- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; എസ്ഐടിക്ക് പ്രശംസ; സിബിഐ അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് ദേവസ്വം ബെഞ്ച്

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പ്രശംസിച്ച് ഹൈക്കോടതി. കേസിലെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതിസങ്കീര്‍ണ്ണമായ കേസായതിനാല്‍ ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമാണെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ്, അന്വേഷണം ശരിയായ ദിശയിലാണെന്ന കോടതിയുടെ നിരീക്ഷണം പുറത്തുവരുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സാധാരണ കൊലപാതക കേസുകള്‍ പോലെയല്ല ഇതെന്നും കവര്‍ച്ചയുടെ ഓരോ കണ്ണികളും കൃത്യമായി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കുറ്റപത്രം നല്‍കാന്‍ വൈകുന്നത് ആശങ്കപ്പെടുത്തുന്നില്ല. എസ്ഐടിയില്‍ ഉള്ളത് ഏറ്റവും വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനാല്‍ നിസ്സാര കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്നും ഹര്‍ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് പോലും ലഭ്യമാകുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിനാല്‍ എസ്ഐടി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. സിബിഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ട് അല്പം കൂടി കാത്തിരിക്കാനാണ് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടത്. വിചാരണ ഘട്ടത്തില്‍ അതീവ സൂക്ഷ്മത വേണ്ട കേസാണിതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.


