തിരുവനന്തപുരം: ഇന്ത്യയെ നൂറ്റാണ്ടുകളോളം ഊര്‍ജ്ജസ്വലമാക്കാന്‍ ശേഷിയുള്ള 'തോറിയം' നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുന്നു. തോറിയം വെറുമൊരു ധാതുവല്ലെന്നും നൂതന ബ്രീഡര്‍ റിയാക്ടറുകള്‍ വഴി രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്ന ദീര്‍ഘകാല ആസ്തിയാണെന്നും ശശി തരൂര്‍ എംപി മുന്‍പ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ തോറിയം വിഭവങ്ങളുടെ നാലിലൊന്നും ഇന്ത്യയിലാണെന്നിരിക്കെ, അതിന്റെ സിംഹഭാഗവും കേരളത്തിന്റെ തീരമണ്ണിലാണെന്നത് സംസ്ഥാനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ചവറ, നീണ്ടകര, കായംകുളം തീരങ്ങളില്‍ കാണപ്പെടുന്ന മോണോസൈറ്റ്, ഇല്‍മനൈറ്റ് തുടങ്ങിയ അപൂര്‍വ്വ ധാതുക്കള്‍ പ്രതിരോധ നിര്‍മ്മാണത്തിനും ഇലക്ട്രോണിക്‌സിനും ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും ഇവ ഖനനം ചെയ്യുന്നതിന് കേരളത്തിലെ ജനസാന്ദ്രത വലിയ തടസ്സമായി നില്‍ക്കുകയാണ്.

തന്ത്രപരമായ ധാതു പര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ പൈലറ്റ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരമേഖലയില്‍ ഖനനം നടത്തുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. കരിമണല്‍ ഖനനത്തിലും കാഞ്ഞങ്ങാട്ടെ ബോക്‌സൈറ്റ് ഖനന നീക്കത്തിലും ഉയര്‍ന്ന വലിയ പ്രതിഷേധങ്ങള്‍ ഇതിന് തെളിവാണ്.

ഭൂഗര്‍ഭ ഖനനമോ പാറ പൊട്ടിക്കലോ ഇല്ലാതെ തന്നെ എളുപ്പത്തില്‍ ഖനനം ചെയ്യാവുന്നതാണെങ്കിലും, സുതാര്യമായ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ എന്നതാണ് കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ ചൈനാക്ലേ, സിലിക്ക മണല്‍, ഗ്രാഫൈറ്റ്, ബോക്‌സൈറ്റ്, ഇരുമ്പയിര്, സ്വര്‍ണ്ണം എന്നിവയുടെ വന്‍ ശേഖരം തന്നെയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ധാതുസമ്പത്ത് ശരിയായി വിനിയോഗിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മുഖച്ഛായ തന്നെ മാറും. എങ്കിലും, പരിസ്ഥിതി സൗഹൃദപരമായ ഖനന രീതികളും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ 'മരണമില്ലാത്ത ഊര്‍ജ്ജം' എന്ന് വിശേഷിപ്പിക്കാവുന്ന തോറിയം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ രാജ്യത്തിന് ഗുണകരമാകൂ.

തന്ത്രപരമായ ധാതു പര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ പൈലറ്റ് സംസ്ഥാനമായി കേരളത്തെ ഔദ്യോഗികമായിത്തന്നെ നിശ്ചയിക്കണമെന്ന് ശശി തരൂര്‍ എംപി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ലമെന്റില്‍ വിവാദമായ ശാന്തി ബില്ലിനെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലായിരുന്നു തരൂര്‍ ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ മോണസൈറ്റ് കരുതല്‍ ശേഖരമുള്ള ഇന്ത്യ, ആഗോള തോറിയം വിഭവങ്ങളുടെ ഏകദേശം നാലിലൊന്ന് കൈവശം വയ്ക്കുന്നു. അതില്‍ ഭൂരിഭാഗവും കേരളത്തിലാണ്.

തോറിയം വെറുമൊരു ധാതുവല്ല; നൂതന ബ്രീഡര്‍ റിയാക്ടറുകള്‍ വഴി നൂറ്റാണ്ടുകളോളം ഇന്ത്യയെ ഊര്‍ജസ്വലമാക്കാന്‍ കഴിവുള്ള ഒരു ദീര്‍ഘകാല ഊര്‍ജ ആസ്തിയാണിതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.