- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അന്ന് കരുണാകരനെ കല്ലെറിഞ്ഞവര്‍ ഇന്ന് പൂച്ചെണ്ടുമായി വരുന്നു; വികസനക്കുതിപ്പില്‍ 'സിയാല്‍' മോഡല്‍; ഇനി ലോകത്തിന്റെ ഏവിയേഷന്‍ ഹബ്ബ്; നെടുമ്പാശ്ശേരിയില്‍ പിണറായി ഉയര്‍ത്തികാട്ടുന്നത് കരുണാകരന്റെ സ്വപ്നം

നെടുമ്പാശ്ശേരി: കാലം കാത്തുവെച്ച കാവ്യനീതിക്ക് നെടുമ്പാശ്ശേരിയുടെ മണ്ണ് സാക്ഷിയാകുന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പ് കെ. കരുണാകരന്‍ എന്ന ക്രാന്തദര്‍ശിയായ ഭരണാധികാരി നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം പണിയാന്‍ കല്ലിട്ടപ്പോള്‍ കരിങ്കൊടിയുമായി വന്നവര്‍, ഇന്ന് ആ വികസന വിസ്മയത്തെ നെഞ്ചിലേറ്റുന്നു.
2026-ലെ തിരഞ്ഞെടുപ്പ് ഗോദയില്‍ മുന്നണികള്‍ കൊട്ടിഘോഷിക്കുന്ന വികസന നേട്ടങ്ങളില്‍ ഒന്നാമതായി സിയാല്‍ മാറിക്കഴിഞ്ഞു. അഴിമതിയുടെ കറപുരളാത്ത, പൊതുമേഖലയുടെ കരുത്തായി മാറിയ സിയാല്‍, ഇനി ആഗോള ഏവിയേഷന്‍ ഹബ്ബായി മാറുകയാണ്. നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുന്ന 'എയ്‌റോ പാര്‍ക്ക്' കേരള വികസന ചരിത്രത്തിലെ പുതിയ സുവര്‍ണ്ണ അധ്യായമാകും. ഇടതുപക്ഷം ഇതിനെ പ്രചരണായുധമാക്കും. നിയമസഭയിലെ പ്രചരണായുധം.
നെടുമ്പാശ്ശേരിയിലെ വികസന വിരോധത്തിന്റെ കല്ലേറുകള്‍ ഏറ്റുവാങ്ങിയാണ് കരുണാകരന്‍ സിയാല്‍ പടുത്തുയര്‍ത്തിയത്. അന്ന് എതിര്‍ത്തവര്‍ തന്നെ ഇന്ന് സിയാലിനെ കേരളത്തിന്റെ വികസന മാതൃകയായി അവതരിപ്പിക്കുന്നത് ചരിത്രത്തിന്റെ മധുരപ്രതികാരമാണ്. സിയാല്‍ എയ്‌റോ പാര്‍ക്കിനൊപ്പം 101 കോടി രൂപയുടെ ആറ് വന്‍കിട പദ്ധതികളാണ് നാളെ നാടിന് സമര്‍പ്പിക്കുന്നത്. വിമാനങ്ങളുടെ അറ്റകുറ്റപ്പണി മുതല്‍ സാങ്കേതിക പരിശീലനം വരെ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന സിയാല്‍ എയ്‌റോ പാര്‍ക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ്.
പൂര്‍ത്തിയായ ഒന്നാം ഘട്ടത്തില്‍ 30 കോടി ചെലവില്‍ നിര്‍മ്മിച്ച അത്യാധുനിക ബിസിനസ് സെന്റര്‍ ശ്രദ്ധേയമാണ്. 40,000 ചതുരശ്രയടിയില്‍ നാനൂറോളം പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാവുന്ന ഈ കേന്ദ്രം ലോകനിലവാരത്തിലുള്ളതാണ്. ഇതിനുപുറമെ രാജ്യത്തെ ഏറ്റവും വലിയ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി, ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റി എന്നിവയും സജ്ജമായിക്കഴിഞ്ഞു. ഇതിനെല്ലാം അടിത്തറയൊരുക്കിയത് കെ കരുണാകരനാണ്.
രണ്ടാം ഘട്ടത്തില്‍ ഐടി പാര്‍ക്കും മൂന്നാം ഘട്ടത്തില്‍ 'എയ്‌റോ സിറ്റിയും' യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി ലോകത്തെ പ്രധാന ഏവിയേഷന്‍ കേന്ദ്രങ്ങളിലൊന്നായി മാറും. രാജ്യത്താദ്യമായി നടപ്പാക്കുന്ന ലൈവ് ഫയര്‍ ഫൈറ്റിങ് സംവിധാനവും അണ്ടര്‍വാട്ടര്‍ റെസ്‌ക്യു ട്രെയിനിങ് സെന്ററും സിയാലിനെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
രാഷ്ട്രീയ വിവാദങ്ങളെ വികസനം കൊണ്ട് തോല്‍പ്പിച്ച സിയാല്‍, വരുംതലമുറയ്ക്കുള്ള കേരളത്തിന്റെ ഏറ്റവും വലിയ കരുതല്‍ നിക്ഷേപമായി മാറിക്കഴിഞ്ഞു.


