കോട്ടയം: ആ കാത്തിരിപ്പിന് വിരാമം! കേരളത്തിന്റെ സ്വന്തം ബ്രാണ്ടിക്ക് പേര് കണ്ടെത്തി ബിവറേജസ് കോര്‍പറേഷന്‍. ബവ്‌കോയുടെ പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രാന്‍ഡിക്കുള്ള പേര് തയാറായി കഴിഞ്ഞു. ജനകീയത 'നിറഞ്ഞു തുളുമ്പുന്ന' പേരാണ് തിരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പേര് പുറത്തുവിട്ടിട്ടില്ല. പേര് പുറത്തുവിടണമെങ്കില്‍ ഒരു കടമ്പ കൂടി ബവ്‌കോയ്ക്ക് ഇനിയും കടക്കണം. പേരിടീല്‍ ചടങ്ങിനു നാട്ടുകാരില്‍നിന്നും നിര്‍ദേശം സ്വീകരിച്ചതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ ബെവ്‌കോയ്ക്ക് പുതിയ പേര് പരസ്യപ്പെടുത്താന്‍ കഴിയുകയുള്ളു.

മികച്ച പേര് ബ്രാന്‍ഡിക്ക് നിര്‍ദേശിച്ചാല്‍ 10,000 രൂപയാണ് ബവ്‌റിജസ് കോര്‍പറേഷന്‍ സമ്മാനമായി ഓഫര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് 40,000ത്തോളം പേരുകളാണ് ലഭിച്ചത്. ഇതില്‍നിന്നും മികച്ച പേര് കണ്ടെത്തുകതന്നെ ബവ്‌കോയ്ക്ക് വലിയ ജോലിയായി മാറി. കേരളത്തിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന പേരാവണമെന്ന ഉദ്ദേശത്തോടെയാണ് ബവ്‌കോയുടെ പേരിടലിനു പൊതുജനങ്ങളുടെ സഹായം തേടിയത്. സമൂഹ മാധ്യമങ്ങളില്‍ ഇതു വലിയ ചര്‍ച്ചയായിരുന്നു. സമകാലിക രാഷ്ട്രീയവും, വിവാദങ്ങളും, സിനിമ ഡയലോഗുകളും കോര്‍ത്തിണക്കിയ പേരുകള്‍ നിര്‍ദേശിച്ചവരുമുണ്ട്.

ഇരട്ട ചങ്കന്‍, സഖാവ്, ക്യാപ്റ്റന്‍, പോറ്റിയേ കേറ്റിയേ, കപ്പിത്താന്‍ തുടങ്ങി പേര് നിര്‍ദേശം പെരുമഴ പോലെയായിരുന്നു. പുതിയ ബ്രാന്‍ഡിക്ക് പേരിട്ടാല്‍ പതിനായിരം രൂപ പാരിതോഷികമെന്ന ബവ്‌കോയുടെ പരസ്യം ജനങ്ങള്‍ ഒന്നാകെ ഏറ്റെടുത്തു. മദ്യപന്മാരും, മദ്യം ഇതുവരെ തുള്ളി തൊട്ട് നോക്കാത്തവരും പേരിട്ട് പേരെടുക്കാനെത്തി. ഏത് പേര് തെരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലായി ബവ്‌കോ. സര്‍ക്കാര്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നു, മദ്യനയത്തിന് വിരുദ്ധമെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും ബവ്‌കോ പിന്മാറിയില്ല. പിന്നാലെ മദ്യത്തിന് പേരിടാന്‍ പൊതുജനങ്ങളെ ക്ഷണിച്ചതിന്റെ സാങ്കേതികത്വം പറഞ്ഞ് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജിയെത്തി.

ഇതോടെ പേരിടല്‍ ചടങ്ങ് ബവ്‌കോ താല്‍ക്കാലികമായി മരവിപ്പിച്ചു. ബവ്‌കോ നല്‍കിയ വിശദീകരണം ഈയാഴ്ച ഹൈക്കോടതി പരിഗണിച്ച് പേരിടാന്‍ അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ ജവാനെന്ന ജനകീയ ബ്രാന്‍ഡിന് സമാനമായി മറ്റൊരു കലക്കന്‍ പേര് കൂടി മദ്യപന്‍മാരുടെ ഇഷ്ട ബ്രാന്‍ഡാവും. ഈമാസം ഇരുപത്തി ഒന്നിന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറ പ്ലാന്റില്‍ മദ്യനിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന് മുന്‍പ് പേര് വന്നേക്കും. അല്ലെങ്കില്‍ ചടങ്ങില്‍ വച്ച് പേര് പ്രഖ്യാപിക്കാനാണ് സാധ്യത.

തിരുവല്ലയിലെ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റം ആണു നിലവില്‍ ബവ്‌കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാന്‍ഡി നിര്‍മാണം ആദ്യമാണ്. കോടതി അനുവദിച്ചാല്‍ കേരളത്തിന്റെ സ്വന്തം ബ്രാണ്ടിയുടെ പേര് പരസ്യമാക്കുക ഫെബ്രുവരി 21ന് പാലക്കാട് സര്‍ക്കാരിന്റെ പുതിയ പ്ലാന്റ് നിര്‍മാണ ഉദ്ഘാടനത്തിലായിരിക്കും.