- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എപ്പോഴും കൂടെ കരുതാറുള്ള കറുത്ത ബ്രീഫ്കേസിനുള്ളിലെ പിസ്റ്റള്‍ ജീവനെടുത്തു; പിസ്റ്റളും രഹസ്യങ്ങള്‍ നിറഞ്ഞ ബ്രീഫ്കേസും; സി.ജെ. റോയിയുടെ അവസാന നിമിഷങ്ങളില്‍ ദുരൂഹത ഏറുന്നു; ആദായനികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നത് എന്ത്?

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എപ്പോഴും തന്റെ പക്കല്‍ കരുതാറുള്ള കറുത്ത ബ്രീഫ്കേസിനുള്ളിലെ പിസ്റ്റള്‍ തന്നെയാണോ അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. തന്റെ രേഖകളും പിസ്റ്റളും അടങ്ങിയ ബ്രീഫ്കേസ് റോയ് ഒരിക്കലും കൈവിടാറില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍ വെളിപ്പെടുത്തി.
എവിടെയെങ്കിലും അബദ്ധത്തില്‍ മറന്നുപോയാല്‍ ഉടന്‍ തന്നെ ബോഡിഗാര്‍ഡുകളെ അയച്ച് ഇത് വരുത്തിക്കുമായിരുന്നു. മരണദിവസം ലാംഫോര്‍ഡ് ടൗണിലെ ഓഫീസിലും ഈ ബ്രീഫ്കേസ് അദ്ദേഹത്തിന് അരികിലുണ്ടായിരുന്നു. സാധാരണ ബെംഗളൂരുവിലെത്തിയാല്‍ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാറുള്ള റോയ്, മരിക്കുന്നതിന് തൊട്ടുപിന്നാലെ നടന്ന ആദായനികുതി പരിശോധനകളില്‍ അസ്വസ്ഥനായിരുന്നോ എന്നും സംശയമുണ്ട്.
അന്ന് ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയത് റെയ്ഡിനായല്ല, മറിച്ച് പരിശോധനകള്‍ക്കായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റോയിയുടെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ തടസ്സമുണ്ടാക്കിയിരുന്നില്ലെന്നും അവര്‍ പറയുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു വെടിയുണ്ടയേറ്റ മുറിവാണ് കണ്ടെത്തിയത്. ഉപയോഗിച്ച ആയുധത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ബാലസ്റ്റിക് സംഘത്തിന്റെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പോലീസ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തൊട്ടടുത്തിരിക്കെ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത് എങ്ങനെയെന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
ജനുവരി 30-ന് ലാംഫോര്‍ഡ് ടൗണിലെ ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് റോയ് ജീവനൊടുക്കിയത്. ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് അദ്ദേഹം തന്റെ ചേംബറിലേക്ക് പ്രവേശിച്ചത്. ഈ സമയത്ത് ചില സുപ്രധാന രേഖകളില്‍ ഒപ്പിടാനായി ആദായനികുതി ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ അടുത്ത സഹായിയായ എം.ഡി. ജോസഫും അവിടെയുണ്ടായിരുന്നു.
അതീവ സുരക്ഷയുള്ള ചേംബറിനുള്ളില്‍ തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ചാണ് അദ്ദേഹം സ്വയം നിറയൊഴിച്ചത്. ശബ്ദം പുറത്തുകേള്‍ക്കാത്ത തരത്തിലുള്ള സംവിധാനങ്ങള്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നതിനാലാണ് വെടിയൊച്ച ആരും കേള്‍ക്കാതിരുന്നത്. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി പിന്‍ഗാമികള്‍ക്ക് കൈമാറിക്കൊണ്ടുള്ള ഒമ്പത് പേജുള്ള വിശദമായ ആത്മഹത്യാക്കുറിപ്പ് അദ്ദേഹം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നുവെന്നാണ് സൂചന. ആദായനികുതി ഉദ്യോഗസ്ഥര്‍ തന്റെ മുറിയിലുണ്ടായിരുന്ന സമയത്ത് തന്നെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം നീങ്ങിയത് എങ്ങനെയെന്നത് ദുരൂഹതയായി തുടരുകയാണ്.
തന്റെ വിശ്വസ്തരായ ജീവനക്കാരെ സംരക്ഷിക്കണമെന്നും സാമ്പത്തിക ഇടപാടുകളെല്ലാം ഭാര്യക്ക് അറിയാമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുന്‍പ് സഹോദരന്‍ ബാബുവിനെ റോയ് വിളിച്ചിരുന്നു. തനിക്ക് സംസാരിക്കാനുണ്ടെന്നും എപ്പോഴാണ് തിരികെ വരുന്നതെന്നും മാത്രമാണ് അദ്ദേഹം ചോദിച്ചത്. സാമ്പത്തിക സമ്മര്‍ദ്ദമാണോ അതോ ആദായനികുതി റെയ്ഡാണോ ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് എസ്ഐടി.


