- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അന്ന് കൊല്ലപ്പെട്ടേക്കുമെന്ന് കരുതി, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു! ലോകം തള്ളിപ്പറഞ്ഞപ്പോള്‍ കൈവിടാതെ ആ കുടുംബം; 'ദൈവം നേരിട്ട് വന്ന് പറഞ്ഞാലും ശ്രീശാന്ത് ഇത് ചെയ്യില്ല! തീഹാര്‍ ജയിലില്‍ ശ്രീശാന്ത് തറയില്‍ കിടന്നപ്പോള്‍ അവള്‍ ഉറങ്ങിയതും നിലത്ത്! ടി.വി.യിലെ വാര്‍ത്ത കണ്ട് വിവാഹം റദ്ദാക്കില്ലെന്ന് ഉറപ്പുതരണമെന്ന് അച്ഛനോട് പറഞ്ഞു; ഹര്‍ഭജന്റെ പോഡ്കാസ്റ്റില്‍ കണ്ണ് നനയിച്ച് ശ്രീശാന്തും ഭുവനേശ്വരിയും

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലെ 'ബാഡ് ബോയ്' ഇമേജില്‍ നിന്ന് ലോകമറിയുന്ന പേസ് ബൗളറായി വളര്‍ന്ന എസ്. ശ്രീശാന്തിന്റെ ജീവിതം ഒരു സിനിമയെക്കാള്‍ നാടകീയമാണ്. 2013-ലെ ആ ഐപിഎല്‍ വാതുവെപ്പ് കേസ് ശ്രീശാന്തിന്റെ കരിയര്‍ മാത്രമല്ല, ജീവിതം തന്നെ തകര്‍ത്തെറിയുമെന്ന ഘട്ടമെത്തിയപ്പോള്‍ താരം അനുഭവിച്ച നരകയാതനകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഹര്‍ഭജന്‍ സിംഗും ഭാര്യ ഗീതയും ചേര്‍ന്ന് നടത്തുന്ന യൂട്യൂബ് പോഡ്കാസ്റ്റിലൂടെ ശ്രീശാന്തും ഭാര്യ ഭുവനേശ്വരിയും നടത്തിയ വെളിപ്പെടുത്തലുകള്‍ ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.
'ഹൂസ് ദ ബോസ്' എന്ന യൂട്യൂബ് പോഡ്കാസ്റ്റിലൂടെയാണ് ശ്രീശാന്തും ഭാര്യയും ഇതേക്കുറിച്ച് പങ്കുവെച്ചത്. താനും ഭുവനേശ്വരിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ച സമയത്താണ് അറസ്റ്റ് നടക്കുന്നതെന്നും ഭുവനേശ്വരിയും കുടുംബവും തനിക്കൊപ്പം താങ്ങായിനിന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. സുഹൃത്തുക്കളാണ് ശ്രീശാന്ത് അറസ്റ്റിലായ വിവരം വിളിച്ചുപറഞ്ഞതെന്ന് ഭുവനേശ്വരി പറയുന്നു.
'ഭൂമി പിളര്‍ന്ന് താഴേക്ക് പോയിരുന്നെങ്കില്‍!'
ശ്രീശാന്ത് അറസ്റ്റിലാകുമ്പോള്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ച സമയമായിരുന്നു. ഹൈദരാബാദില്‍ വെച്ച് സുഹൃത്തുക്കള്‍ വിളിച്ച് ടിവി കാണാന്‍ പറഞ്ഞപ്പോഴാണ് താന്‍ സ്‌നേഹിച്ച ആള്‍ അഴികള്‍ക്കുള്ളിലായ വാര്‍ത്ത ഭുവനേശ്വരി അറിയുന്നത്. 'ഭൂമി രണ്ടായി പിളര്‍ന്നിരുന്നെങ്കില്‍ എന്ന് ആ നിമിഷം ആഗ്രഹിച്ചുപോയി' - ഭുവനേശ്വരി ഓര്‍ക്കുന്നു. എന്നാല്‍ ലോകം മുഴുവന്‍ ശ്രീശാന്തിനെതിരെ തിരിഞ്ഞപ്പോള്‍, സ്വന്തം അച്ഛനോട് ഭുവനേശ്വരി ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം: 'ദൈവം നേരിട്ട് വന്ന് പറഞ്ഞാലും ശ്രീശാന്ത് ഇത് ചെയ്തുവെന്ന് ഞാന്‍ വിശ്വസിക്കില്ല, വിവാഹത്തില്‍ നിന്ന് പിന്മാറില്ല.'
വാര്‍ത്ത കണ്ട് അസ്വസ്ഥതയോടെയാണ് അച്ഛന്‍ വിളിച്ചത്. ഹൈദരാബാദില്‍ നിന്ന് തിരിച്ചുവരാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുമെന്ന് വാക്കുനല്‍കണമെന്നും ടി.വി.യിലെ വാര്‍ത്ത കണ്ടതുവെച്ച് വിവാഹം റദ്ദാക്കില്ലെന്നും വാക്കുനല്‍കിയാല്‍ മാത്രമേ തിരിച്ചുവരൂ എന്നു പറഞ്ഞു. കാരണം ദൈവം വന്ന് ശ്രീശാന്ത് ഇത് ചെയ്തുവെന്നുപറഞ്ഞാലും ഞാനത് വിശ്വസിക്കില്ല- ഭുവനേശ്വരി പറഞ്ഞു.
അറസ്റ്റിനുശേഷം ഭുവനേശ്വരിയുടെ അച്ഛനെ കണ്ടപ്പോള്‍ ഇനി തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കുമോയെന്നത് സംശയമാണെന്ന് പറഞ്ഞിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു. ഇനി രാജ്യത്തിനുവേണ്ടി കളിക്കുമോയെന്നത് സംശയമാണ്. ആ സമയത്ത് ഒരു തീവ്രവാദിയായാണ് മുദ്രകുത്തപ്പെട്ടത്. പക്ഷേ എന്തൊക്കെ സംഭവിച്ചപ്പോഴും ഷെഖാവത് കുടുംബം തനിക്കൊപ്പം നിന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
തീഹാറിലെ 27 ദിവസങ്ങള്‍; രാജകുമാരിയുടെ വ്രതം
ഒരു തീവ്രവാദിയോടെന്ന പോലെയാണ് പോലീസ് തന്നോട് പെരുമാറിയതെന്ന് ശ്രീശാന്ത് പറയുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങള്‍. എന്നാല്‍ ശ്രീശാന്ത് തീഹാര്‍ ജയിലില്‍ കഴിഞ്ഞ 27 ദിവസവും രാജസ്ഥാനിലെ രാജകുടുംബാംഗമായ ഭുവനേശ്വരി സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ചു. തന്റെ പ്രിയപ്പെട്ടവന്‍ ജയിലിലെ തറയില്‍ കിടക്കുമ്പോള്‍ തനിക്ക് കട്ടിലില്‍ ഉറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഭുവനേശ്വരി ആ ദിവസങ്ങളത്രയും തറയിലാണ് കിടന്നുറങ്ങിയത്. ഒരുപക്ഷേ ആ കരുത്തായിരിക്കാം ശ്രീശാന്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
കോടതിയില്‍ വച്ച് ആദ്യമായി ഭുവനേശ്വരിയുടെ അച്ഛനെ കണ്ടതിനേക്കുറിച്ചും ശ്രീശാന്ത് പറയുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ കരച്ചില്‍ വന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്ക് ആത്മവിശ്വാസമേകി. ഈ പോരാട്ടത്തില്‍ നിന്ന് പുറത്തുവരാനുള്ള ആത്മവിശ്വാസം നല്‍കിയത് ഭുവനേശ്വരിയാണ്. തീഹാര്‍ ജയിലില്‍ ഞാന്‍ 27 ദിവസമുണ്ടായിരുന്നു, അത്രയും ദിവസം അവള്‍ നിലത്തുകിടന്നാണ് ഉറങ്ങിയത്- ശ്രീശാന്ത് പറഞ്ഞു.
'ഞാന്‍ കൊല്ലപ്പെട്ടേക്കാം...'
അറസ്റ്റ് കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളില്‍ താന്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയോ ചെയ്യുമെന്ന് സഹോദരനോട് ശ്രീശാന്ത് പറഞ്ഞിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോള്‍ ഭുവനേശ്വരിയുടെ അച്ഛന്‍ നല്‍കിയ ആത്മവിശ്വാസമാണ് തനിക്ക് തുണയായതെന്ന് ശ്രീശാന്ത് പറയുന്നു. ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും നിയമപോരാട്ടത്തിലൂടെ അത് 7 വര്‍ഷമായി കുറച്ച് തിരിച്ചുവരാന്‍ ശ്രീശാന്തിന് കഴിഞ്ഞത് ചരിത്രം. വാതുവെപ്പ് കേസില്‍ 2015-ല്‍ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2020-ല്‍ വിലക്ക് അവസാനിച്ചെങ്കിലും കരിയറിലെ സുവര്‍ണ്ണ കാലം അഴികള്‍ക്കുള്ളിലും കോടതി വരാന്തകളിലുമായി ശ്രീശാന്തിന് നഷ്ടമായി. എങ്കിലും തളരാതെ പോരാടിയ ശ്രീശാന്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'വിക്കറ്റ്' തന്റെ പ്രിയതമ ഭുവനേശ്വരി തന്നെയാണെന്ന് ഈ വെളിപ്പെടുത്തലുകള്‍ അടിവരയിടുന്നു.
ജയ്പൂരില്‍ ഒരു ക്രിക്കറ്റ് മാച്ചിനിടെയാണ് ശ്രീശാന്ത് ആദ്യമായി രാജസ്ഥാനിലെ രാജകുടുംബത്തില്‍ നിന്നുള്ള ഭുവനേശ്വരിയെ കണ്ടുമുട്ടുന്നത്. വാതുവെപ്പുകേസില്‍ ശ്രീശാന്ത് അറസ്റ്റിലായ അതേവര്‍ഷം തന്നെയാണ് ഇരുവരും വിവാഹിതരാകുന്നത്. 2013-ലെ ഐപിഎല്ലാണ് ശ്രീശാന്തിന്റെ ജീവിതം മാറ്റിമറിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്തിനെ വാതുവെയ്പ്പിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത വരുന്നത് 2013 മേയ് 16-നാണ്. ശ്രീശാന്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ അജിത്ത് ചന്ദിലയേയും അംഗീത് ചവാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാതുവെയ്പ്പ് നടത്താന്‍ ജിജു ജനാര്‍ദ്ദനന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപണം. മേയ് 17-ന് ശ്രീശാന്ത് കുറ്റം സമ്മതിച്ചുവെന്ന ഡല്‍ഹി പോലീസിന്റെ പ്രസ്താവന വന്നു. എന്നാല്‍ കുറ്റസമ്മതത്തില്‍ നിര്‍ബന്ധിച്ച് ഒപ്പുവെയ്പ്പിക്കുകയായിരുന്നുവെന്ന് ശ്രീശാന്ത് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ഈ താരങ്ങളുടെ കരാര്‍ റദ്ദാക്കി. 2013 സെപ്റ്റംബര്‍ 13-ന് ബിസിസിഐ വാതുവെയ്പ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
വാതുവെയ്പ്പ് കേസില്‍ 2015 ജൂലായില്‍ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് ആജീവനാന്ത വിലക്ക് റദ്ദാക്കാനുള്ള നിയമനടപടികളുമായി ശ്രീശാന്ത് മുന്നോട്ടുപോയി. ഇതിനിടെ 2017 ഒക്ടോബര്‍ 18-ന് കേരള ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേ താരം വീണ്ടും കോടതി നടപടികളുമായി മുന്നോട്ടുപോയി. ഒടുവില്‍ 2019 മാര്‍ച്ചില്‍ സുപ്രീം കോടതി ബിസിസിഐയോട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി പുനഃപരിശോധക്കണമെന്ന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വര്‍ഷമാക്കി കുറച്ചു. ഇതോടെ 2020 സെപ്റ്റംബര്‍ 13-ഓടെ താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചു.


