ഡല്‍ഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണ പരമ്പരകളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക്ക് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. പാക്കിസ്ഥാന്റേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണെന്നും, സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളില്‍ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആഭ്യന്തര പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള പതിവ് തന്ത്രങ്ങള്‍ മാത്രമാണിത്- എക്‌സ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാന്‍ അക്രമങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാക്കിസ്ഥാന്‍ സൈന്യവും ആഭ്യന്തര മന്ത്രി മോഹ്‌സിന്‍ നഖ്വിയും ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

ഓരോ തവണയും അക്രമ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം, സ്വന്തം ജനതയുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ പരിഹരിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതിലും പാക്കിസ്ഥാന്റെ ചരിത്രം ലോകപ്രസിദ്ധമാണെന്ന് ജയ്സ്വാള്‍ വ്യക്തമാക്കി. ബലൂചിസ്ഥാനില്‍ പാക് ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തല്‍, ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

പ്രവിശ്യയില്‍ ആക്രമണം നടത്തിയവരെ ഇന്ത്യ പിന്തുണച്ചുവെന്ന് ആരോപിച്ച പാക്കിസ്ഥാന്‍ സൈനിക, ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ 40 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണങ്ങളാണ് ബലൂചിസ്ഥാനിലെ ക്വറ്റ, ഗ്വാഡര്‍, മസ്തുങ് തുടങ്ങി ഡസനിലധികം കേന്ദ്രങ്ങളില്‍ നടന്നത്. ചാവേര്‍ ആക്രമണങ്ങളിലും വെടിവെയ്പ്പിലുമായി ഏതാണ്ട് ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ആക്രമണങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെന്നും സുരക്ഷാ സേന ഒരു ദിവസം മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി പറഞ്ഞു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 84 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായും 18 പേരെ പിടികൂടിയതായും സംഘടന അവകാശപ്പെട്ടു. കണക്കുകള്‍ പാക്കിസ്ഥാന്‍ അധികൃതര്‍ നിരസിച്ചിട്ടുണ്ട്. ഇരുന്നൂറോളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. പ്രവിശ്യയിലുടനീളമുള്ള സുരക്ഷാ സേനകളെ ലക്ഷ്യമിട്ട് 'ഹെറോഫ്' അഥവാ 'കറുത്ത കൊടുങ്കാറ്റ്' എന്നറിയപ്പെടുന്ന ഏകോപിത ഓപ്പറേഷന്‍ നടത്തിയതായി ഗ്രൂപ്പ് അവകാശപ്പെട്ടു.

ഇറാനും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രവിശ്യയിലെ വിമതര്‍ സുരക്ഷാസേനകളെയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുകയാണ്. സാധാരണക്കാരുടെ വേഷം ധരിച്ച ആക്രമണകാരികള്‍ ശനിയാഴ്ച ആശുപത്രികള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, വിപണികള്‍ എന്നിവിടങ്ങളില്‍ വെടിയുതിര്‍ത്തു എന്ന് പാക് ആഭ്യന്തര മന്ത്രി തലാല്‍ ചൗധരി പറഞ്ഞു. ആക്രമണകാരികള്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചതായും തലാല്‍ ചൗധരി പറഞ്ഞു.

ക്വെറ്റ, ഗ്വാഡര്‍, മാസ്ത്യംഗ്, നോഷ്‌കി ജില്ലകളില്‍ ഏതാണ്ട് ഒരേ സമയമായിരുന്നു ആക്രമണങ്ങള്‍. സായുധ സംഘങ്ങള്‍ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ആസ്ഥാനം ഉള്‍പ്പെടെയുള്ള സുരക്ഷാ സ്ഥാപനങ്ങളില്‍ വെടിയുതിര്‍ത്തു. ചാവേറാക്രമണങ്ങള്‍ക്ക് ശ്രമിക്കുകയും നഗരപ്രദേശങ്ങളില്‍ റോഡുകള്‍ തടയുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇത് സൈന്യത്തിന്റെയും പോലീസിന്റെയും ഭീകരവാദ വിരുദ്ധ യൂണിറ്റുകളുടെയും വലിയ തോതിലുള്ള തിരിച്ചാക്രമണങ്ങള്‍ക്ക് കാരണമായി.

രണ്ട് ആക്രമണങ്ങളില്‍ സ്ത്രീകളായിരുന്നു കുറ്റവാളികള്‍ എന്നും വിഘടനവാദികള്‍ സാധാരണക്കാരെയും തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരെയും ലക്ഷ്യമിടുന്നത് വര്‍ധിച്ചു വരികയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഏതെങ്കിലും നഗരമോ തന്ത്രപ്രധാനമായ സ്ഥാപനമോ പിടിച്ചെടുക്കാനുള്ള ആക്രമണകാരികളുടെ ശ്രമങ്ങളെ സുരക്ഷാ സേനകള്‍ ചെറുത്തുതോല്‍പ്പിച്ചതായി സൈന്യം അറിയിച്ചു.