുപോകുന്നതിനപ്പുറം അനുബന്ധ വ്യവസായങ്ങള്‍ ഇവിടെ ഉണ്ടാകില്ലെന്ന ഭയമാണ് സംസ്ഥാനത്തിനുള്ളത്. വിഴിഞ്ഞം മുതല്‍ ചവറ വഴി കൊച്ചി വരെ സ്വന്തം നിലയില്‍ റെയര്‍ എര്‍ത്ത് കോറിഡോര്‍ വിഭാവനം ചെയ്ത കേരളത്തിന്, കേന്ദ്രത്തിന്റെ പുതിയ 'ഇടനാഴി' പദ്ധതി തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ-വ്യവസായ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലും ലക്ഷ്യമിടുന്ന സംസ്ഥാന പദ്ധതിക്ക് മേല്‍ കേന്ദ്രത്തിന്റെ കരിനിഴല്‍ വീഴുമോ എന്ന് കാത്തിരുന്നു കാണണം.

കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ധാതുനയത്തില്‍ ഇത് സംബന്ധിച്ച വ്യക്തത വരും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 'റെയര്‍ എര്‍ത്ത് ഇടനാഴി' പദ്ധതി സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കമാണോ എന്ന സംശയത്തിലാണ് കേരളം. ഒഡീഷ, ആന്ധ്ര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ ധാതുസമ്പത്ത് ഖനനം ചെയ്ത് കൊണ്ടുപോകുന്നതിനപ്പുറം, അനുബന്ധ വ്യവസായങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ പ്ലാന്റുകളും ഇവിടെത്തന്നെ സ്ഥാപിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ട്.

കേരളത്തിന്റെ തീരമേഖലയില്‍ ഏകദേശം 32.435 ദശലക്ഷം ടണ്‍ ധാതുക്കളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ മോണോസൈറ്റ് മാത്രം 1.9 മില്യണ്‍ ടണ്ണുണ്ട്. ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകള്‍ക്ക് ആവശ്യമായ തോറിയം, സ്‌കാന്‍ഡിയം തുടങ്ങിയ മൂലകങ്ങളും ഇവിടെ സുലഭമാണ്. നിലവില്‍ 4000 കോടി രൂപ മൂല്യം വരുന്ന ഒന്നേകാല്‍ ലക്ഷം ടണ്‍ മോണോസൈറ്റ് കെ.എം.എം.എല്‍ വേര്‍തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.

കേന്ദ്ര പദ്ധതിക്ക് മുന്‍പേ തന്നെ വിഴിഞ്ഞം-ചവറ-കൊച്ചി ബന്ധിപ്പിച്ച് സ്വന്തം നിലയില്‍ റെയര്‍ എര്‍ത്ത് കോറിഡോര്‍ കേരളം പ്രഖ്യാപിച്ചിരുന്നു. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളുമാണ് ഇതിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിനായി കെ.എം.എം.എല്‍, കെല്‍ട്രോണ്‍, എന്‍.എഫ്.ടി.ഡി.സി എന്നിവ ചേര്‍ന്ന് മിഷന്‍ രൂപീകരിക്കാന്‍ 100 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മോണോസൈറ്റ് 'ക്രാക്ക്' ചെയ്ത് മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയ്ക്കായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ചൈനീസ് കുത്തക തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കം കേരളത്തിന് ഗുണകരമാകുമെങ്കിലും, ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുനല്‍കുന്നത് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ-വ്യവസായ ലോകം ഉറ്റുനോക്കുന്നത്.